ഹിസ്ബുല്ല സാമ്പത്തിക വിഭാഗം തലവന്‍ ബ്രസീലില്‍ അറസ്റ്റില്‍
ബ്രസീലിയ: ലബനാനിലെ പ്രമുഖ സായുധ വിഭാഗമായ ഹിസ്ബുല്ലയുടെ നേതാവ് ബ്രസീലില്‍ അറസ്റ്റില്‍. ഹിസ്ബുല്ലയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതായി അമേരിക്ക ആരോപിക്കുന്ന അസദ് അഹ്മദ് ബറകാത്ത് ആണ് ബ്രസീലിയന്‍ പൊലിസിന്റെ പിടിയിലായത്.
പരാഗ്വെ, അര്‍ജന്റീന അതിര്‍ത്തിയിലുള്ള ഫോസ് ഡോ ഇഗ്‌വാസുവില്‍ വച്ചാണ് അറസ്റ്റ്. ഇരുരാജ്യങ്ങളിലും വിവിധ കേസുകളില്‍ പ്രതിയാണ് ഹിസ്ബുല്ല ട്രഷറര്‍ കൂടിയായ ബറകാത്ത്. നേരത്തെ, നികുതി തട്ടിപ്പുകേസില്‍ പരാഗ്വെയില്‍ ആറുവര്‍ഷം തടവുശിക്ഷ അനുഭവിച്ച ബറകാത്തിനെ വ്യക്തിവിവര ചോരണ കേസില്‍ പരാഗ്വന്‍ പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അര്‍ജന്റീനയിലെ ഇഗ്വാസു വെള്ളച്ചാട്ടത്തിനടുത്തുള്ള ചൂതാട്ടകേന്ദ്രത്തില്‍നിന്ന് 10 മില്യന്‍ ഡോളര്‍ തട്ടിയതായും ഇയാള്‍ക്കെതിരേ കേസുണ്ട്. ഹിസ്ബുല്ലക്കു വേണ്ടിയാണ് ഈ തുക അപഹരിച്ചതെന്നാണ് അര്‍ജന്റീനാ പൊലിസ് ആരോപിക്കുന്നത്.
ട്രിപ്പിള്‍ ഫ്രോണ്ടിയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബ്രസീല്‍, അര്‍ജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി മേഖലയിലുള്ള അറബ് സമൂഹങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. 2006ല്‍ തന്നെ യു.എസ് ട്രഷറി വകുപ്പ് ബറകാത്തിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ട്രിപ്പിള്‍ ഫ്രോണ്ടിയറിലെ ഹിസ്ബുല്ല സാമ്പത്തിക സ്രോതസെന്ന പേരിലായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."