ബസുകളുടെ കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
15വര്‍ഷത്തില്‍നിന്ന് 20 ആക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ
കൊച്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കാലദൈര്‍ഘ്യം കൂട്ടിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാലാവധി നീട്ടാന്‍ തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹൈക്കോടതി നേരത്തെ വിളിച്ചു വരുത്തിയിരുന്നു. ഈ ഫയലുകള്‍ പരിശോധിച്ച കോടതി നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടോ മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി ആശയ വിനിമയങ്ങളോ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പല തവണ ആവശ്യപ്പെട്ടിട്ടും ഗതാഗത വകുപ്പ് സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടില്ല. കേസില്‍ എറണാകുളം ആര്.ടി.ഒ യെ 29ാം എതിര് കക്ഷിയായും ഹൈക്കോടതി സ്വമേധായ കക്ഷി ചേര്‍ത്തു. സ്വകാര്യ ബസുകളുടെ കാലദൈര്‍ഘ്യം പതിനഞ്ചില്‍നിന്ന് ഇരുപത് വര്‍ഷമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ചൂണ്ടി സ്വദേശിയായ പി.ഡി മാത്യു നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഇടക്കാല ഉത്തരവ്.
സംസ്ഥാന ഗതാഗത കമ്മിഷന്റെ ഉത്തരവുകളും വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള 15 വര്‍ഷ കാലാവധി 12 ആയി കുറയ്ക്കണമെന്ന വിദഗധ സമിതി ശുപാര്‍ശ പോലും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
ഉത്തരവിറക്കുന്നതിന് മുന്‍പ് പൊതുജനാഭിപ്രായം കേട്ടിരുന്നോ എന്നും ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹിയറിങ് നടത്തിയോ എന്നുമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.
യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള ബസുകള്‍ എറണാകുളം നഗരത്തില്‍ സര്‍വിസ് നടുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹരജി ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."