സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കി, പകരം നാലാം അലോട്ട്‌മെന്റ്; വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
മൂന്നാം അലോട്ട്‌മെന്റോടുകൂടി ഹയര്‍ ഓപ്ഷന്‍ റദ്ദാക്കിയവരാണ് വെട്ടിലായത്
നിലമ്പൂര്‍: ഒന്നാം സെമസ്റ്റര്‍ ബിരുദ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ പ്രതീക്ഷിച്ച വിദ്യാര്‍ഥികളില്‍ പലര്‍ക്കും തിരിച്ചടിയായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ നാലാം അലോട്ട്‌മെന്റ് പ്രഖ്യാപനം.
ഈ അധ്യയന വര്‍ഷം ബിരുദ പ്രവേശനത്തിന് മൂന്ന് അലോട്ട്‌മെന്റുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അതിനു ശേഷം സ്‌പോട്ട് അഡ്മിഷന്‍ ആയിരിക്കും നടക്കുകയെന്നുമാണ് യൂനിവേഴ്‌സിറ്റി അറിയിച്ചിരുന്നത്. ഇക്കാര്യം നേരത്തെ യൂനിവേഴ്‌സിറ്റി അധികൃതര്‍ കോളജുകളെയും വെബ്‌സൈറ്റിലൂടെയും സര്‍ക്കുലറിലൂടെയും അറിയിച്ചിരുന്നു. മൂന്നാം അലോട്ട്‌മെന്റോട്കൂടി താല്‍ക്കാലികമായോ സ്ഥിരമായോ പ്രവേശനം നേടണമെന്നും വിദ്യാര്‍ഥികളെയും അറിയിച്ചിരുന്നു. ഇതുപ്രകാരം ദൂര സ്ഥലങ്ങളില്‍ സ്വാശ്രയ കോളജുകളില്‍ ഉള്‍പ്പെടെ മാന്‍ഡേറ്ററി ഫീസ് അടച്ച് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു. ഇനി അലോട്ട്‌മെന്റ് വരില്ലെന്ന് കണ്ട് ഹയര്‍ ഒപ്ഷന്‍ റദ്ദാക്കിയവരും ഏറെയുണ്ട്. ഇതിനിടെയാണ് ബിരുദ പ്രവേശനത്തിന് ഇനിയൊരു നാലാം അലോട്ട്‌മെന്റ് നടത്തുന്ന കാര്യം ഇന്നലെ വൈകിട്ട് വെബ്‌സൈറ്റിലൂടെ യൂനിവേഴ്‌സിറ്റി പുറത്തുവിട്ടത്.
മൂന്ന് അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ജൂലൈ 2 മുതല്‍ 5 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്താനാണ് നേരത്തെ യൂനിവേഴ്‌സിറ്റി സര്‍ക്കുലര്‍ നല്‍കിയിരുന്നത്. പത്രങ്ങളില്‍ വാര്‍ത്ത നല്‍കി സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നായിരുന്നു കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം പത്രദ്വാര വിദ്യാര്‍ഥികളെ വിവരമറിയിക്കുകയും ചെയ്തു.
ഇതിനിടെയാണ് സിന്‍ഡിക്കേറ്റിന്റെ നിര്‍ദേശപ്രകാരം കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്നതിന് തീരുമാനമുണ്ടായത്. ഇതോടെ സ്‌പോട്ട് അഡ്മിഷന്‍ നടക്കുമെന്ന പഴയ സര്‍ക്കുലര്‍ മാറ്റി നാലാം അലോട്ട്‌മെന്റ് ഉണ്ടാവുമെന്ന് കാണിച്ച് ഇന്നലെ വൈകിട്ട് അഞ്ചരയോടെ അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റിലൂടെ അറിയിപ്പ് നല്‍കുകയായിരുന്നു.
ഇനി സ്‌പോട്ട് അഡ്മിഷന്‍ ആണ് നടക്കുകയെന്ന് കരുതി ഹയര്‍ ഓപ്ഷന്‍ റദ്ദാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇതോടെ സമീപ കോളജുകളില്‍ പഠിക്കാനുള്ള അവസരമാണ് നഷട്മാകുന്നത്. അതേസമയം ഹയര്‍ ഒാപ്ഷന്‍ റദ്ദാക്കാത്ത വിദ്യാര്‍ഥികള്‍ അവസരം ഉപയോഗിച്ചില്ലെങ്കില്‍ ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നു പുറത്താവുകയും ചെയ്യും.
ഇനി അഥവാ നാലാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പ്രവേശനം ലഭിച്ചാല്‍ പോലും സ്വാശ്രയ കോളജുകളില്‍ ചേര്‍ന്നവര്‍ക്ക് ഒന്നാം സെമസ്റ്റര്‍ ഫീസ് ഭാഗികമായോ പൂര്‍ണമായോ നല്‍കാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റും നേടാനാവില്ല. ഇതും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവും.
നേരത്തെ തന്നെ നാലാം അലോട്ടമെന്റ് ഉണ്ടാവുമെന്ന് അറിയിച്ചിരുന്നുവെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടിവരില്ലായിരുന്നുവെന്ന് രക്ഷിതാക്കളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."