സൂപ്പര്‍ ഫോര്‍ സൂപ്പറാക്കാന്‍ ഇന്ത്യ
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്താനുമായി കൊമ്പുകോര്‍ക്കും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേയും രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരേയും ഇന്ത്യ ജയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയത്. ശ്രീലങ്കയും ഹോങ്കോങ്ങും നേരത്തെ ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന്, ഇന്ത്യ എന്നീ ടീമുകളാണ് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. സൂപ്പര്‍ ഫോറിലെ മത്സരങ്ങള്‍ക്ക് ശേഷം കൂടുതല്‍ പോയിന്റുള്ള രണ്ട് ടീമുകളായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചു വന്ന രവീന്ദ്ര ജഡേജയുടെ കരുത്തിലായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെതിരേ ജയിച്ചത്. പാകിസ്താനെതിരേയുള്ള മത്സരത്തിലും ജഡേജ ഫോം നിലനിര്‍ത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.
ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ജഡേജ നാലു വിക്കറ്റ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെ കുറഞ്ഞ സ്കോറിലൊതുക്കാന് ജഡേജയുടെ പ്രകടനം തുണയായി. ഒരു വര്‍ഷത്തിലധികമായി താരം ഏകദിന ടീമില്‍നിന്ന് പുറത്താണ്. യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമായിരുന്നു ജഡേജക്ക് പകരമായി സ്പിന്‍ നിരയെ നയിച്ചിരുന്നത്.
ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായതോടെയാണ് ജഡേജ ടീമിലെത്തിയത്. ജഡേജയുടെ വരവോടെ മൂന്നു സ്പിന്നര്‍മാരുള്ള ടീമായി ഇന്ത്യ മാറി. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേ പേസര്‍മാരുടെ ഓവറില്‍ റണ്ണൊഴുക്ക് കൂടിയപ്പോള്‍ സ്പിന്നര്‍മാരെ പരീക്ഷിച്ചാണ് ഇന്ത്യ റണ്ണൊഴുക്കിന് തടയിട്ടത്.
സ്പിന്‍ തന്ത്രം അടുത്ത മത്സരത്തിലും വിജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് പാകിസ്താനോട് അനായാസം ജയിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ചതിനാല്‍ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണുള്ളത്. ബാറ്റ്സ്മാന്മാരും മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് തുണയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."