ശിവശങ്കര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി കോടതിയില്‍
കൊച്ചി: എം.ശിവശങ്കര്‍ ഇ.ഡിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ തള്ളി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ശിവശങ്കര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇ.ഡി കോടതിയില്‍ നല്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയക്കാരുടേയോ മറ്റാരുടെയങ്കിലുമോ പേര് പറയാന്‍ ശിവശങ്കറിന് യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് ഇ.ഡി അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് ഇ.ഡിയുടെ വിശദീകരണം.
ചില പേരുകള്‍ പറയാന്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ നടത്തുന്നതെന്നുമാണ് തിങ്കളാഴ്ച എം. ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞത്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇ.ഡി വിശദീകരണക്കുറിപ്പ് സമര്‍പ്പിച്ചത്.
സ്വപ്ന സുരേഷുമായി നടത്തിയെന്ന് ആരോപിക്കുന്ന വാട്സാപ് ചാറ്റ് വസ്തുതാരഹിതമാണെന്ന് ശിവശങ്കര്‍ അറിയിച്ചു. വാട്സാപ് സന്ദേശങ്ങളുടെ പൂര്‍ണ രൂപവും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്നയുമായി കള്ളക്കടത്ത് കാര്യത്തില്‍ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹായം തേടിയപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയെന്നും ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്നത് എങ്കില്‍ അന്വേഷണം നടത്തേണ്ടത് കസ്റ്റംസാണ്. ഇ.ഡി അന്വേഷണ സംഘം കഥകള്‍ മെനയുകയാണ്. സ്വപ്ന സുരേഷിെന്റ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ലോക്കറില്‍ നിന്ന് ലഭിച്ച പണം സ്വര്‍ണക്കടത്തില്‍നിന്ന് ലഭിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍, ഇത് സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് തനിക്ക് ലഭിച്ച കൈക്കൂലി എന്നാണ് ഇ.ഡി പറയുന്നത്. രണ്ടു കേന്ദ്ര ഏജന്‍സികളും രണ്ടു രീതിയിലാണ് ഇവ വിശദീകരിക്കുന്നത്. ഇ.ഡിയുടെ അന്വേഷണം ശരിയായ ദിശയിലല്ല. ജാമ്യം ലഭിക്കാതിരിക്കാന്‍ ഇ.ഡി നുണക്കഥകള്‍ പറയുകയാണെന്നും ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."