മരുന്നെത്തിയില്ല; തീര്‍ഥാടകരുടെ കുത്തിവെപ്പ് വൈകുന്നു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള മെനിഞ്ചൈറ്റിസ് കുത്തിവെപ്പും തുള്ളിമരുന്ന് നല്‍കലും വൈകുന്നു. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ ജൂലൈ ഏഴിന് ആരംഭിക്കാനിരിക്കെ കേരളത്തില്‍ ഇതുവരെ ഹജ്ജ് തീര്‍ഥാടകരുടെ കുത്തിവെപ്പിനുള്ള മരുന്നുകള്‍ എത്തിയിട്ടില്ല. ഹജ്ജ് യാത്രയുടെ 10 ദിവസം മുന്‍പ് തന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നാണ് നിബന്ധന.
മെനിഞ്ചൈറ്റിസ് കുത്തിവെപ്പ്, ഓറല്‍ പോളിയോ വാക്‌സിന്‍ എന്നിവയാണ് തീര്‍ഥാടകര്‍ ഹജ്ജിന് പോകും മുന്‍പ് നിര്‍ബന്ധമായും എടുക്കേണ്ടത്.70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍(എസ്.ഐ.വി)ഇതിന് പുറമെ എടുക്കണം.
ചെന്നൈയില്‍ നിന്ന് ആവശ്യമായ മരുന്ന് എത്താത്തതാണ് കുത്തിവെപ്പ് വൈകാന്‍ കാരണം. വിദേശത്ത് നിന്ന് എത്തുന്ന മരുന്നുകളില്‍ ഒരെണ്ണമാണ് ഇതുവരെ ചെന്നൈയില്‍ എത്തിയത്.ചെന്നൈയില്‍ നിന്ന് ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വിസ്(ഡി.എച്ച്.എസ്)മുഖേന ഇവ ശേഖരിച്ച് കേരളത്തിലെ റീജ്യനല്‍ സ്റ്റോറുകള്‍ വഴിയാണ് ഓരോ ജില്ലകളിലേക്കും മരുന്നുകള്‍ എത്തിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് മൂന്നാംഘട്ട ക്ലാസുകളില്‍ തന്നെ കുത്തിവെപ്പ് വിവരങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നാംഘട്ട ക്ലാസുകള്‍ സമാപിക്കാറായിട്ടും ഇത്തവണ ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇതിനായി സൗകര്യം ഒരുക്കേണ്ടത്. യാത്ര ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രമിരിക്കെ ആശുപത്രികളില്‍ പതിവ് തിരക്കിനിടയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതും ഏറെ പ്രയാസകരമാവും.
ചെന്നൈയില്‍ നിന്ന് മരുന്നുകള്‍ എത്തിയാലുടന്‍ തീര്‍ഥാടകര്‍ക്കുള്ള കുത്തിവെപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു. ഇതിനായി ഹജ്ജ് കമ്മിറ്റി ഇടപെടല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."