പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പരാജയവും ഇതിനായി രൂപീകരിച്ച റീബില്‍ഡ് കേരള പദ്ധതി എങ്ങുമെത്താത്ത സാഹചര്യവും സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പൂര്‍ണ പരാജയമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സതീശന്‍ പറഞ്ഞു. മഹാപ്രളയത്തിനുശേഷം ദുരന്തബാധിതര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കാത്ത ഏക സര്‍ക്കാര്‍ കേരളത്തിലേതാണ്. പ്രളയത്തിനുശേഷം ആദ്യഘട്ടമായി നല്‍കിയ പതിനായിരം രൂപ ധനസഹായം കിട്ടാത്ത അര്‍ഹരായ 20 ശതമാനം പേര്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. പണംകിട്ടാത്തവര്‍ കലക്ടറേറ്റുകളും താലൂക്ക് ഓഫിസുകളും വില്ലേജ് ഓഫിസുകളും കയറിയിറങ്ങുകയാണ്. നിര്‍മാണ സാധനങ്ങളുടെ വില കൂടിയതുകാരണം പലര്‍ക്കും വീടുപണി പൂര്‍ത്തിയാക്കാനാകുന്നില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ 4,192 കോടിയോളം രൂപ ലഭിച്ചിട്ടും 2,275 കോടിയോളം രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ല. പ്രളയമുണ്ടായി പത്തുമാസം പിന്നിട്ടിട്ടും കൃത്യമായൊരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ മഹാപ്രളയത്തില്‍ ഒഴുകിപ്പോയവരുടെ കണ്ണീരില്‍ സര്‍ക്കാരും ഒഴുകിപ്പോകുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
സതീശന്റെ അടിയന്തരപ്രമേയ നോട്ടിസ് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സ്ഥാപിക്കാന്‍ സുദീര്‍ഘമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പംനിന്ന പ്രതിപക്ഷം പിന്നീട് എന്തിനാണ് നിഷേധാത്മക സമീപനം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില മാധ്യമവാര്‍ത്തകള്‍ക്ക് ഇംപാക്ട് ഉണ്ടാക്കാനാണ് സതീശന്റെ ശ്രമമെന്ന ആക്ഷേപവും മുഖ്യമന്ത്രി ഉന്നയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കേരള പുനര്‍നിര്‍മാണം നടന്നുവരികയാണ്.
ഈ ദുരന്തത്തെ മറികടക്കുന്ന ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും വേണം. മൂന്നുഘട്ടങ്ങളായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ട് തുകയുടെ വിന്യാസവും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചെലവഴിക്കാന്‍ കഴിയൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ നീക്കിയിരിപ്പ് വെറും സഹായവിതരണം എന്നതിലപ്പുറം പശ്ചാത്തല സൗകര്യങ്ങളൊരുക്കാന്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ക്രിയാത്മകമായി ചിന്തിച്ചിട്ടുള്ള ഒരു സര്‍ക്കാരാണിത്. പ്രളയംമൂലം 31,000 കോടിയുടെ നഷ്ടമുണ്ടായി. കേന്ദ്രം ഇതിന്റെ ആറിലൊന്നുപോലും തന്നില്ല. സാലറിചലഞ്ച് വഴി തുക സമാഹരിക്കാന്‍ ശ്രമിച്ചതിനെ തടയാന്‍ പ്രതിപക്ഷം ആവുന്നതെല്ലാം ചെയ്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."