കൈപ്പത്തി ചിഹ്നത്തിന്റെ നാട് തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്
പാലക്കാട്: തെരഞ്ഞെടുപ്പിനോളം തന്നെ പ്രാധാന്യമുണ്ട് തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും. പാര്‍ട്ടികളുടെ മുഖമുദ്ര കൂടിയായ ചിഹ്നങ്ങള്‍ക്കു പിന്നില്‍ ചില കൗതുകകരമായ കഥകള്‍ കൂടി ഉണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 'കൈപ്പത്തി' ചിഹ്നത്തിനും അത്തരത്തിലൊരു കഥയുണ്ട്. പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ഏമൂര്‍ ഭഗവതിക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 'കൈപ്പത്തി' ചിഹ്നം ലഭിക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചതെന്നാണ് പല മലയാളികളും വിശ്വസിക്കുന്നത്. ഒന്നു മുതല്‍ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ 'പൂട്ടിയ രണ്ടു കാളകള്‍' ആയിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. കാര്‍ഷിക പുരോഗതിയുടെ പ്രതീകമായി വിലയിരുത്തിയ ആ ചിഹ്നം കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വിജയരഥത്തിലേറ്റി.
1969ല്‍ പാര്‍ട്ടി പിളര്‍ന്നു. ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കുന്ന വിഭാഗം കോണ്‍ഗ്രസ് (ആര്‍) എന്നും മറു വിഭാഗം സംഘടനാ കോണ്‍ഗ്രസെന്നും അറിയപ്പെട്ടു. ഇരുവിഭാഗവും പൂട്ടിയ കാളകള്‍ക്കായി വാദിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചു. പകരം ഇന്ദിരാ വിഭാഗത്തിന് 'പശുവും കിടാവും' ചിഹനവും സംഘടനാ കോണ്‍ഗ്രസിന് 'ചര്‍ക്ക തിരിക്കുന്ന സ്ത്രീ' ചിഹ്നവും നല്‍കി. അടിയന്തരാവസ്ഥക്കാലത്ത് സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചതോടെ 'ചര്‍ക്ക തിരിക്കുന്ന സ്ത്രീ' അവര്‍ക്കു നഷ്ടമായി. 1977ല്‍ 'പശുവും കിടാവും' ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് (ആര്‍) ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇരുവിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി വീണ്ടും വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതും മരവിപ്പിച്ചു.
ഈ പിളര്‍പ്പിനു ശേഷം ഇന്ദിരാഗാന്ധി ഏമൂര്‍ ഭഗവതിക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെ ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം സ്വീകരിക്കുകയായിരുന്നെന്നും കെ. കരുണാകരനാണ് കൈപ്പത്തി ചൂണ്ടിക്കാണിച്ചതെന്നും പറയപ്പെടുന്നു. എതിര്‍പക്ഷമായ ദേവരാജ് അറസിന്റെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി(യു)ന് ചര്‍ക്ക ചിഹ്നവും നല്‍കി. അന്നു കിട്ടിയ കൈപ്പത്തിയാണ് കോണ്‍ഗ്രസിനൊപ്പം ഇപ്പോഴുമുള്ളത്. കൈപ്പത്തി ചിഹ്നത്തിന്റെ നാട് എന്നറിയപ്പെടുന്ന അകത്തേത്തറ പഞ്ചായത്ത് കഴിഞ്ഞ 25 വര്‍ഷമായി ഇടതു കോട്ടയാണ് എന്നതാണ് മറ്റൊരു കൗതുകം. 2015ലെ തെരഞ്ഞെടുപ്പിലെ ഇടതിന്റെ തളര്‍ച്ച മുതലെടുത്ത് ഈ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 2015ല്‍ 17 സീറ്റുള്ള പഞ്ചായത്തില്‍ ഏഴു സീറ്റുകള്‍ നേടി ഭൂരിപക്ഷമില്ലാതെയാണ് ഇടതുമുന്നണി ഭരണം നടത്തിയത്. കോണ്‍ഗ്രസിന് അഞ്ചും ബി.ജെ.പിക്ക് അഞ്ചുമാണ് സീറ്റ് നില. മുന്‍കാലങ്ങളിലെ ഉന്നതവിജയം തിരിച്ചുകൊണ്ടുവന്ന് കൈപ്പത്തിയുടെ നാടിനെ വീണ്ടും ചുവപ്പിക്കാനാണ് ഇടതുകക്ഷികള്‍ ശ്രമിക്കുന്നത്. ബി.ജെ.പിക്കുള്ളിലെ തര്‍ക്കങ്ങളും ഇടതുപക്ഷത്തിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധവും മുതലെടുത്ത് നീണ്ടകാലത്തെ ഇടതുഭരണം അവസാനിപ്പിച്ച് ഇവിടെ വിജയം നേടാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."