'എലുക'യില്‍ അന്തംവിട്ട് സ്ഥാനാര്‍ഥികള്‍
കോഴിക്കോട്: നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട വിശദവിവരങ്ങളിലെ 'എലുക' എന്ന പ്രയോഗം കണ്ട് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ആശയക്കുഴപ്പത്തില്‍. പരിഷ്‌കരിച്ച പത്രികയിലെ ഫോറം രണ്ട് എയിലെ നാലാം പേജില്‍ സ്ഥാവര സ്വത്തുക്കള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചോദിക്കുന്ന കോളത്തിലാണ് എലുക എന്ന പ്രയോഗമുള്ളത്.
കാര്‍ഷിക ഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ വിശദാംശം ചോദിക്കുന്ന കോളത്തിലാണ് ആദ്യ നമ്പറായി എലുക എന്നുള്ളത്. അതിരുകള്‍ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്ഥലത്തിന്റെയോ കെട്ടിടത്തിന്റെയോ അതിരുകള്‍ പൂര്‍ണമായി എഴുതാനുള്ള സൗകര്യം ഈ കോളത്തില്ല. ഇതു സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സ്ഥലം തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ ചെറുവിവരണം നല്‍കിയാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നത്. പത്രികകള്‍ പൂരിപ്പിക്കുന്നതിനിടയിലാണ് സ്ഥാനാര്‍ഥികള്‍ ഇതുവരെ കേള്‍ക്കാത്ത വാക്കു കണ്ട് അന്തംവിട്ടത്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരോട് തിരക്കിയപ്പോള്‍ അവര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ റവന്യൂ രേഖകള്‍ പരിശോധിച്ച് അര്‍ത്ഥം അതിരുകള്‍ എന്നാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുകയായിരുന്നു.
ഭൂമിയുടെയും കെട്ടിടത്തിന്റെയും സര്‍വേ നമ്പര്‍, വില്ലേജ്, സ്വത്ത് ആര്‍ജിച്ച വിധം, മാര്‍ക്കറ്റ് വില എന്നിവയെല്ലാം ഫോറത്തില്‍ പൂരിപ്പിക്കണം. വീടുകള്‍ സംബന്ധിച്ച വിവരണത്തില്‍ മാര്‍ക്കറ്റ് വിലയും തറ വിസ്തീര്‍ണവും ചോദിക്കുന്നുണ്ട്. മറ്റുള്ള വസ്തുക്കളില്‍ നിന്നുള്ള ആദായവും രേഖപ്പെടുത്തണം. സ്ഥാനാര്‍ഥിയുടെ മാത്രമല്ല, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, ആശ്രിതര്‍ എന്നിവരുടെയും വരുമാന സ്രോതസിന്റെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കണം.
സ്ഥാനാര്‍ഥിയുടെ പ്രാഥമിക വിവരങ്ങള്‍ക്കൊപ്പം സ്വത്ത്, കേസുകള്‍, ബാങ്ക് വായ്പ, കുടിശ്ശിക എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മുന്‍ തെരഞ്ഞെടുപ്പുകളിലും പത്രികയ്‌ക്കൊപ്പം ചോദിച്ചിരുന്നെങ്കിലും ഇത്തവണ വളരെ വിശദമായി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തണം. ബാങ്ക് ബാധ്യത സംബന്ധിച്ച കോളത്തില്‍ സ്ഥാനാര്‍ഥിയെ കൂടാതെ ആശ്രിതരുടെയും വിവരങ്ങള്‍ നല്‍കണം. ആദായ നികുതി, സ്വത്ത് നികുതി, സര്‍ചാര്‍ജ്, ജി.എസ്.ടി, വസ്തു നികുതി എന്നിവയുടെ വിവരങ്ങളും സര്‍ക്കാരുമായുള്ള കരാറിന്റെ വിശദവിവരവും നല്‍കണം. പണം, ബാങ്ക് അക്കൗണ്ടുകള്‍, കമ്പനികളുടെ ബോണ്ടുകള്‍, പോളിസികള്‍, വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം.
വ്യക്തിഗത വിവരങ്ങളില്‍ സമൂഹമാധ്യമ അക്കൗണ്ടുകളും ഇത്തവണ നല്‍കണം. ഏതൊക്കെ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടോ അതൊക്കെ രേഖപ്പെടുത്തണം. ഇ മെയില്‍ വിലാസം, ആധാര്‍ നമ്പര്‍ എന്നിവയും വേണം. കേസ് സംബന്ധിച്ച വിവരങ്ങളും വിശദമായി നല്‍കണം. രണ്ട് സെറ്റുകളായി 10 പേജുകള്‍ പൂരിപ്പിക്കാനുണ്ട്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി 19ന് സമാപിക്കുമെന്നതിനാല്‍ പരമാവധി രേഖകള്‍ ശരിയാക്കി രണ്ടു ദിവസത്തിനകം പത്രിക നല്‍കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."