തളിപ്പറമ്പ് നഗരസഭ;കൗണ്‍സില്‍ യോഗത്തില്‍ നിന്നു വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ഇറങ്ങിപ്പോയി
തളിപ്പറമ്പ്: പദ്ധതി നടത്തിപ്പില്‍ നിന്നു മനപ്പൂര്‍വം മാറ്റിനിര്ത്തുന്നുവെന്നാരോപിച്ച് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്നു സ്ഥിരംസമിതി ചെയര്മാന് ഇറങ്ങിപ്പോയി. ചെയര്മാന് അള്ളാംകുളം മഹമൂദിന്റെ നയങ്ങളില്‍ വിയോജിച്ച് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.കെ സുബൈറാണ് ഇറങ്ങിപ്പോയത്. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അറിയാതെ പൊതുപരിപാടി സംഘടിപ്പിച്ചതിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തില്‍ ചെയര്മാന് പരിപാടി നടത്തിയവരെ ന്യായീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.
സുബൈറിനെ അനുകൂലിച്ച് സ്ഥിരം സമിതി ചെയര്മാന് പി. മുഹമ്മദ് ഇഖ്ബാലും രംഗത്തുവന്നു. നഗരസഭാ കൗണ്‍സിലിന്റെ ചരിത്രത്തിലാദ്യമായി നടന്ന ഈ സംഭവത്തോടെ ലീഗിലെ ഗ്രൂപ്പ് വഴക്ക് സജീവമായി പുറത്തുവന്നിരിക്കുകയാണ്.
പ്രതിപക്ഷം ഇതിനെതിരേ രംഗത്തുവന്നെങ്കിലും ചെയര്മാന് കൂടുതല്‍ ചര്‍ച്ച അനുവദിച്ചില്ല. സി.പി.എമ്മിലെ കെ.വി റഫീക്ക്, വി.വി കുഞ്ഞിരാമന്, ടി. പ്രകാശന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിഷയം ചെയര്മാന് ലഘൂകരിക്കുന്നതായി ഇവര്‍ പറഞ്ഞു. നഗരസഭയിലെ മേഖല തിരിച്ചുള്ള നികുതി പിരിവ് അശാസ്ത്രീയമാണെന്നും ഇത് പുന:പരിശോധിക്കണമെന്നും ബി.ജെ.പി അംഗം കെ. വല്‍സരാജ് ആവശ്യപ്പെട്ടു.
തളിപ്പറമ്പ് ടൗണ്സ്ക്വയറിനും ചുറ്റും സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയതായി ചെയര്മാന് യോഗത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."