റിമാന്‍ഡ് പ്രതിയുടെ മരണം: നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പടെ നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എച്ച്.എസ്.ഒ ഉള്‍പ്പെടെ അഞ്ച് പൊലിസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സ്ഥലംമാറ്റി.
നെടുങ്കണ്ടം എസ്.ഐ കെ.എസ് സാബു, എ.എസ്.ഐ സി.ബി റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജിമോന്‍ ആന്റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നെടുങ്കണ്ടം എച്ച്.എസ്.ഒ റെജി എം. കുന്നിപ്പറമ്പില്‍, സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. കൊച്ചി റെയ്ഞ്ച് ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുത്തത്. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
തൂക്കുപാലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹരിതാ ഫൈനാന്‍സ് നടത്തിപ്പുകാരന്‍ വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറി(49) ന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി വന്നിരിക്കുന്നത്. 21നാണ് പ്രതി മരിച്ചത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലിസുകാര്‍ക്കെതിരേ നടപടിയെടുത്തത്.
ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വയംസഹായ സംഘങ്ങളില്‍ നിന്ന് വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രോസസങ് ഫീസ് ഇനത്തില്‍ ഹരിതാ ഫൈനാന്‍സ് വന്‍തോതില്‍ പണം ഈടാക്കിയിരുന്നു. ഫീസ് അടച്ചിട്ടും വായ്പ ലഭിക്കാതെ വന്നതോടെ സ്ഥാപനത്തിലെത്തി സംഘാംഗങ്ങള്‍ ബഹളംവച്ചതോടെ നെടുങ്കണ്ടം പൊലിസ് സ്ഥാപനം അടപ്പിക്കുകയും രാജ്കുമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
രാജ്കുമാറിന് മര്‍ദമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇയാളുടെ ഇരുകാലുകളുടെയും മുട്ടിന് താഴെ 32 മുറിവുകളാണ് കണ്ടെത്തിയത്. കാല്‍വെള്ള തകര്‍ന്ന നിലയിലായിരുന്നു. ഇടത് കാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍ പൊട്ടിയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വണ്ടിപ്പെരിയാര്‍ എസ്.എച്ച്.ഒ ജയകുമാറിനും കട്ടപ്പന എസ്.ഐ കിരണിനും നെടുങ്കണ്ടത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കി.
ലഹരി വില്‍പന: അഞ്ചുമാസത്തിനിടെ
പിടിയിലായത് 43 കുട്ടികള്‍
തിരുവനന്തപുരം: ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുമാസത്തിനിടെ പിടിയിലായത് 43 കുട്ടികള്‍. തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ടും ആലപ്പുഴയില്‍ 22ഉം പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ ഒന്നുവീതവും കോട്ടയത്തും എറണാകുളത്തും 5 പേര്‍ വീതവും പാലക്കാട് നാലുപേരുമാണ് പിടിയിലായത്.
2016ല്‍ 20 കുട്ടികളാണ് എക്‌സൈസിന്റ പിടിയിലായത്. അഞ്ച് കുട്ടികളാണ് ആലപ്പുഴയില്‍ നിന്ന് മാത്രം പിടിയിലായത്. 2017ല്‍ 71 കുട്ടികള്‍ പിടിയിലായി. 27 കുട്ടികള്‍ ആലപ്പുഴയില്‍ നിന്ന് പ്രതികളായി. 2018ല്‍ 77 കുട്ടികളെ എക്‌സൈസ് പിടികൂടി. ആലപ്പുഴയില്‍ നിന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ പിടികൂടിയത്. 41 കുട്ടികളാണ് കഞ്ചാവ് വില്‍പനയില്‍ ഇവിടെ അകത്തായത്. 2018ലും ഈ വര്‍ഷവും എറണാകുളത്ത് നിന്ന് 15 വയസിന് താഴെയുള്ള ഒരു കുട്ടിയെ പിടികൂടിയിട്ടുണ്ട്.
ചെയര്‍മാന്‍ സ്ഥാനം: വിട്ടുവീഴ്ചയില്ലെന്ന്
പി.ജെ ജോസഫ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ യു.ഡി.എഫിന്റെ സമവായ സാധ്യത തള്ളി പി.ജെ ജോസഫ്.
ജോസ് കെ. മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള അനുരഞ്ജനത്തിന് തയാറല്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ല. ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടായാല്‍ ചര്‍ച്ചയെക്കുറിച്ച് ആലോചിക്കാം.
ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
കഴിഞ്ഞദിവസം യു.ഡി.എഫ് നേതാക്കള്‍ ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് അദ്ദേഹം നേതാക്കളെ അറിയിച്ചത്.
സംരംഭകന്റെ ദൈന്യത
തുറന്നുപറഞ്ഞ്
സാജന്റെ ഡയറിക്കുറിപ്പ്
കണ്ണൂര്‍: സംരംഭകന്‍ എന്ന നിലയില്‍ നേരിടേണ്ടിവന്ന ദൈന്യത തുറന്നുപറഞ്ഞ് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ഡയറിക്കുറിപ്പ്.
സാജന്റെ വീട്ടില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ഡയറിക്കുറിപ്പിലാണ് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസിക്ക് നേരിടേണ്ടിവന്ന ഗതികേട് വൈകാരികമായി പറയുന്നത്.
ഡയറിയുടെ അവസാന പേജിലാണ് സാജന്‍ ഇക്കാര്യം എഴുതിവച്ചത്. സി.പി.എം നേതാക്കളായ പി. ജയരാജന്‍, ജയിംസ് മാത്യു എം.എല്‍.എ, പ്രാദേശിക നേതാവ് അശോകന്‍, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി എന്നിവര്‍ ഏറെ സഹായിച്ചതും ഡയറിയില്‍ സാജന്‍ കുറിച്ചിട്ടുണ്ട്. അതിനിടെ, പ്രത്യേക അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.എ കൃഷ്ണദാസ് ഇന്നലെ ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്കെതിരേ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് അന്വേഷണസംഘം എസ്.പിയെ ധരിപ്പിച്ചു. വീഴ്ച സംഭവിച്ചത് നഗരസഭാ സെക്രട്ടറിക്കാണെന്നും അന്വേഷണ സംഘം വിലയിരുത്തി.
അടുത്ത ദിവസം ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നഗരസഭാ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. ബക്കളത്തെ കണ്‍വന്‍ഷന്‍ സെന്ററില്‍ പൊലിസ് ഇന്നലെ പരിശോധന നടത്തി.
അതുല്‍ മനോജിന് ഒന്നാം റാങ്ക്, ഹൃദ്യക്ക് രണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, ദന്തല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷയില്‍ നേടിയ സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.
എറണാകുളം കടവന്ത്ര കെ.പി വള്ളോന്‍ റോഡില്‍ അതുല്‍ മനോജിനാണ് ഒന്നാം റാങ്ക്. നീറ്റ് പരീക്ഷയില്‍ 688 സ്‌കോര്‍ നേടിയ അതുലിന് അഖിലേന്ത്യാതലത്തില്‍ 29ാം റാങ്കായിരുന്നു. കാസര്‍കോട് ആര്‍.ഡി നഗര്‍ 'ഭദ്രം' വീട്ടില്‍ ഹൃദ്യ ലക്ഷ്മി ബോസിനാണ് രണ്ടാം റാങ്ക്. 687 സ്‌കോര്‍ നേടിയ ഹൃദ്യയ്ക്ക് അഖിലേന്ത്യാതലത്തില്‍ 31ാം റാങ്കുണ്ടായിരുന്നു. മലപ്പുറം താനൂര്‍ കാട്ടിലങ്ങാടി സരോജിനി നിലയത്തില്‍ വി.പി അശ്വിനാണ് (സ്‌കോര്‍ 686) മൂന്നാം റാങ്ക്. ഇടുക്കി രാജക്കാട് ചേരുപുറം എ. അസ്‌ലം വഹാബിനാണ് നാലാം റാങ്ക്. മറ്റ് റാങ്ക് ജേതാക്കള്‍: അഞ്ചാംറാങ്ക്- കെവിന്‍ ജേക്കബ് കുരുവിള (കോഴിക്കോട്), ആറാം റാങ്ക്- അഷ്‌ലി ഷാജു (തൃശൂര്‍). ഏഴാം റാങ്ക്- അശ്വിന്‍ രാജ് (തൃശൂര്‍). എട്ടാം റാങ്ക്- എ.എസ് അഖില്‍ അശോകന്‍ (തിരുവനന്തപുരം). ഒന്‍പതാം റാങ്ക്- യു. ഗാദ (മലപ്പുറം). പത്താം റാങ്ക്- പി. അജിത് (തൃശൂര്‍).
വിദ്യാര്‍ഥികള്‍ക്ക് ഗഋഅങ 2019 ഇമിറശറമലേ ജീൃമേഹ എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും നല്‍കി ഹോം പേജില്‍ പ്രവേശിച്ച് ഞലൗെഹ േഎന്ന മെനു ക്ലിക്ക് ചെയ്താല്‍ ഫലം ലഭ്യമാകും. പ്രവേശന നടപടികള്‍ നാളെ ആരംഭിക്കും.
കൂടുതല്‍ സ്ത്രീ പ്രാതിനിധ്യത്തിന് ഒരുങ്ങി 'അമ്മ'
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയുടെ സമ്മര്‍ദങ്ങള്‍ക്ക് ഫലം കാണുന്നു.
വനിതകള്‍ക്ക് ഭാരവാഹി സ്ഥാനമടക്കം നീക്കിവച്ചുകൊണ്ട് താരസംഘടനയായ 'അമ്മ' ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നു. 30ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ നിര്‍ണായക ഭേദഗതികള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സംഘടയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാക്കുക, എക്‌സിക്യൂട്ടിവ് സമിതിയില്‍ നാല് സ്ഥാനങ്ങള്‍ വനിതകള്‍ക്കായി നീക്കിവയ്ക്കുക, വനിതാ പരാതി പരിഹാര സെല്‍ രൂപീകരിക്കുക തുടങ്ങിയവയാണ് ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുന്നത്.
വ്യാജരേഖാ പരാതി; പി.കെ ഫിറോസില്‍
നിന്ന് മൊഴിയെടുത്തു
കോഴിക്കോട്: വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന ജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു. ഇന്നലെ വൈകീട്ട് സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരായ ഫിറോസില്‍ നിന്ന് ഡി.സി.പി എ.കെ ജമാലുദ്ദീനാണ് മൊഴിയെടുത്തത്.
ബന്ധുനിയമനത്തിനെതിരേ താന്‍ മന്ത്രിക്ക് എഴുതിയതെന്ന പേരില്‍ പി.കെ ഫിറോസ് വ്യാജകത്ത് പുറത്തുവിട്ടുവെന്ന ജയിംസ് മാത്യുവിന്റെ പരാതിയിലാണ് മൊഴിയെടുത്തത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്ന് അഴിമതി സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചപ്പോള്‍ വിവരാവകാശനിയമപ്രകാരം തെളിവുകള്‍ ശേഖരിച്ച് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് പി.കെ ഫിറോസ് മൊഴി നല്‍കി. വിവരങ്ങള്‍ എവിടെ നിന്നൊക്കെയാണ് ലഭ്യമായതെന്ന് വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം അറിയിച്ചു.
സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രന്‍ ഡി.എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരേ ജയിംസ് മാത്യു മന്ത്രി എ.സി മൊയ്തീന് എഴുതിയതെന്ന പേരില്‍ പി.കെ ഫിറോസ് പുറത്തുവിട്ട കത്താണ് കേസിനാധാരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു.
അതേസമയം, അഴിമതിക്കെതിരേ സംസാരിക്കുന്നവര്‍ക്കെതിരേ കള്ളക്കേസ് ചുമത്തി അവരുടെ വായ് മൂടിക്കെട്ടാനാകില്ലെന്ന് പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പൊലിസ് കമ്മിഷണര്‍ ഓഫിസില്‍ വ്യാജരേഖാ പരാതിയില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണ്. പാര്‍ട്ടിക്കുള്ളിലും മുഖ്യമന്ത്രിക്ക് മുന്നിലും പ്രതിരോധത്തിലായതിനാലാണ് ജെയിംസ് മാത്യു എം.എല്‍.എ തനിക്കെതിരേ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
കല്ലട ബസിന്റെ
പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു
തൃശൂര്‍: യാത്രക്കാരനെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. കലക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കെ.എല്‍ 45 എച്ച്. 6132 എന്ന ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും പെര്‍മിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കീഴ്തലങ്ങളിലെ നടപടികളെയും അഭിഭാഷകന്‍ ചോദ്യംചെയ്തു. ഇതേതുടര്‍ന്ന് വിശദമായ നിയമ പരിശോധനയ്ക്കായി ഫയല്‍ മാറ്റി. വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.
44 തദ്ദേശസ്വയംഭരണ
വാര്‍ഡുകളില്‍
നാളെ ഉപതെരഞ്ഞെടുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലെയും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ടുവീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലെയും ആലപ്പുഴ ജില്ലയില്‍ രണ്ട് നഗരസഭാ വാര്‍ഡുകളിലെയും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോ നഗരസഭാ വാര്‍ഡുകളിലെയും ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണല്‍ 28ന്.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്:
സര്‍ക്കാര്‍
ഹൈക്കോടതിയിലേക്ക്
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ഹരജി ഇന്ന് കോടതി പരിഗണിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംയോജനത്തിന് തുടക്കം കുറിച്ചെങ്കിലും ഹൈക്കോടതിയുടെ സ്റ്റേ മൂലം നടപടികള്‍ നിലച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."