മുന്‍ നഗരസഭാ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം തേടിയ മുന്‍ നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന ഹരജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാനും നിര്‍ദേശിച്ചു. സാജന്റെ ഭാര്യയടക്കമുള്ളവരെ ഹരജിയില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊലിസ് അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം വേണമെന്നും അടിയന്തരമായി അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി വ്യാഴാഴ്ചയാണ് പരിഗണിക്കേണ്ടിയിരുന്നതെങ്കിലും അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയുടെ പരിഗണനയ്ക്ക് ഇന്നലെ തന്നെ കൊണ്ടുവരികയായിരുന്നു. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ നഗരസഭയില്‍ യാതൊരു അപേക്ഷയും നല്‍കിയിരുന്നില്ലെന്നും ഭാര്യാ പിതാവ് പുരുഷോത്തമന്റെ പേരിലാണ് കണ്‍വന്‍ഷന്‍ സെന്ററിനായി പെര്‍മിറ്റിന് അപേക്ഷ നല്‍കിയിരുന്നതെന്നും ഗിരീഷ് നല്‍കിയ ഹരജിയില്‍ പറയുന്നു. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."