സി.പി.എമ്മിലെ യുവനേതാവ് സ്ഥാനങ്ങള്‍ രാജിവച്ചതായി സമൂഹ മാധ്യമ പോസ്റ്റ്
കൊല്ലം: കൊട്ടാരക്കരയില്‍ സി.പി.എമ്മിലെ യുവനേതാവ് സ്ഥാനങ്ങള്‍ രാജിവച്ചതായി സമൂഹ മാധ്യമ പോസ്റ്റ്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ഭാരവാഹിയും സി.പി.എം ഏര്യ മുന്‍ ജോയിന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയുമായിരുന്ന കല്യാണി സന്തോഷാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതായി ഫേസ് ബുക്കിലൂടെ അറിയിച്ചത്. സി.പി.എം കൊട്ടാരക്കര ലോക്കല്‍ കമ്മറ്റി അംഗത്വവും മറ്റു പാര്‍ട്ടി സ്ഥാനങ്ങളും രാജി വെക്കുന്നതായി അറിയിക്കുന്നെന്നു തുടങ്ങുന്ന ഫെയ്സ് ബുക്ക് പോസ്റ്റില്‍ തനിക്കൊപ്പം നൂറില്‍പരം പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും രാജിവച്ചതായും പറയുന്നു.
മുതലാളിത്തവും പണാധിപത്യവും കൈമുതലാക്കിയ വര്‍ഗ വഞ്ചകര്ക്കെതിരായ പോരാട്ടമാണ് രാജി. അധികാര മോഹികളുടെയും മുതലാളിത്തത്തിന്റെയും കുത്തകയാവരുത് പാര്‍ട്ടിയെന്നും ഓര്‍മപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാജിവെച്ച വിവരം പുറത്തു വിട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് രാജിക്ക് പിന്നിലെന്ന് പറയപ്പെടുന്നു. ഇരുപത്തേഴാം വാര്‍ഡിലെ സീറ്റിനായി സി.പി.എമ്മിലെ മുതിര്‍ന്ന നേതാവായ മുന്‍ കൗണ്‍സിലര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഗ്രൂപ്പു പോരുകള്‍ സജീവമായ കൊട്ടാരക്കരയില്‍ സീറ്റു നിര്‍ണയം നിലവില്‍ സി.പി.എമ്മിനു തലവേദനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."