പ്രവാസി ആത്മഹത്യകള്‍ക്കെതിരെ പ്രവാസി സംഘടനകളുടെ ബോധവത്കരണം വേണം: കേരള പ്രവാസി കമ്മീഷന്‍
മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ഏറിവരുന്ന ആത്മഹത്യ പ്രവണതകള്‍ക്കെതിരെ പ്രവാസി സംഘടനകളുടെ ബോധവത്കരണ ക്ലാസുകള്‍ ഉണ്ടാകണമെന്നും മലയാളി സംഘടനകളാണ് അതിന് മുന്നിട്ടിറങ്ങേണ്ടതെന്നും പ്രവാസി കമ്മീഷന്‍ (കേരള ) യോഗം അഭിപ്രായപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതെന്ന് ബഹ്‌റൈനിലുള്ള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ ഇവിടെ സുപ്രഭാതത്തെ അറിയിച്ചു.
ഈയിടെയായി ബഹ്‌റൈനിലും സഊദി അറേബ്യയിലും നിരവധി പേരാണ് ആത്മഹത്യ ചെയ്യുന്നത്. പ്രവാസികളിലേക്ക് ഇറങ്ങി ചെന്നുള്ള ബോധവത്കരണം മാത്രമാണിതിന് പരിഹാരമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നിലവില്‍ 10 സെന്റ് ഭൂമി മാത്രമുള്ള പ്രവാസികള്‍ക്ക് ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ വീടാനുമതി ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാരിനോട് വിവരം ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.
കൂടാതെ ബഹ്‌റൈനില്‍ പാസ്‌പോര്‍ട്ടില്‍ സര്‍നെയിം നിര്‍ബന്ധമാക്കുകയും പുതുക്കുമ്പോള്‍ സര്‍നെയിം ചേര്‍ക്കാന്‍ ഏര്‍പ്പെടുത്തിയ അധികഫീ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ റിട്ട. ജസ്റ്റിസ് ഭവദാസ്, അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ബെന്യമിന്‍, ആസാദ് തീരൂര്‍, കമ്മീഷന്‍ സെക്രട്ടറി നിസാര്‍ ഹംസ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."