കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍: ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറും മൗനത്തില്‍
കൊണ്ടോട്ടി: ഹജ്ജ് എംബാര്‍ക്കേഷന്‍ പട്ടികയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തെ മാറ്റയതില്‍ ഹജ്ജ് കമ്മിറ്റിക്കും സംസ്ഥാന സര്‍ക്കാറിനും മൗനം. മലബാറില്‍ നിന്നുളള വിവിധ എം.പിമാരും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറും വിഷയത്തില്‍ രംഗത്ത് വരാത്തതില്‍ വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കൊവിഡ് 19നെ തുടര്‍ന്ന് ഇത്തവണ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം ഇന്ത്യയില്‍ പത്തായി ചുരുക്കിയിട്ടുണ്ട്. കേരളത്തില്‍ നെടുമ്പാശ്ശേരിയെയാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിച്ചത്. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ മലബാറില്‍ നിന്നുള്ളവരാണ്. ഇതിനാവശ്യമായ സൗകര്യങ്ങളും കരിപ്പൂരിലുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്കും പുറപ്പെടല്‍ കേന്ദ്രം നെടുമ്പാശ്ശേരിയാണ്.
കരിപ്പൂരില്‍ വിപുലമായ ഹജ്ജ് ഹൗസ് ഉള്‍പ്പെടെയുളള സ്ഥിരം സംവിധാനങ്ങളുണ്ട്. കൊച്ചിയില്‍ സൗകര്യങ്ങളെല്ലാം താല്‍ക്കാലികമായി ഒരുക്കണം. സമസ്ത അടക്കമുള്ള വിവിധ സംഘടനകളും എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ടി.വി ഇബ്റാഹീം എം.എല്‍.എ തുടങ്ങിയവര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രത്തിന് നിവേദനം നല്‍കുകയും സമരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."