കണ്ണുംനട്ട് പാകിസ്താന്‍
ലണ്ടന്‍: സെമി സാധ്യത നിലനിര്‍ത്തുന്നതിന് വേണ്ടി പാകിസ്താന്‍ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. പാകിസ്താന്‍ ഏഴാം സ്ഥാനത്തും. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആത്മവിശ്വാസം പാകിസ്താനുണ്ട്. ആറ് മത്സരം കളിച്ച പാകിസ്താന് രണ്ടെണ്ണത്തില്‍ മാത്രമേ വിജയിക്കാനായിട്ടുള്ളു. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ സെമിയിലേക്കുള്ള സാധ്യത തെളിയും.
മികച്ച ബാറ്റിങ്‌നിര ഉണ്ടായിരുന്നിട്ടും മൂന്ന് മത്സരത്തില്‍ പാകിസ്താന് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഒരു മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. ഇന്നത്തെ മത്സരം ജയിക്കുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താനാകും. അതേസമയം ആറില്‍ അഞ്ച് മത്സരവും ജയിച്ച് 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ന്യൂസിലന്‍ഡിനെ തകര്‍ക്കണമെങ്കില്‍ പാകിസ്താന് അല്‍പം വിയര്‍ക്കേണ്ടി വരും. ബാറ്റിങ്‌നിര കരുത്തുറ്റതാണെങ്കിലും ബൗളിങ്ങിലെ പോരായ്മ ക്ഷീണമാണ്. എന്നാല്‍ മുഹമ്മദ് ആമിര്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ ബൗളിങ്ങിലും പാകിസ്താന് പ്രതീക്ഷക്ക് വകയുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരേയുള്ള മത്സരത്തില്‍ ഇമാമുല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ഹാരിസ് സുഹൈല്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ ആറ് വരെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരെങ്കിലും റണ്‍സ് കണ്ടെത്തുമെന്ന വിശ്വാസവും പാകിസ്താനുണ്ട്. അതേസമയം മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമുള്ള കിവീസിന് സമ്മര്‍ദമൊന്നുമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരങ്ങളുള്ളതാണ് കിവീസിന്റെ കരുത്ത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കിവീസിനെ 245 റണ്‍സിന് ചുരുട്ടിക്കെട്ടിയപ്പോള്‍ ബൗളര്‍മാരാണ് കീവിസിനെ രക്ഷിച്ചത്. 241 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ കഥ കഴിക്കാന്‍ കിവീസ് ബൗളിങ് നിരക്കായി. വിന്‍ഡീസിനെതിരേയും കിവികള്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിലാണ് കിവികളുടെ വിശ്വാസം.
എന്തായാലും സെമി പ്രവേശനം ലക്ഷ്യമിട്ട് ഇറങ്ങുന്ന പാകിസ്താന് കിവീസിനെ തോല്‍പ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് പോകുന്ന ബാറ്റിങ്‌നിരയില്‍ വിശ്വാസമര്‍പ്പിച്ചാണ് പാക് പട ഇന്ന് കിവികളെ നേരിടുന്നത്. ഇംഗ്ലണ്ടിനെ തോല്‍പിച്ച ആത്മവിശ്വാസവും പാകിസ്താന് കരുത്ത് പകരുന്നുണ്ട്.
ക്ലാസിക്കില്‍ ഓസീസ്
ല@ണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ആസ്‌ത്രേലിയക്ക് 64 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 221 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റെടുത്ത ജേസണ്‍ ബെറാന്റോഫും നാല് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇംഗ്ലീഷ് ബൗളിങ്‌നിരയുടെ കൃത്യതയാര്‍ന്ന പ്രകടനമാണ് ഓസീസിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറില്‍ തന്നെ പൂജ്യനായി ജെയിംസ് വിന്‍സ് മടങ്ങി. 39 പന്തില്‍നിന്ന് 27 റണ്‍സുമായി ജോണി ബൈറിസ്റ്റോയും പവലിയനിലേക്ക് മടങ്ങി. 9 പന്തില്‍നിന്ന് എട്ട് റണ്‍സുമായി ജോ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് തീര്‍ത്തും പ്രതിരോധത്തിലായി. ഏഴ് പന്തില്‍ നിന്ന് നാല് റണ്‍സുമായി നായകന്‍ ഇയാന്‍ മോര്‍ഗനും മടങ്ങിയതോടെ ആസ്‌ത്രേലിയ വിജയപ്രതീക്ഷയിലെത്തി. ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസീസിന് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
116 പന്തില്‍നിന്ന് 100 റണ്‍സാണ് ഫിഞ്ചിന്റെ സമ്പാദ്യം. 61 പന്തില്‍ ആറ് ബൗണ്ട@റിയുടെ അകമ്പടിയോടെ 53 റണ്‍സെടുത്ത വാര്‍ണറെ മോയിന്‍ അലിയാണ് പുറത്താക്കിയത്. പിന്നാലെ വന്ന ഉസ്മാന്‍ ഖവാജ ഫിഞ്ചിനൊപ്പം മികച്ച പോരാട്ടം തുടര്‍ന്നു. 29 പന്തില്‍ 23 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ സ്റ്റോക്‌സ് ബൗള്‍ഡാക്കിയതോടെ കളിയുടെ നിയന്ത്രണം ഇംഗ്ല@ണ്ട് ഏറ്റെടുത്തു. സെഞ്ചുറി തികച്ച അടുത്ത പന്തില്‍ ഫിഞ്ചിനെ ആര്‍ച്ചറും മടക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി. സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്‌റ്റോയിനിസ് എന്നിവര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.
ഭുവനേശ്വര്‍ കുമാര്‍ പരിശീലനത്തിനെത്തി
ലണ്ടന്‍: ലോകകപ്പിനിടെ പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പരിശീലനത്തിനെത്തി. പാകിസ്താനെതിരായ മത്സരത്തിനിടെയായിരുന്നു ഭുവനേശ്വറിന് പരുക്കേറ്റത്. പരുക്കിനെ തുടര്‍ന്ന് താരം അഫ്ഗാനെതിരേയുള്ള മത്സരത്തില്‍ കളിച്ചിരുന്നില്ല.
രണ്ടേ@ാ മൂന്നോ മത്സരത്തില്‍ പുറത്തിരിക്കേ@ണ്ടിവരുമെന്ന് പ്രതീക്ഷിച്ച ഭുവി നേരത്തെ പരിശീലനം ആരംഭിച്ചത് ഇന്ത്യക്ക് ആശ്വാസമാണ്. നാളെ വിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ താരം ടീമിലെത്തിയേക്കും. അതേസമയം ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്താന്‍ മാത്രമേ ടീമില്‍ പ്രതീക്ഷിക്കേണ്ടതുള്ളു എന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ വിശദീകരണം. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ താരം കളിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനെതിരേ 2.4 ഓവര്‍ എറിയുമ്പോഴേക്കും പരുക്കേറ്റ താരം പിന്മാറുകയായിരുന്നു.
മുഹമ്മദ് ഷമിയായിരുന്നു ഭുവനേശ്വറിന് പകരം അഫ്ഗാനിസ്ഥാനെതിരേ കളത്തലിറങ്ങിയത്. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുകളും ഷമി സ്വന്തമാക്കി. ഭുവനേശ്വര്‍ തിരിച്ചുവരുമ്പോള്‍ മികച്ച ഫോമിലുള്ള ഷമിയെ പുറത്തിരുത്തുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
സംസ്ഥാനത്ത് മൂന്ന് സ്‌പോര്‍ട്‌സ്
ഡിവിഷന്‍ ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ മാതൃകയില്‍ പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ലോക നിലവാരമുള്ള അത്യാധുനിക പരിശീലന സൗകര്യങ്ങളാകും ഇവിടെ ഒരുക്കുകയെന്നും കായിക യുവജനക്ഷേമ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു. കായിക വകുപ്പ് ഏറ്റെടുത്ത ജി.വി രാജ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷം സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കായിക താരങ്ങള്‍ക്ക് വിദേശ പരിശീലകരുടെ സേവനം ലഭ്യമാക്കും. നിലവിലുള്ള പരിശീലകര്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്താനായി പരിശീലന പദ്ധതി ആവിഷ്‌ക്കരിക്കും. നമ്മുടെ കായികതാരങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും മികവുള്ള കൂടുതല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും നാല് കായിക ഇനങ്ങളിലായി കായിക അക്കാദമികള്‍ ആരംഭിക്കും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഷൂട്ടിങ്, കുമാരപുരത്ത് ടെന്നിസ്, ഇടുക്കിയില്‍ വോളിബോള്‍, വയനാട്ടില്‍ അമ്പെയ്ത്ത് എന്നിങ്ങനെയാണ് കായിക വകുപ്പ് അക്കാദമികള്‍ തുടങ്ങുക. വിദേശത്തു നിന്നടക്കമുള്ള വിദഗ്ധരായ പരിശീലകര്‍ ഇവിടെ ഉണ്ടാകും. അത്യാധുനിക ഉപകരണങ്ങളും ശാസ്ത്രീയ പരിശീലന രീതികളുമായിരിക്കും ഉപയോഗിക്കുക.
ചെറുപ്രായത്തില്‍ തന്നെ പ്രതിഭയുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ വിവിധ കായിക ഇനങ്ങളിലായി വിപുലമായ പദ്ധതികള്‍ക്ക് തുടക്കമിടും. ആദ്യ ഘട്ടത്തില്‍ മൂന്ന് ജില്ലകളിലായി ആറ് കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും. ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോളില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കിക്കോഫ് എന്ന പേരില്‍ 19 കേന്ദ്രങ്ങളില്‍ പരിശീലന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം 14 ജില്ലകളില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കും. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ആരോഗ്യ സംരക്ഷണത്തിന് കായികവകുപ്പ് വിവിധ ജില്ലകളിലായി 8 സ്‌പോര്‍ട്‌സ് ലൈഫ് എന്ന പേരില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. പുതുതായി 10 സ്ഥലങ്ങളില്‍കൂടി ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്വാര്‍ട്ടര്‍ ലൈനപ്പായി
സാവോ പോളോ: പ്രാഥമിക റൗണ്ട് പൂര്‍ത്തിയായതോടെ കോപ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള ലൈനപ്പ് തയാറായി. ചിലിയും ഉറുഗ്വെയും തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരത്തോടെയാണ് ക്വാര്‍ട്ടറിലേക്കുള്ള ടീമുകളുടെ കാര്യത്തില്‍ തീരുമാനമായത്.
ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഉറുഗ്വെ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തി. 82-ാം മിനുട്ടില്‍ എഡിസണ്‍ കവാനിയാണ് വിജയ ഗോള്‍ കണ്ടെത്തിത്. ഇതോടെ ഏഴ് പോയിന്റുമായി ഉറുഗ്വെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ആറ് പോയിന്റുള്ള ചിലി രണ്ടാം സ്ഥാനത്താണുള്ളത്.
ജപ്പാനും ഇക്വഡോറും തമ്മിലുള്ള മറ്റൊരു മത്സരം 1-1 എന്ന സ്‌കോറിന് സമനിലയില്‍ കലാശിച്ചു. 15-ാം മിനുട്ടില്‍ ഷോയാ നാകജിമയിലൂടെ ജപ്പാന്‍ ആദ്യം ലീഡ് നേടി. എന്നാല്‍ അധികം വൈകാതെ 35-ാം മിനുട്ടില്‍ ഇക്വഡോര്‍ എഞ്ചയല്‍ മേനയിലൂടെ സമനില കണ്ടെത്തുകയായിരുന്നു. ഇതോടെ രണ്ട് പോയിന്റുമായി ജപ്പാന് മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളു. വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പരാഗ്വെയെ നേരിടും. രാത്രി 12.30ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും വെനസ്വലയും തമ്മിലാണ് മത്സരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ചിലിക്ക് കൊളംബിയയാണ് എതിരാളി. എഡിസണ്‍ കവാനിയുടെ ഉറുഗ്വെ പെറുവിനോടാണ് കൊമ്പുകോര്‍ക്കുക.
ആദ്യ ക്വാര്‍ട്ടറില്‍ ബ്രസീലും അര്‍ജന്റീനയും ജയിക്കുകയാണെങ്കില്‍ സെമിയില്‍ അര്‍ജന്റീന ബ്രസീല്‍ പോരാട്ടം പ്രതീക്ഷിക്കാം. അതേസമയം, ബ്രസീലിന് 2011, 2015 കോപകളില്‍ മടക്കടിക്കറ്റ് നല്‍കിയത് പരാഗ്വെ ആയിരുന്നു. ഈ സമ്മര്‍ദം അവസാനിപ്പിച്ച് മികച്ച പോരാട്ടം നടത്താന്‍ ബ്രസീലിന് കഴിഞ്ഞാല്‍ സെമിയില്‍ പ്രവേശിക്കാനാകും. നിലവിലെ ചാംപ്യന്‍മാരായ ചിലിയും കൊളംബിയയുംതമ്മിലായിരിക്കും മറ്റൊരു ക്ലാസിക് പോരാട്ടം. കാരണം ബി ഗ്രൂപ്പില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി എത്തിയ കൊളംബിയ നിലവിലെ ചാംപ്യന്‍മാരായ ചിലിയെ ആണ് നേരിടുന്നത്.
ഈ മത്സരത്തെ കോപയിലെ മികച്ച മത്സരമായിട്ടാണ് കണക്കാക്കുന്നത്. അതിഥികളായി കോപക്കെത്തിയ ഏഷ്യന്‍ കരുത്തരായ ജപ്പാനും ഖത്തറും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാതെയാണ് മടങ്ങുന്നത്. ആദ്യ മത്സരത്തില്‍ പരാഗ്വെയെ 2-2 ന്റെ സമനിലയില്‍ തളച്ചതാണ് ഖത്തറിന്റെ നേട്ടം. കൊളംബിയക്കെതിരേയും അര്‍ജന്റീനക്കെതിരെയും ഖത്തര്‍ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ജപ്പാന് ഒരു തോല്‍വിയും രണ്ട് സമനിലയുമാണുള്ളത്. ആദ്യ മത്സരത്തില്‍ ചിലിക്കെതിരേ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഉറുഗ്വെയെ 2-2ന് സമനിലയില്‍ പിടിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ഇക്വഡോറിനെയും സമനിലയില്‍ പിടിച്ചു.
പൊലിസ് കായികമേള നാളെ മുതല്‍
മലപ്പുറം: 46മത് കേരള പൊലിസ് സംസ്ഥാന കായികമേള ജൂണ്‍ 27, 28, 29 തിയതികളിലായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ വനിതാ ബറ്റാലിയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ബറ്റാലിയന്‍ യൂനിറ്റുകളില്‍നിന്നും, ലോക്കല്‍ പൊലിസ്, ആംഡ് പൊലിസ്, മറ്റ് സ്‌പെഷല്‍ യൂനിറ്റുകളില്‍ നിന്നുമായി 1500ഓളം പൊലിസ് കായിക താരങ്ങള്‍ പങ്കെടുക്കും.
കായികമേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.15ന് ഒളിംപ്യന്‍ ഷൈനി വിത്സണ്‍ നിര്‍വഹിക്കും. 29ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."