മഴക്കെടുതി: ജില്ലയിലെ നഷ്ടം 731 കോടി
കണ്ണൂര്‍: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 731.4 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്കുകള്‍. കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഴക്കെടുതി അവലോകന യോഗത്തില്‍ ഇതേക്കുറിച്ചുള്ള അന്തിമ കണക്കുകള്‍ അവതരിപ്പിച്ചു.
കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ സംഭവങ്ങളിലായി ജില്ലയില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 122 വീടുകള്‍ പൂര്‍ണമായും 3,429 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കോടിയിലേറെ രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്നതിലൂടെ മാത്രം കണക്കാക്കിയിരിക്കുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ പാറക്കാമല, മുണ്ടയാംപറമ്പ് എന്നിവിടങ്ങളിലെ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍, ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പട്ടുവം ഭാഗത്തുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, നാവിക അക്കാദമിയിലെ കുടിവെള്ള പദ്ധതി എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളിലായി 10.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായി.
ഫിഷറീസ് വകുപ്പിന് 79.73 ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 36 ഇടങ്ങളിലായി 3.4 കിലോമീറ്റര്‍ നീളത്തില്‍ പുഴകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പിന് 16.5 കോടിയുടെ നഷ്ടമുണ്ടായി. ചെക്ക്ഡാമുകള്‍, കടല്‍ ഭിത്തികള്‍ എന്നിവയ്ക്ക് 19.38 കോടി രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. മൈനര്‍ ഇറിഗേഷന് ആര്‍സിബികള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ കേടുപാടുകളുണ്ടായി. പഴശ്ശി കനാല്‍ പദ്ധതിയുടെ 100 കിലോമീറ്റര്‍ പ്രധാന കനാലിനുണ്ടായ നാശം കാരണം 35 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ജലവിതരണ കനാലുകളില്‍ മൂന്നിടങ്ങളിലുണ്ടായ പൊട്ടല്‍ കാരണം 17 ലക്ഷം രൂപയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അക്വാഡക്റ്റുകള്‍, സൂപ്പര്‍ പാസേജുകള്‍, അണ്ടര്‍ കനാലുകള്‍, കനാല്‍ റോഡുകള്‍, ഷട്ടറുകള്‍ എന്നിവ തകര്‍ന്നതു കാരണം 5.32 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.
വനം വകുപ്പിന് 68.5 ലക്ഷം രൂപയുടെ നഷ്ടമാണ് മഴക്കെടുതിയെ തുടര്‍ന്നുണ്ടായത്. അടക്കാത്തോടുള്ള ആനമതില്‍, സൗരോര്‍ജ മതില്‍, ഗള്ളി പ്ലഗ്ഗിങുകള്‍ തുടങ്ങിയവ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. മൃസംരക്ഷണ വകുപ്പിന് കന്നുകാലികള്‍, കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍, തൊഴുത്തുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശം കാരണം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
2018 ജൂണ്‍ 12നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകത്തോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളെയാണ് കാര്യമായി മഴക്കെടുതികള്‍ ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."