അനധികൃത മണല്‍ക്കടത്ത്; ഏഴ് തോണികള്‍ പിടികൂടി
പെരിന്തല്‍മണ്ണ: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഏഴ് തോണികള്‍ പൊലിസ് പിടികൂടി. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സ്ക്വാഡാണ് മുതുകുര്‍ശ്ശിയില്‍ മിന്നല്‍ പരിശോധന നടത്തി തോണികള്‍ പിടികൂടിയത്. പിടികൂടിയ തോണികള്‍ ജെ.സി.ബി ഉപയോഗിച്ച് നശിപ്പിക്കുകയും മണല്‍ പുഴയില്‍ തള്ളുകയും ചെയ്തു.
പ്രളയാനന്തരം ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ മണല്‍ക്കൊള്ള വ്യാപകമായതിനെ തുടര്‍ന്ന് മലപ്പുറം, പാലക്കാട് ജില്ലാ പൊലിസ് മേധാവികളുടെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ, കൊപ്പം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. പെരിന്തല്‍മണ്ണ പൊലിസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനു, എസ്.ഐ മഞ്ജിത്ത്ലാല്‍, ഉദ്യോഗസ്ഥരായ അനീഷ് പൂളക്കല്‍, പ്രഭുല്‍, പ്രമോദ്, വിപിന്‍ ചന്ദ്രന്, ജോസഫ്, കൊപ്പം എസ്.ഐ എം.ബി രാജേഷ്, കൊപ്പം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ മുരുകന്, പ്രസാദ്, സുനില്‍കുമാര്‍, രതീഷ്, അനീസ് എന്നിവര്‍ അടങ്ങിയ സംഘമാണ് മണല്‍ കടത്തു തോണികള്‍ പിടികൂടിയത്.
മണല്‍ കടത്തു സംഘം പൊലിസ് ഉദ്യോഗസ്ഥരെ കണ്ട് തോണികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."