ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നു നഷ്ടപ്പെട്ട തിരുവാഭരണം കണ്ടെടുത്തു
കോഴിക്കോട്: ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ട അഞ്ചേമുക്കാല്‍ പവന്‍ തൂക്കംവരുന്ന തിരുവാഭരണം കണ്ടെടുത്തു. അമ്പലത്തിലെ കസേരകളും മറ്റും കൂട്ടിയിടുന്ന ഷെഡില്‍ തൂക്കിയിട്ട നിലയിലായിരുന്നു തിരുവാഭരണം കണ്ടെടുത്തത്. കളിക്കുന്നതിനിടെ കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.
അമ്പലത്തിലെ പ്രസാദ ഊട്ടുകാരനും കുതിരവട്ടം സ്വദേശിയുമായ ദിനേശ് എന്നയാളുടെ മകനും ഏഴാംക്ലാസ് വിദ്യാര്‍ഥിയുമായ അതുല്‍കൃഷ്ണക്കാണ് ആഭരണം കിട്ടിയത്. അമ്പലത്തിലെ തെക്കേനടയോടു ചേര്‍ന്ന് ഗോവിന്ദപുരം എ.യു.പി.സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ആഭരണം ലഭിച്ചത്. ക്ഷേത്രഭാരവാഹികളുടെ യോഗത്തിനായി ഷെഡില്‍നിന്നു കസേര എടുക്കാന്‍ ചെന്നപ്പോഴാണ് ഷെഡില്‍ തൂക്കിയിട്ട നിലയില്‍ ആഭരണം കണ്ടതെന്നാണ് പൊലിസ് പറയുന്നത്. എസ്.ഐ പി.കെ വിനോദന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സി. ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘംസ്ഥലത്തെത്തി ആഭരണം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തിരുവാഭരണത്തിനു പുറമേ മോഷ്ടിച്ച ദേവന്റെ വെള്ളിയില്‍ തീര്‍ത്ത കീരിടം ഉപേക്ഷിച്ച നിലയില്‍ കവര്‍ച്ച നടന്ന ദിവസം തന്നെ ക്ഷേത്രപരിസരത്തുനിന്നു കണ്ടെത്തിയിരുന്നു. ഏപ്രില്‍ 24ന് രാവിലെയാണ് ക്ഷേത്രഭണ്ഡാരത്തില്‍ നിന്നു 25,000 രൂപയും തിരുവാഭരണവും കളവുപോയത്. ക്ഷേത്രത്തിന്റെ തെക്കേ ഭാഗത്തുള്ള വാതിലിന്റെ പൂട്ടുപൊളിച്ചാണു മോഷ്ടാവ് അകത്തുകയറിയതെന്നായിരുന്നു പൊലിസ് നിഗമനം. കോവിലിന്റെ വാതില്‍ താക്കോലിട്ടു പൂട്ടിയിരുന്നില്ല. ഈ വാതില്‍ തുറന്നു അകത്തുകയറിയാണു തിരുവാഭരണം കവര്‍ന്നതെന്നായിരുന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."