സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി; മന്ത്രി ഐസക്കിനെതിരേ അവകാശ ലംഘന നോട്ടിസ്
തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിനെ വിവാദത്തില്‍പ്പെടുത്തിയ ധനമന്ത്രി ടി.എം തോമസ് ഐസക്കിനെതിരേ പ്രത്യക്ഷ ആക്രമണവുമായി പ്രതിപക്ഷം. അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി. നിയമസഭാ സ്പീക്കര്‍ക്ക് വി.ഡി സതീശന്‍ എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് അതു പരസ്യപ്പെടുത്തുന്നത് നിയമസഭയുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് നോട്ടിസില്‍ പറയുന്നു. ഇതു സംബന്ധിച്ച് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് നോട്ടിസ് നല്‍കിയത്. സി.എ.ജി തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ അതീവ രഹസ്യസ്വഭാവത്തില്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയും പിന്നീട് അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ അംഗീകാരത്തോടെ ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് നിലവിലുളള നടപടിക്രമം. എന്നാല്‍ കഴിഞ്ഞ 14ന് പത്രസമ്മേളനം വിളിച്ച ധനമന്ത്രി സി.എ.ജി റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും സി.എ.ജിയില്‍ നിക്ഷിപ്തമായുള്ള അധികാര പ്രകാരം നടത്തിയ ഓഡിറ്റിനെ വിമര്‍ശിക്കുകയും രാഷ്ട്രീയ യജമാനന്‍മാര്‍ക്കു വേണ്ടി വേട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാണെന്ന പരാമര്‍ശം നടത്തുകയും ചെയ്തു. ധനകാര്യ സെക്രട്ടറിക്ക് അതീവരഹസ്യമായി സി.എ.ജി കൈമാറിയ റിപ്പോര്‍ട്ട് മന്ത്രി ചോര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ക്കു നല്‍കുകയെന്നത് അതീവ ഗുരുതരവും സംസ്ഥാനത്ത് ഇതുവരെയുണ്ടാകാത്ത പ്രവൃത്തിയുമാണെന്ന് നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. സഭ അംഗീകരിച്ചിട്ടില്ലാത്ത ഒരു റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന തരത്തില്‍ മാറിയത് നിര്‍ഭാഗ്യകരവും സഭയുടെ അവകാശ ലംഘന പരിധിയില്‍ വരുന്നതുമാണെന്ന് കഴിഞ്ഞ ഫെബ്രുവരി നാലിന് എം.ഉമ്മര്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിന് നിയമസഭാ സ്പീക്കര്‍ തന്നെ റൂളിങ് നല്‍കിയിട്ടുണ്ടെന്നത് നോട്ടിസില്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിഷയം അതിന്റെ എല്ലാ ഗൗരവും ഉള്‍ക്കൊണ്ട് പരിശോധിക്കണമെന്നും നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച 159 -ാം ചട്ടപ്രകാരം നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് അയക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനമന്ത്രിയുടെ നടപടിക്കെതിരേ രാഷ്ട്രപതിക്കുള്‍പ്പെടെ പരാതി നല്‍കുന്നതിന്റെ സാധ്യതകളും പ്രതിപക്ഷം ചര്‍ച്ച പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."