അഴിമതി മൂടിവയ്ക്കാന്‍ ധനമന്ത്രി നുണ പറയുന്നു: കെ.പി.എ മജീദ്
കോഴിക്കോട്: കിഫ്ബിയിലെ അഴിമതി മൂടിവയ്ക്കുന്നതിന് നിരന്തരം നുണ പറയുകയാണ് ധനമന്ത്രി തോമസ് ഐസക്കെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ ധനമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്.
സ്വന്തം കഴിവുകേടും കിഫ്ബിയിലെ അഴിമതിയും മൂടിവയ്ക്കാന്‍ ഒരു നുണയുടെ മീതെ വീണ്ടും നുണകള്‍ ആവര്‍ത്തിക്കുകയാണ് ധനമന്ത്രി. നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കണം. ധനകാര്യ സെക്രട്ടറിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് സാധാരണഗതിയില്‍ ഗവര്‍ണര്‍ക്കാണ് കൈമാറേണ്ടത്. കരട് റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത് എന്നായിരുന്നു ആദ്യത്തെ ന്യായം. എന്നാല്‍ സമ്പൂര്‍ണ റിപ്പോര്‍ട്ടാണെന്ന് പിന്നീട് തെളിഞ്ഞു. കരടും യഥാര്‍ഥ റിപ്പോര്‍ട്ടും തിരിച്ചറിയാന്‍ പറ്റാത്ത ആളാണോ ധനമന്ത്രിയെന്നും കെ.പി.എ മജീദ് ചോദിച്ചു.
ധനമന്ത്രി നിയമസഭയെ അപമാനിച്ചിരിക്കുകയാണ്. കിഫ്ബിയെക്കുറിച്ച് കെട്ടിപ്പൊക്കിയ നുണകളെല്ലാം ഇതോടെ തകരുകയാണ്. ചട്ടങ്ങള്‍ മറികടന്ന് മസാല ബോണ്ട് വാങ്ങിക്കാനുള്ള തീരുമാനത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തിട്ടും ധനമന്ത്രി വാശിപിടിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."