ചക്കയും മാങ്ങയും തേടി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളിലേക്ക്
നടവയല്‍: ചക്ക, മാങ്ങ സീസണ്‍ ആരംഭിച്ചതോടെ പനമരം,പൂതാടി,പുല്‍പ്പള്ളി പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം വര്‍ധിച്ചു.
പകല്‍പോലും ആനകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ ഇറങ്ങുകയാണ്. പാട്ട കൊട്ടിയാലും പടക്കം പൊട്ടിച്ചാലും ഇവയ്ക്ക് കൂസലുമില്ല.
തോട്ടങ്ങളില്‍ വന്‍ നാശം വരുത്തുന്ന ആനകള്‍ ആളുടെ ജീവനും ഭീഷണിയാണ്. എന്നിട്ടും ആനശല്യത്തിനു പരിഹാരം കാണാന്‍ വനം വകുപ്പ് മതിയായ നടപടി സ്വീകരിക്കാത്തത് കര്‍ഷകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി.
കഴിഞ്ഞയാഴ്ച ആനക്കൂട്ടം കൃഷി പാടെ നശിപ്പിച്ചതിനെത്തുടര്‍ന്ന് നെയ്ക്കുപ്പയിലെ ഒരു കര്‍ഷകന്‍ വനം ഓഫിസിന് മുന്‍പില്‍ വായ് മൂടിക്കെട്ടി കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.
നെയ്ക്കുപ്പ ഫോറസ്റ്റ് സെക്ഷന് കീഴില്‍ ദാസനക്കര, നീര്‍വാരം, അമ്മാനി, പുഞ്ചവയല്‍, നെല്ലിയമ്പം, കായക്കുന്ന്, ചെക്കിട്ട, ആലുങ്കല്‍താഴെ, നടവയല്‍, നെയ്ക്കുപ്പ, ചെഞ്ചടി, വണ്ടിക്കടവ്, പേരൂര്‍, അയനിമല, എടക്കാട്, കേളമംഗലം എന്നിവിടങ്ങളില്‍ ആനശല്യം മൂലം ജനങ്ങള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."