ഓളപ്പരപ്പിലെ പൂമ്പാറ്റയായി ലിയാന
തിരുവനന്തപുരം: ഓളപ്പരപ്പിലെ പൂമ്പാറ്റയായി ലിയാന ഫാത്തിമ ഉമര്‍. സാജന്‍ പ്രകാശിന്റെ കരുത്തില്‍ മാത്രം മെഡല്‍വേട്ട നടത്തിയ കേരളത്തിന് വെങ്കല പതക്കം സമ്മാനിച്ച് ലിയാന താരമായി. പരിചയ സമ്പത്ത് കരുത്താക്കി നീന്താനിറങ്ങിയ ചേച്ചിമാരെ പൊരുതി തോല്‍പ്പിച്ചാണ് വനിതകളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ലിയാന ഫാത്തിമ കേരളത്തിന് വെങ്കലം സമ്മാനിച്ചത്. ജൂനിയര്‍ മീറ്റുകളിലെ വ്യക്തിഗത ചാംപ്യനും ദേശീയ മെഡല്‍ ജേതാവുമായി തിളങ്ങിയാണ് സീനിയര്‍ മീറ്റിലും പുമ്പാറ്റയായി ലിയാന ഓളപ്പരപ്പില്‍ പറന്നത്. 29.00 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ലിയാന കേരളത്തിന് മെഡല്‍ സമ്മാനിച്ചത്. ചോറ്റാനിക്കര ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഈ പതിനാലുകാരിയുടെ ഇഷ്ടയിനം 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈക്കു പുറമേ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ കൊച്ചുമിടുക്കി നീന്തല്‍ തുടങ്ങിയത്.
എറണാകുളം വെണ്ണല റഹ്മത്തില്‍ ഉമര്‍ നിസാറിന്റെയും റാഹിലയുടെയും പുത്രിയാണ്. ഏക സഹോദരി ജുമാന ഡിഗ്രി വിദ്യാര്‍ഥിയാണ്. ദുബൈയിലും കൊച്ചിയിലുമായി പരിശീലനം നടത്തുന്ന ലിയാനയുടെ മാവേലിപുരം റെക്കയിലെ കോച്ച് സന്തോഷ്‌കുമാറാണ്. ദുബൈയിലും കൊച്ചിയിലുമായി ഇന്‍കല്‍ വെഞ്ചേഴ്‌സ് എന്ന പേരില്‍ ബിസിനസ് സ്ഥാപനം നടത്തുകയാണ് ഉമര്‍ നിസാര്‍. 28.72 സെക്കന്റില്‍ നീന്തിയെത്തിയ ഹരിയാനയുടെ ദിവ്യ സജിത സ്വര്‍ണവും സ്വിമ്മിങ് ഫെഡറേഷന്റെ കെനിഷ ഗുപ്ത (28.94) വെള്ളിയും നേടി. ലിയാനയെ കൂടാതെ കേരളത്തിന്റെ രണ്ട് താരങ്ങള്‍ കൂടി ഇന്നലെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. 100 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്ക് വനിത, പുരുഷ വിഭാഗങ്ങളില്‍ മത്സരിച്ച ആരാധന ബേക്കലിനും എസ് സുനീഷിനും അവസാന സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.
പിരപ്പന്‍കോട് നീന്തല്‍ കുളത്തില്‍ ഇന്നലെ രണ്ട് റെക്കോര്‍ഡുകളാണ് പിറന്നത്. ഇതോടെ ദേശീയ റെക്കോര്‍ഡുകളുടെ എണ്ണം 16 ആയി. വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ റിച്ച മിശ്രയും സ്വര്‍ണം സ്വന്തമാക്കി. 9.14.22 സെക്കന്റിലാണ് ഇന്ത്യന്‍ പൊലിസ് താരമായ റിച്ച മിശ്ര സ്വര്‍ണം നേടിയത്. തമിഴ്‌നാടിന്റെ ഭവിക ദുഗര്‍ (9.22.57) വെള്ളിയും കര്‍ണാടകയുടെ കുഷി ദിനേഷ് (9.22.62) വെങ്കലവും നേടി. 200, 400 മെഡ്‌ലേ, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും മിശ്ര സ്വര്‍ണം നേടിയിരുന്നു. സഹോദരിയും മുന്‍ ഇന്ത്യന്‍ താരവുമായ ചാരു മിശ്രയാണ് റിച്ചയുടെ പരിശീലക. പുരുഷന്മാരുടെ 400 മീറ്റര്‍ മെഡ്‌ലേയില്‍ മധ്യപ്രദേശിന്റെ അദ്വൈത് പാജേ സ്വര്‍ണം നേടി. 4.30.92 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അദ്വൈത് സ്വര്‍ണം നേടിയത്. തമിഴ്‌നാടിന്റെ ടി. എമില്‍ റോബിന്‍ സിംഗ് (4.37.14) വെള്ളിയും റെയില്‍വേയുടെ സനു ദേബനാഥ് (4.39.71) വെങ്കലവും നേടി.
പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വിമ്മിങ് ഫെഡറേഷന്റെ രാജ്യാന്തരതാരം വീര്‍ധവാല്‍ ഖാഡേ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 24.26 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വീര്‍ധവാല്‍ രണ്ടാമത്തെ സ്വര്‍ണം നേടിയത്. 2009 ല്‍ തിരുവനന്തപുരത്ത് തന്നെ സ്ഥാപിച്ച 24.36 സെക്കന്റ് എന്ന സ്വന്തം റെക്കോര്‍ഡാണ് വീര്‍ധവാല്‍ തിരുത്തിയത്. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും സ്വര്‍ണം നേടിയിരുന്നു. റെയില്‍വേയുടെ സുപ്രിയ മൊന്‍ഡാല്‍ (24.86) വെള്ളി നേടി. റെയില്‍വേയുടെ തന്നെ മലയാളിതാരം ശര്‍മ എസ്.പി നായര്‍ക്കാണ് (25.19) വെങ്കലം. വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വിമ്മിങ് ഫെഡറേഷന്‍ താരം കെനിഷ ഗുപ്ത സ്വര്‍ണം നേടി. 58.75 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കെനിഷ സ്വര്‍ണം നേടിയത്. ഹരിയാനയുടെ ശിവാനി ഖട്ടാരിയ (58.77) വെള്ളിയും റെയില്‍വേയുടെ അദിത് ദുമാക്കര്‍ (59.13) വെങ്കലവും നേടി. പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വിമ്മിങ് ഫെഡറേഷന്റെ നീല്‍ റോയിക്ക് സ്വര്‍ണം. 51.45 സെക്കന്റില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജനെ (51.64) വെള്ളിയിലേക്ക് പിന്‍തള്ളിയാണ് നീല്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഗുജറാത്തിന്റെ അന്‍ഷുല്‍ കോത്താരി (52.22) വെങ്കലം നേടി. പുരുഷന്മാരുടെ 4200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ കര്‍ണാടക (7.48.05) സ്വര്‍ണവും സ്വിമ്മിങ് ഫെഡറേഷന്‍ (7.51.29) വെള്ളിയും റെയില്‍വേ (7.52.75) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."