കൊടുവള്ളി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെ മുഖഛായ മാറ്റാന്‍ പദ്ധതികളുമായി നഗരസഭ
കൊടുവള്ളി: നഗരസഭാ പരിധിയിലെ പ്രധാന ആരോഗ്യകേന്ദ്രമായ കൊടുവള്ളി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി സമഗ്ര വികസന പദ്ധതി വരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണു തീരുമാനം. പ്രാഥമികഘട്ടത്തില്‍ എക്‌സറേ യൂനിറ്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷവും മെഡിക്കല്‍ ലാബില്‍ അനലൈസര്‍ സ്ഥാപിക്കുന്നതിന് മൂന്നു ലക്ഷവും മെഡിക്കല്‍ സ്റ്റോര്‍, ലാബ് എന്നിവ ശീതീകരിക്കുന്നതിനു രണ്ടു ലക്ഷം രൂപയും അനുവദിക്കും.
ആശുപത്രിയില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാനും ടോക്കണ്‍ സംവിധാനമൊരുക്കാനും മാലിന്യ സംസ്‌കരണം നടപ്പാക്കാനും പദ്ധതിയുണ്ട്. ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അനുവദിക്കാന്‍ നടപടിയെടുക്കണമെന്നു ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. സാംക്രമിക യോഗങ്ങള്‍ തടയുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്താനും തീരുമാനിച്ചു. നഗരസഭാ പരിധിയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.
യോഗത്തില്‍ നഗരസഭാ ഉപാധ്യക്ഷന്‍ എ.പി മജീദ് മാസ്റ്റര്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. ശിവദാസന്‍, റസിയ ഇബ്രാഹിം, മെഡിക്കല്‍ ഓഫിസര്‍ നൂറുല്‍ ഇസ്‌ലാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ടി ഗണേശന്‍, പി.സി അഹമ്മദ് ഹാജി, സി.എം ഗോപാലന്‍, സി.പി അബ്ദുല്‍ റസാഖ്, പി.ടി സദാശിവന്‍, വി.കെ അബ്ദുഹാജി, കെ.കെ.എ കാദര്‍, കെ. സുരേന്ദ്രന്‍, ഒ.കെ നജീബ്, കെ.കെ അദ്രമാന്‍ കുട്ടി, ടി.കെ അത്തിയത്ത്, കല്ലിടുക്കില്‍ അബു, അബ്ദുല്‍ ഗഫൂര്‍, പി.വി ബാബു, റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."