നാലു യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച് സ്പേസ് എക്സ്
ന്യൂയോര്‍ക്ക്: ബഹിരാകാശത്തേക്കും തിരിച്ചും ഗതാഗതം സാധ്യമാക്കുന്ന സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു.
നാല് യാത്രികരെയാണ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തിച്ചത്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സ് നാസയുടെ സഹായത്തോടെയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്ര യാഥാര്‍ഥ്യമാക്കിയത്.
രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ പേടകം നാല് യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ചത്. കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കന്‍- 9 റോക്കറ്റില്‍ പേടകം കുതിച്ചുയര്‍ന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൈക്കല്‍ ഹോപ്കിന്‍സ്, ഷാനന് വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ എന്നിവരെയും ജപ്പാന് ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയെയുമാണ് ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്.
ആറ് ദിവസം നാലുപേരും ബഹിരാകാശ നിലയത്തില്‍ തുടരും. തുടര്‍ന്ന് ഭൂമിയിലേക്കു മടങ്ങും.
ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ ദൗത്യമായി ക്രൂ ഡ്രാഗണ്‍ മാറി. ഇതുവരെ റഷ്യന്‍ റോക്കറ്റാണ് യു.എസ് ഇതിന് ഉപയോഗിച്ചിരുന്നത്.
കൊവിഡിനെ തുടര്‍ന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്കിന് വിക്ഷേപണ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇത് മറ്റൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്സ്റ്റൈന് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."