ക്രിയാത്മക പ്രതിപക്ഷം അര്‍ഥപൂര്‍ണമായ ജനാധിപത്യത്തിന്റെ ഭാഗം
എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ആധുനിക ജനാധിപത്യ സമ്പ്രദായങ്ങള്‍ സമൂഹ പരിസരങ്ങളെ അച്ചടക്കവും അര്‍പ്പണബോധവും പ്രതീക്ഷയും വളര്‍ത്തി പ്രബലപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവരുന്നു. സര്‍വാധിപത്യ രാജ്യങ്ങളെക്കാള്‍ വിഭവ പങ്കുവയ്പ്പുകളില്‍ ജനാധിപത്യ രാജ്യങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു. അടിസ്ഥാനാവശ്യങ്ങളുടെ നിര്‍ണയം, ജനാഭിലാഷങ്ങളെ മാനിക്കല്‍, വിഭവ ചോര്‍ച്ചകള്‍ തടയല്‍, നീതിന്യായ കോടതികള്‍ ബലപ്പെടുത്തല്‍, അഭിപ്രായസ്വാതന്ത്ര്യം ശക്തിപ്പെടുത്തലും പ്രകടിപ്പിക്കലും തുടങ്ങിയ ഗുണപരമായ സംഭാവനകള്‍ ജനാധിപത്യ രാജ്യങ്ങളില്‍ നിലനില്‍ക്കുകയും വികസിക്കുകയും ചെയ്യുന്നു. എന്നാല്‍, ഏകാധിപത്യ രാഷ്ട്രങ്ങളില്‍ ജനഹിതത്തിനു പ്രാമാണികത കല്‍പ്പിക്കുന്നില്ല.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞുകാണുന്നതില്‍ സന്തോഷമുണ്ട്. പ്രവൃത്തി എങ്ങനെയിരിക്കുമെന്ന് ഇനിയുള്ള കാലത്തെ സമീപനങ്ങള്‍ കാണുമ്പോള്‍ മാത്രമേ മനസ്സിലാവൂ. സൃഷ്ടിപരമായ സമീപനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പാര്‍ട്ടിക്കകത്തു സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന പിളര്‍പ്പുകളും ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നു. പാര്‍ട്ടിക്കകത്ത് ഏകാധിപത്യവും കുടുംബാധിപത്യവും ബിംബവല്‍കൃത സമീപനങ്ങളും ഒരു പാര്‍ട്ടിയെയും വളര്‍ത്താനോ നിലനിര്‍ത്താനോ സഹായിക്കുകയില്ല. ഏകദേശം ഒരു നൂറ്റാണ്ട് പ്രായമായ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കോണ്‍ഗ്രസും പാര്‍ട്ടിക്കകത്ത് ക്രിയാത്മകമായ സമീപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന ആത്മപരിശോധന അനിവാര്യമാണ്. അനുരഞ്ജനം, പരിഗണിക്കല്‍, അവസരം നല്‍കല്‍, അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍, സാമൂഹിക ചലനങ്ങളെ സൂക്ഷ്മമായി വിലയിരുത്തല്‍, ജനഹിതം മനസ്സിലാക്കി പഠിച്ച് പരിഹാരമുണ്ടാക്കല്‍ ഇതൊന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൂര്‍ണാര്‍ഥത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ലഭ്യമായ അവസരം തനിക്കും തന്റെ കുടുംബത്തിനും വാരിവലിച്ചുണ്ടാക്കാന്‍ മത്സരിക്കുകയായിരുന്നു പലരും. കൂട്ടത്തില്‍ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനോ അത്തരക്കാര്‍ക്ക് നിശ്ശബ്ദ ഇടമൊരുക്കാനോ ശ്രമിക്കുകയായിരുന്നു നേതാക്കളും അധികാരികളും.
പ്രതീക്ഷക്ക് വകയുണ്ടോ
പുതിയ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റില്‍ നടത്തിയ പ്രഥമ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഇന്ത്യ മഹത്തായ ജനാധിപത്യ പൈതൃക രാഷ്ട്രമാണെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശവും മാനിക്കണമെന്നും തലയെണ്ണിയാവില്ല തന്റെ സമീപനമെന്നും, പുതിയ സ്പീക്കറുടെ പ്രസ്താവം ജനാധിപത്യ ശബ്ദമായി വേണം കാണാന്‍.
ഭരണകൂട സമീപനം ജനാധിപത്യത്തെ ഹനിക്കുന്ന വിധമാണ് കണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ്. എന്നാല്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ താല്‍പര്യം സംരക്ഷിച്ചാണ് നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളുന്നത്. ഇതിന്റെ ഏറ്റവും പുതിയതായി പുറത്തുവന്ന വാര്‍ത്ത ഗുജറാത്തിലെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ്. അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭാംഗങ്ങളായതിനാല്‍ ഒഴിവുവന്ന രണ്ടു സ്ഥാനത്തേക്ക് രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ കരുനീക്കുന്നത്. ഇത് പ്രകടമായ ജനാധിപത്യ ധ്വംസനമാണ്. രണ്ടു സ്ഥാനങ്ങളും ബി.ജെ.പിക്കു ലഭിക്കാന്‍ വേണ്ടി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഭരണഘടനാവിരുദ്ധമായ ഈ നീക്കം. ഒന്നിച്ച് തെരഞ്ഞെടുപ്പു നടത്തിയാല്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കാനിടയുണ്ട്.
ഇന്ത്യന്‍ ഭരണഘടന അധ്യായം 2 അനുച്ഛേദം 80 (4) അനുശാസിക്കുന്നതിന്റെ ലംഘനമാണ് ഗുജറാത്തില്‍ നടത്താന്‍ ശ്രമിക്കുന്നത്. 75 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് ആനുപാതിക പ്രാതിനിധ്യം അനുസരിച്ച് തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരംഗത്തെ ജയിപ്പിക്കാന്‍ കഴിയും. ഇതു തടയാന്‍ ബി.ജെ.പി ശ്രമിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ്. ഇതിനു കൂട്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനയെ തന്നെ പരിഹസിക്കുകയാണ്. കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇപ്പോള്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താമെന്നും പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പിന് ശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി ഉത്തരവായി.
ജനാധിപത്യ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ കൗശലപൂര്‍വം അട്ടിമറിക്കുന്നതാണ്. രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്നയാളെ മഹത്വവല്‍ക്കരിക്കുന്ന ഒരു സംഘത്തിന് നീതിയെക്കുറിച്ച് വിചാരിക്കാന്‍ കഴിയില്ല. ഒരു നിഴല്‍ മന്ത്രിസഭ പോലെ നരേന്ദ്രമോദി മന്ത്രിസഭയെ നിര്‍ത്തി നാഗ്പൂരില്‍നിന്ന് മോഹന്‍ ഭാഗവത് രാജ്യം ഭരിക്കുന്നതാണ് കാണുന്നത്. ബി.ജെ.പിക്കകത്ത് പ്രത്യയശാസ്ത്ര സംഘട്ടനങ്ങള്‍ കാലം കാത്തുനില്‍ക്കുന്നുണ്ട്. ഭാരതത്തിനും ലോകത്തിനും അന്യമായ കാടന്‍ സമീപനങ്ങളും ഫാസിസവും ബി.ജെ.പിയില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ പിളര്‍പ്പ് വിളിച്ചുവരുത്തും.
ഉദ്യോഗസ്ഥ ഭരണം
ഇന്ത്യയുടെ ഭരണഘടന ഇന്ത്യ സ്ഥിരമായി ആരെങ്കിലും ഭരിക്കണമെന്ന് പറയുന്നില്ല. കാലാകാലങ്ങളായി സ്ഥിരമായി ഭരിക്കുന്നത് ഉദ്യോഗസ്ഥരാണ്. അവര്‍ക്കുവേണ്ടിയാണ് വാസ്തവത്തില്‍ ഭരണം തന്നെ. നികുതി വരുമാനത്തില്‍ 45 ശതമാനം കേരളത്തില്‍ ഈ വിഭാഗത്തെ തീറ്റിപ്പോറ്റാനാണ് നീക്കിവയ്ക്കുന്നത്. എന്നാല്‍ യഥാവിധി സത്യസന്ധമായും പ്രതിബദ്ധതയോടെയും പണിയെടുക്കുന്നവര്‍ 20 ശതമാനത്തില്‍ താഴെ. കേരളത്തിന്റെ വ്യാവസായിക ഭൂപടം ഏറെ പിന്നിലാണ്. ഇവിടെ ഒരു സ്ഥാപനവും തുടങ്ങാന്‍ അധികൃതര്‍ അനുവദിക്കില്ല. അഥവാ തുടങ്ങിയാല്‍ നടത്തിക്കൊണ്ടുപോകാന്‍ സമ്മതിക്കുകയുമില്ല. സാമ്പത്തിക സൗകര്യമുള്ള ആളുകള്‍ പണം നിക്ഷേപിക്കാന്‍ കേരളമല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല.
കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കടലാസ് പാസായി കിട്ടണമെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത് വലിയ കോലാഹലമായെങ്കിലും മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തെങ്കിലും നമ്മുടെ നാട്ടുനടപ്പും ശീലവും മാറും എന്ന് കരുതാന്‍ വഴിയില്ല.
ജിഹാദ്
2014ല്‍ 298 പേര്‍ മരിക്കാനിടയായ മലേഷ്യന്‍ വിമാന ദുരന്തം ഉക്രെയ്ന്‍ തീവ്രവാദികള്‍ തൊടുത്തുവിട്ട മിസൈല്‍ തട്ടിയാണെന്ന് ഇപ്പോള്‍ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു. ഒരു മാധ്യമവും അവരുടെ മതം തിരിച്ച് തീവ്രവാദ നിറം നല്‍കിയിരുന്നില്ല. അതില്‍ ഒരു മുസ്‌ലിം ഉണ്ടായിരുന്നെങ്കില്‍ ഇസ്‌ലാമിക തീവ്രവാദം എന്ന് തീര്‍ച്ചയായും പ്രചരിപ്പിക്കുമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും കുറ്റവാളികള്‍ കണ്ടെത്തപ്പെട്ടു.
ഇസ്‌ലാമിക തീവ്രവാദം എന്നത് ഒരു സാങ്കല്‍പ്പിക സംഗതിയാണ്. ലോകത്തെല്ലായിടത്തും എല്ലാ സമൂഹങ്ങളിലും കുറ്റവാളികളുണ്ട്. അവരുടെ ചെയ്തികള്‍ നീതീകരിക്കാന്‍ പറ്റാത്തവിധം മനുഷ്യത്വരഹിതമാണ്. മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മാത്രമേ അവരുടെ പ്രവൃത്തികള്‍ കാരണമാകുന്നുള്ളൂ. ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പെടെയുള്ള പ്രവര്‍ത്തനങ്ങളെ മതം തിരിച്ച് പട്ടികയാക്കരുത്. എല്ലാ മതങ്ങളും ലോകത്ത് നിരവധി നന്മകള്‍ സംഭാവന ചെയ്തിട്ടുണ്ട്. മാനവ സമൂഹം ഇന്നനുഭവിക്കുന്ന അറിവിന്റെ വാതില്‍ തുറന്നത് മതങ്ങളാണ്. ഈ സംഭാവനപ്പട്ടികയില്‍ ഇസ്‌ലാമിന്റെ സ്ഥാനം വലുതാണ്. ലോകത്തിലെ എല്ലാ ചിന്തകരും ഒത്തൊരുമിച്ച് സമ്മതിച്ചതാണ് മുഖ്യ സംഭാവന നല്‍കിയത് വിശുദ്ധ ഇസ്‌ലാമാണെന്ന്.
ഇസ്‌ലാമിന്റെ സാന്നിധ്യം ഭയപ്പെടുന്നവര്‍ വെളിച്ചം ഇഷ്ടപ്പെടാത്തവരാണ്. മാനവരാശിയുടെ ഭാവിഭാഗധേയം അറിവിലൂടെ മാത്രമേ സംഭവിക്കൂ. ലോകം അറിഞ്ഞതിന് എത്രയോ ഇരട്ടികള്‍ ഇനിയും അറിയാനുണ്ട്. വിജ്ഞാന കാര്യത്തില്‍ മതങ്ങള്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാവാത്തതാണ്. അതുപോലെ അച്ചടക്കവും അനുസരണ ബോധവും സമസൃഷ്ടി സ്‌നേഹവും. മതങ്ങള്‍ പഠിപ്പിച്ചുതന്ന സാമൂഹ്യ, സാംസ്‌കാരിക മൂല്യങ്ങളുടെ സംഭാവനകള്‍ എങ്ങനെ നിഷേധിക്കാനാവും പള്ളിക്കൂടത്തിലെ കുട്ടികള്‍ തമാശയ്ക്കുവേണ്ടി പ്രേമിച്ചാല്‍ പോലും ലൗ ജിഹാദ് മണക്കുന്നവരും പ്രചരിപ്പിച്ചവരും വാസ്തവത്തില്‍ കടുത്ത തീവ്രവാദികളാണ്.
അക്ഷരലോകം
ഫാസിസം എഴുത്തുകാരെ വിലക്കുകയും മാധ്യമങ്ങളെ വരുതിയിലാക്കുകയും ചെയ്യുക പതിവാണ്. വഴങ്ങാത്തവരെ പരലോക യാത്രയാക്കും. കല്‍ബുര്‍ഗി ഒരു ഉദാഹരണം മാത്രം. എല്ലാ ഏകാധിപതികളും ഈ പ്രവണതയാണ് സ്വീകരിച്ചുവരുന്നത്. പ്രത്യയശാസ്ത്ര വിമര്‍ശകരെയും വെറുതെ വിടില്ല. ചൈനയിലെ ഷിന്‍ ജിയാങ് തടവറയില്‍ ചികിത്സ ലഭിക്കാതെ പീഡിപ്പിക്കപ്പെട്ട ഉയിഗൂര്‍ എഴുത്തുകാരന്‍ നൂര്‍ മുഹമ്മദ് രോഹിത് മരണത്തിനു കീഴടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ ലോക വ്യാപകമായി വേട്ടയാടപ്പെടുന്നു. പല രാഷ്ട്രങ്ങളിലും മാധ്യമങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമില്ല.
സാമ്രാജ്യ ശക്തികള്‍ നിര്‍മിക്കുന്ന വാര്‍ത്തകള്‍ പകര്‍ത്തി എഴുതാനുള്ള അവകാശമാണ് തമ്പുരാന്‍ ഭരണകൂടങ്ങള്‍ അംഗീകരിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇരുട്ടിന്റെ സന്തതികള്‍ ഇഷ്ടപ്പെടുകയില്ല. സഊദി മാധ്യമപ്രവര്‍ത്തകന്‍ ഖശോഗി അങ്കാറയില്‍ വധിക്കപ്പെട്ടത് അറിയാനുള്ള അവകാശത്തിന്റെ അക്ഷര സാധ്യത കൂടിയാണ് ഇല്ലാതാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."