കൊവിഡും തോല്‍ക്കും നല്ല ആരോഗ്യശീലങ്ങളില്‍
സ്പാനിഷ് ഫ്‌ളൂവിനു ശേഷം ഒരു വൈറസിനെ തുടര്‍ന്നുണ്ടാകുന്ന കൊവിഡ് 19 എന്ന രോഗം നമുക്കിടയില്‍ എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ഇന്നും ശാസ്ത്രലോകത്തിനും വൈദ്യശാസ്ത്രത്തിനും പിടികൊടുക്കാതെ ലോക രാജ്യങ്ങളില്‍ അതിവേഗം പടരുകയാണ് കൊവിഡ്. ചൈനയിലെ വുഹാനില്‍ 2019 നവംബര്‍ 17നാണ് ഒരാളില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലോകവ്യാപകമായി 1.5 കോടി പേരില്‍ രോഗം ഇപ്പോഴുമുണ്ട്. അഞ്ചു കോടി പേര്‍ക്ക് ഇതിനകം രോഗം വന്നുപോയി. 190 രാജ്യങ്ങളില്‍ എത്തിയ രോഗം എന്നു നിയന്ത്രണത്തിലാകും എന്നു പറയാനാകില്ല.
വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണെങ്കിലും ഇപ്പോഴും ഒരു രാജ്യവും പൊതുജനങ്ങള്‍ക്കു നല്‍കിത്തുടങ്ങിയിട്ടില്ല. രോഗാരംഭത്തില്‍ തന്നെ കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു.
എന്നാല്‍ ഓരോ രാജ്യത്തിനും നിയന്ത്രിക്കാന്‍ കഴിയുന്നതിനുമപ്പുറത്തായിരുന്നു രോഗപ്രസരണ തോത്. മാസങ്ങളോളം ലോകരാജ്യങ്ങളില്‍ പലതും ലോക്ക് ഡൗണിലായി. പല രാജ്യങ്ങളുടെയും സാമ്പത്തിക നട്ടെല്ല് ഒടിച്ചു. വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടങ്ങളും വരെ പ്രതിസന്ധിയിലായി. ഇതിനകം പലയിടത്തും രോഗത്തോത് കുതിച്ചുയര്‍ന്നു. ആ ഘട്ടത്തില്‍ തന്നെ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതരായി. പിന്നീടുള്ള ജീവിതം കൊവിഡിനൊപ്പം എന്നതായി.
ഇതിനിടെ സമൂഹത്തില്‍ വലിയതോതില്‍ വ്യാപിച്ച കൊവിഡിനെ അടച്ചിടല്‍ കൊണ്ട് നിയന്ത്രിക്കുക അസാധ്യമാണെന്ന തിരിച്ചറിവിലേക്ക് ജനങ്ങളും സര്‍ക്കാരുകളും എത്തി. ചികിത്സയ്ക്കും രോഗനിര്‍ണയത്തിനുമുള്ള പ്രോട്ടോകോളും സംവിധാനങ്ങളും ലഭ്യമാക്കുക മാത്രമേ കൊവിഡിനു മുന്നില്‍ മനുഷ്യനു ചെയ്യാനായൂള്ളൂ. ലോകം മുഴുവന്‍ മാസ്‌ക്കണിയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം ആകുമ്പോഴും ഇന്നലത്തെ ആഗോള തലത്തിലെ കണക്കനുസരിച്ച് രാത്രി വരെ 13.34 ലക്ഷം പേരെ കൊവിഡ് മരണത്തിലേക്കു കൊണ്ടുപോയി. 3.86 കോടി പേര്‍ രോഗമുക്തരായി.
യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വികല ആരോഗ്യ നയം കാരണം പടര്‍ന്നുപിടിച്ച രോഗം ഇപ്പോഴും നിയന്ത്രിക്കാനായിട്ടില്ല. 1.15 കോടി പേര്‍ക്കാണ് അവിടെ രോഗം ബാധിച്ചത്. ഇപ്പോഴും കൊവിഡ് ബാധിത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എസ് ആണ്. നേരത്തെ പട്ടികയില്‍ വളരെ പിന്നിലായിരുന്ന ഇന്ത്യ മാസത്തിലേറെയായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കാനിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനയില്‍ വ്യാപിച്ച വൈറസ് ഡിസംബറില്‍ യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 11നു 61കാരന്‍ ചൈനയില്‍ മരിച്ചതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കൊവിഡ് മരണം. ജനുവരിയില്‍ ആഗോളതലത്തില്‍ 100 പേരില്‍ രോഗം കണ്ടെത്തി. ബ്രിട്ടനിലും യൂറോപ്പിലും രോഗം അതിവേഗം വ്യാപിച്ചു. മാര്‍ച്ചില്‍ മരണസംഖ്യ 2.5 ലക്ഷമായി ഉയര്‍ന്നു. ലോക നേതാക്കളും രോഗത്തിന് ഇരകളായി.
ജനുവരിയിലാണ് ലോകാരോഗ്യ സംഘടന രോഗത്തിന് കൊവിഡ് 19 എന്നു പേരിട്ടത്. ഇന്ത്യയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലായിരുന്നു. ചൈനയില്‍നിന്നു തൃശൂരിലെത്തിയ വിദ്യാര്‍ഥിയിലായിരുന്നു രോഗം കണ്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ കേരളം കൊവിഡിനെ പൊരുതിത്തോല്‍പ്പിച്ചു. ആഗോളതലത്തില്‍ കേരളത്തിന്റെ രോഗ പ്രതിരോധ, ചികിത്സാ പ്രോട്ടോകോള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നാലെ മണ്‍സൂണ്‍ കാലമെത്തിയതോടെ രാജ്യവ്യാപകമായി രോഗം പടര്‍ന്നു. കേരളത്തിലും രോഗം കൂടി. മാര്‍ച്ചില്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും പിന്നീട് കേസുകളുടെ എണ്ണവും മരണസംഖ്യയും കൂടി. ക്വാറന്റൈന്‍, ഐസൊലേഷന്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ തുടങ്ങി മലയാളിക്ക് പരിചിതമല്ലാത്ത വാക്കുകള്‍ എല്ലാവരും പറഞ്ഞു തുടങ്ങി. പലരും ക്വാറന്റൈനിലായി. ആരോഗ്യപ്രവര്‍ത്തകര്‍ രാപകല്‍ അധ്വാനിച്ച് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ജനങ്ങളുടെ ശ്രദ്ധക്കുറവും അലംഭാവവും രോഗവ്യാപനം കൂട്ടി. തുടക്കത്തില്‍ ലോക്ക് ഡൗണ്‍ ആസ്വദിച്ചവര്‍ക്കെല്ലാം പിന്നീട് പഴയ സ്വാതന്ത്ര്യം തിരിച്ചുകിട്ടാനുള്ള വ്യഗ്രതയായിരുന്നു. ഇത്തരം എടുത്തുചാട്ടങ്ങള്‍ രോഗം വ്യാപിക്കാനിടയായി. മാസ്‌ക്കില്‍ എത്രനാള്‍ എന്ന ചിന്ത പലരിലും രോഗകാരണമായി.
ജലദോഷം പോലെ നിസാരമെന്ന ചിന്തയും രോഗവ്യാപനത്തിനു മറ്റൊരു കാരണമായി. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളാണ് പിന്നീട് അറിഞ്ഞത്. കൊവിഡ് ചികിത്സയും കൊവിഡാനന്തര ചികിത്സയും വലിയ വെല്ലുവിളിയായി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതാചാരപ്രകാരം അടക്കം ചെയ്യുന്നതിനു സര്‍ക്കാര്‍ ഇറക്കിയ പ്രോട്ടോകോള്‍ വിലങ്ങുതടിയായി. പലര്‍ക്കും മരണാനന്തര കര്‍മങ്ങള്‍ നിഷേധിക്കപ്പെടുകയോ ബന്ധുക്കള്‍ക്കു പോലും നിയന്ത്രണം പാലിച്ച് കാണുകയോ ചെയ്യാന്‍ കഴിയാത്തത് വേദനയുണ്ടാക്കി. മൃതദേഹത്തില്‍നിന്ന് വൈറസ് പടരില്ലെന്ന ലോകാരോഗ്യ സംഘടനയുടെയും മറ്റും നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ തയാറാക്കിയ പ്രോട്ടോകോളാണ് വില്ലനായത്. പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ കുറച്ചെങ്കിലും ഇളവ് നല്‍കിയത്.
ഓരോ വ്യക്തിയെയും രാജ്യത്തെയും ദിനചര്യകളെയും സാമ്പത്തിക സ്ഥിതിയെയും മാറ്റിമറിച്ചാണ് കൊവിഡ് നമുക്കിടയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്. തൊഴില്‍രഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. പ്രവാസികളും വളരെയേറെ കഷ്ടതകളാണ് അനുഭവിച്ചത്. സ്വദേശിവല്‍ക്കരണത്തിനിടെ ജോലിനഷ്ടവും അവരെ തളര്‍ത്തി. മാസ്‌ക്, സാമൂഹിക അകലം, വ്യക്തി ശുചിത്വം, പരിസര മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവയിലെല്ലാം കൊവിഡ് ചില നല്ല ശീലങ്ങള്‍ക്ക് വഴിയൊരുക്കി.
വാക്‌സിന്‍ കണ്ടെത്തിയാലും കൊവിഡിനെ തടയാനാകില്ലെന്നാണ് കൊവിഡ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ഭൂമിയില്‍നിന്ന് ഈ വൈറസിനെ ഇല്ലാതാക്കല്‍ എളുപ്പമല്ല. അതേസമയം കരുതല്‍ എല്ലായ്‌പ്പോഴുമുണ്ടെങ്കില്‍ നമുക്ക് ഈ മഹാമാരിയെ അകറ്റിനിര്‍ത്താം എന്നതാണ് കൊവിഡിനൊപ്പമുള്ള ഒരു വര്‍ഷം നമ്മെ ഓര്‍മിപ്പിക്കുന്നത്. നല്ല ആരോഗ്യ ശീലങ്ങള്‍ പിന്തുടരുന്നത് കൊവിഡിനെ മാത്രമല്ല, മറ്റു രോഗങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."