'മമതക്കു കീഴില്‍ മുസ്‌ലിങ്ങളുടെ അവസ്ഥ ഏറെ പരിതാപകരം, അവര്‍ ഒറ്റുപ്പെട്ടു'- ബംഗാളിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉവൈസി
കൊല്‍ക്കത്ത: ബിഹാറിന് പിന്നാലെ പശ്ചിമ ബംഗാളിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ മമത ബാനര്‍ജിക്കെതിരെ ആക്രമണം അഴിച്ചു വിട്ട് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസസുദ്ദീന്‍ ഉവൈസി.
ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ മുസ്‌ലിങ്ങള്‍ ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുസ്‌ലിം വോട്ടര്‍മാര്‍ക്ക് വേണ്ടി മമത ഒന്നും ചെയ്തില്ലെന്നും തുറന്നടിച്ചു.
ബംഗാളിലെ മുസ്‌ലിങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യം മറ്റ് പ്രദേശങ്ങളേക്കാള്‍ മോശമാണ്. മമത ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ മുസ്‌ലിങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും പരിതാപകരമാണ് ബംഗാളിലെ മുസ്‌ലിങ്ങളുടെ അവസ്ഥ. ഇത് തെളിയിക്കാനാവശ്യമായ കണക്കുകള്‍ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ ബംഗാളില്‍ ബി.ജെ.പി ഉണ്ടാക്കിയ നേട്ടം മതേതര പാര്‍ട്ടികളുടെ പരാജയമാണ് കാണിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വികാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മൗസം നൂര്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മാല്‍ഡ സീറ്റില്‍ പരാജയപ്പെട്ടത് എല്ലാവരുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്. മുസ്‌ലിങ്ങള്‍ ഒരു ബദലിന് വേണ്ടി കാത്തിരിക്കുകയാണ്. ഉവൈസി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. പക്ഷെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധമാണോ എന്നറിയേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വ്യത്യസ്തമായ ഒരു കളിയാണ്. ഞാന്‍ കൊല്‍ക്കത്തയിലേക്ക് പോകുകയോ മറ്റൊരിടത്ത് മീറ്റിങ് നടത്തുകയും ചെയ്തതിനുശേഷം തീരുമാനമെടുക്കും. പാര്‍ട്ടി ബംഗാളില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉടന്‍തന്നെ തീരുമാനം എടുക്കുമെന്നും ഉവൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."