ടാന്‍സാനിയ ബോട്ട് ദുരന്തം: മരണം 207 ആയി
ഡോഡോമ: കിഴക്കനാഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലുണ്ടായ ബോട്ട് ദുരന്തത്തില്‍ മരണം 207 ആയി. അല്‍ഫോന്‍സ് ചരഹാനി എന്നു പേരുള്ള നാട്ടുകാരനായ എന്‍ജിനിയറെ രക്ഷിക്കാനായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് രാജ്യത്തെ നടുക്കിയ ബോട്ടപകടമുണ്ടായത്. ഉഗാണ്ട, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകത്തിലായിരുന്നു സംഭവം. നൂറുകണക്കിനു യാത്രക്കാരുമായി തിരിച്ച എം.വി നൈയ്‌റേരെ കടത്തുബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. നിരവധി മൃതശരീരങ്ങള്‍ ഇതിനകം പുറത്തെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കായി നാവികസേനയുടെ മുങ്ങല്‍വിദഗ്ധന്മാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. നൂറുപേരെ വഹിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ 300ലേറെ പേരുണ്ടായിരുന്നതായി സൂചനയുണ്ട്. ഉകാറ, ഉക്‌വെറെവെ ദ്വീപുകള്‍ക്കിടയിലുള്ള തിരക്കേറിയ ജലപാതയിലാണ് അപകടമുണ്ടായത്. ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതായി ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗ്ഫൂലി അറിയിച്ചു. രാജ്യത്ത് നാലു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുമുന്‍പും നിരവധി തവണ വിക്ടോറിയ തടാകത്തില്‍ കടത്തുബോട്ടുകള്‍ മറിഞ്ഞു വന്‍ ദുരന്തമുണ്ടായിരുന്നു. 1996ല്‍ എം.വി ബുകോബ ബോട്ട് മറിഞ്ഞ് 800 പേരാണു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."