ഗോവിന്ദപൈ കന്നട സാഹിത്യത്തെ ഉന്നതിയിലെത്തിച്ചു: വീരപ്പമൊയ്‌ലി എം.പി
കാസര്‍കോട്: മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ കന്നട സാഹിത്യത്തെ ഉന്നതിയിലെത്തിച്ച സാഹിത്യപ്രതിഭയാണ് രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ യെന്ന് ഡോ. എം. വീരപ്പമൊയ്‌ലി എം.പി. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ട്രസ്റ്റ് സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് മഞ്ചേശ്വരം ഗിളിവണ്ടു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗോവിന്ദ പൈ സാഹിത്യത്തെക്കുറിച്ചുള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്നടയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാഹിത്യകാരന്മാരിലൊരാളാണ് ഗോവിന്ദപൈ. എല്ലാ മതങ്ങളുടെയും നല്ല വശങ്ങള്‍ തന്റെ സാഹിത്യത്തിലൂടെ ജനങ്ങളിലേക്ക് ആഴത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ എത്തിക്കാന്‍ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. അത്രയേറെ ഹൃദയസ്പര്‍ശിയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. എല്ലാ മതങ്ങളുടെയും നല്ല മൂല്യങ്ങള്‍ രചനകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം കന്നട സാഹിത്യത്തെയും കവി ഉന്നതിയിലെത്തിച്ചു.
ജപ്പാന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, ബംഗാളി, പാലി, ഉറുദു, തുളു, സംസ്‌കൃതം, തെലുങ്ക്, തമിഴ്, മറാത്തി എന്നിങ്ങനെ 25 ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്ന കവിയും ഗവേഷകനുമായ അത്ഭുത പ്രതിഭയായിരുന്നു അദ്ദേഹം. എല്ലാവര്‍ഷവും ഡിസംബറില്‍ എം. ഗോവിന്ദപൈ സാഹിത്യോത്സവം ദേശിയ തലത്തില്‍ സംഘടിപ്പിക്കുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ വീരപ്പമൊയ്‌ലി പറഞ്ഞു. സാഹിത്യകാരനും കന്നട നിരുപകനുമായ ഗിറാഡി ഗോവിന്ദരാജ് അധ്യക്ഷനായി. സാഹിത്യകാരന്‍മാരായ ബി.എ വിവേക് റായ്, ഡി.കെ.ചൗട്ട, എസ്.പി മഹാലിങ്കേശ്വര്‍, എന്‍.എ ദാമോദര്‍ ഷെട്ടി സംസാരിച്ചു. ചടങ്ങില്‍ എം. ഗോവിന്ദപൈയുടെ പ്രശസ്തമായ കവിത ഗായകന്‍ ചന്ദ്രശേഖര്‍ ഐത്താള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."