സിദ്ദീഖ് കാപ്പന്‍ കേസ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ജയിലില്‍ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടിസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാംസുബ്രഹ്്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരമുള്ള ഹരജികള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു കൂടായെന്നും ബെഞ്ച് ഹരജിക്കാരുടെ അഭിഭാഷകനായ കപില്‍ സിബലിനോട് ചോദിച്ചു.
കേസിന്റെ മെറിറ്റല്ല ഹരജിയെന്നും സിദ്ദീഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെയോ ബന്ധുക്കളെയോ അനുവദിക്കുന്നില്ലെന്നതാണ് പ്രശ്‌നമെന്നും കപില്‍ സിബല്‍ ബോധിപ്പിച്ചു. ജയില്‍ അധികൃതര്‍ കാണാന്‍ അനുവദിക്കുന്നില്ല. കോടതിയും അതിന് അനുമതി നല്‍കിയില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കിലും ഹൈക്കോടതിയെ സമീപിച്ചു കൂടേയെന്ന് കോടതി ചോദിച്ചു. മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ കാര്യത്തില്‍ 32ാം വകുപ്പ് പ്രകാരം ഇതേ കോടതി ഇടപെട്ടിട്ടുണ്ടെന്ന് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ കാര്യം ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ വാദിച്ചു. അസാധാരണ സാഹചര്യമായതിനാലാണ് സുപ്രിംകോടതിയെ നേരിട്ട് സമീപിക്കുന്നതെന്നും കപില്‍ സിബല്‍ ബോധിപ്പിച്ചു.
എങ്കില്‍ നോട്ടിസ് അയക്കാമെന്ന് പറഞ്ഞ കോടതി പക്ഷേ, കേസ് ഹൈക്കോടതിയിലേക്ക് മാറ്റുകയാണ് നല്ലതെന്ന് വീണ്ടും അഭിപ്രായപ്പെട്ടു. നേരത്തെ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി തിരുത്തി നല്‍കാനാവശ്യപ്പെട്ടിട്ട് അക്കാര്യം ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജയിലില്‍ക്കിടക്കുന്നയാളെ അഭിഭാഷകന് കാണാന്‍ കഴിയാതെ എങ്ങനെ ഹരജി തിരുത്തി നല്‍കുമെന്ന് കപില്‍ സിബല്‍ ചോദിച്ചു. തുടര്‍ന്ന് കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസില്‍ സിദ്ദീഖ് കാപ്പന് വേണ്ടി കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."