വിജയേട്ടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കല്‍പ്പറ്റ: കാല്‍ നൂറ്റാണ്ട് ദൈര്‍ഘ്യമുള്ള തന്റെ പത്ര പ്രവര്‍ത്തന ജീവിതം കൊണ്ട് സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ക്ക് 'വിജയേട്ട'നായി മാറിയ വി.ജി വിജയന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാധ്യമ-രാഷ്ട്രീയ-സാമൂഹിക-സംസ്‌കാരിക, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ ഒരേ സമയം സജീവമായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണ് ആളുകളെത്തിയത്.
കൗമാരം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നടന്ന വിജയന്‍ വയനാട്ടില്‍ കാല്‍ നൂറ്റാണ്ടോളമാണ് പത്രപ്രവര്‍ത്തനം നടത്തിയത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ അദ്ദേഹം ആകര്‍ഷകമായ അവസരങ്ങള്‍ വേറെ ഉണ്ടായിട്ടും പത്രപ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഒരുമാസം മുന്‍പ് കഴുത്തുവേദനയുടെ രൂപത്തില്‍ രോഗമെത്തുന്നതുവരെ കര്‍മനിരതനായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനയുഗം, കേരള കൗമുദി, മലയാള മനോരമ എന്നീ ദിനപ്പത്രങ്ങളിലും ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയിലുമാണ് ജോലി ചെയ്തത്. മാധ്യമ ജീവിതത്തില്‍ എന്നും പാവങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിലകൊണ്ടാണ് വി.ജി വിജയന്‍ വയനാട്ടുകാരുടെ പ്രിയപ്പെട്ട വിജയേട്ടനായത്.
വയനാടിന്റെ ഇല്ലായ്മകളും ആദിവാസികളും തോട്ടം തൊഴിലാളികളും ഉള്‍പ്പടെ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ദൈന്യവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും പരിഹാരം കാണുന്നതിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹം. വടക്കേ വയനാട്ടിലെ തിരുനെല്ലിയിലടക്കമുള്ള അവിവാഹിത ആദിവാസി അമ്മമാരിലേക്കും അവരുടെ യാതന നിറഞ്ഞ ജീവിതാവസ്ഥകളിലേക്കും ഭരണകൂടങ്ങളുടെ കണ്ണെത്തിച്ചതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനത്തില്‍ സത്യത്തിന്റെയും നീതിയുടെയും പക്ഷംചേര്‍ന്നു നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. പൊതുജീവിതത്തിലും കുടുംബജീവിതത്തിലും നര്‍മബോധവും എണ്ണവറ്റാത്ത വിളക്കുപോലെ വിജയന്‍ കൊണ്ടുനടന്നു.
രോഗാവസ്ഥയറിഞ്ഞ് വീട്ടിലും ആശുപത്രിയിലുമെത്തവരോട് സംസാരിക്കാനുള്ള പ്രയാസത്തിനിടയിലും തമാശകളാണ് വിജയന്‍ പറഞ്ഞത്. മൃതദേഹം പൊതുദര്‍ശനത്തിനുവച്ച വയനാട് പ്രസ്‌ക്ലബിലും കല്‍പ്പറ്റ എമിലിയിലെ വസതിയിലുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് വിജയന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.
അദ്ദേഹത്തിന്റെ ബന്ധങ്ങളുടെ ആഴവും വൈവിധ്യവും വ്യക്തമാക്കുതായിരുന്നു മരണവിവരം അറിഞ്ഞതു മുതല്‍ എമിലിയിലേക്കൊഴുകിയ ആള്‍ക്കൂട്ടങ്ങള്‍.
അനുശോചനപ്രവാഹം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്റെ നിര്യാണത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അനുശോചിച്ചു. കോളജ് വിദ്യാഭ്യാസകാലം മുതല്‍ വിജയനുമായി അടുത്ത ബന്ധമായിരുന്നു.വയനാട്ടിലെ കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി തന്റെ ജോലിയില്‍ രാഷ്ട്രീയ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു.തന്റെ ആത്മസുഹൃത്തിനെ കൂടിയാണെന്നും സി കെ ശശീന്ദ്രന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
മന്ത്രി കടനപ്പള്ളി രാമചന്ദ്രന്‍
തുറമുഖ പുരാവസ്തു വകുപ്പു മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ വിജയന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.വി ബാലചന്ദ്രന്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
മുഖ്യമന്ത്രി
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം വയനാട് ബ്യൂറോ ചീഫും കണ്ണൂര്‍ റസിഡന്റ് എഡിറ്ററുമായിരുന്ന വി.ജി വിജയന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ കഷ്ടതകള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം മികച്ച പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എം.ഐ ഷാനവാസ് എം.പി
കല്‍പ്പറ്റ: മാധ്യമരംഗത്തെ കുലപതിയായിരിന്നു വി.ജി വിജയനെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തെ എങ്ങനെ സാമൂഹ്യ പ്രവര്‍ത്തനം ആക്കാമെന്നതിനു ഉത്തമ ഉദാഹരണമായിരുന്നു വിജയന്റെ ജീവിതം. ഞങ്ങളെ പോലെ ഉള്ള ജനപ്രതിനിധികള്‍ക്ക് വയനാടിന്റെ ഏത് വിഷയത്തെകുറിച്ചും വിവരം തേടുവാനും അറിവ് ശേഖരിക്കുവാനും എപ്പോഴും അദ്ദേഹം സമീപസ്ഥനായിരുന്നു. വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഇതൊന്നും പ്രതിഫലിച്ചിരിന്നില്ല. അദ്ദേഹത്തിന്റെ വിയോഗം വയനാടന്‍ മാധ്യമ രംഗത്തിനും വയനാടന്‍ ജനതക്കും തീരാനഷ്ട്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രസ്സ് ക്ലബ്ബ്
മാനന്തവാടി: ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററുമായിരുന്ന വി.ജി വിജയന്റെ നിര്യാണത്തില്‍ മാനന്തവാടി പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ജില്ലയിലെ മാധ്യമ ലോകത്തിന് വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് അശോകന്‍ ഒഴക്കോടി അധ്യക്ഷനായി. ലത്തീഫ് പടയന്‍, എ ഷമീര്‍, കെ.എം ഷിനോജ്, ബിജു കിഴക്കേടം, അബ്ദുല്ല പള്ളിയാല്‍, സുരേഷ് തലപ്പുഴ, കെ.എസ് സജയന്‍, അരുണ്‍ വിന്‍സന്റ്, റിനീഷ് ആര്യപ്പള്ളി, സത്താര്‍ ആലാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."