ഇറാനില്‍ സൈനിക പരേഡിനുനേരെ വെടിവയ്പ്; 24 മരണം
തെഹ്‌റാന്‍: ഇറാനില്‍ സൈനിക പരേഡിനിടെയുണ്ടായ വെടിവയ്പ്പില്‍ 25 മരണം. 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിനിരയായവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടും.
ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്‌വാസിലാണു ഭീകരാക്രമണം നടന്നത്. ഇന്നലെ പ്രാദേശിക സമയം രാവിലെ ഒന്‍പതിനായിരുന്നു സംഭവം. 1980-88 കാലയളവില്‍ ഇറാഖുമായി നടന്ന യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക പരേഡ് നടത്താറുണ്ട്. ഇതിന്റെ ഭാഗമായി അഹ്‌വാസില്‍ നടന്ന പരേഡിനുനേരെയായിരുന്നു ഭീകരാക്രമണം. പരേഡ് നടന്ന സ്ഥലത്തിനു പിന്നിലുള്ള പാര്‍ക്കില്‍ നിന്നാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. വെടിവയ്പ് പത്തുമിനിറ്റോളം നീണ്ടു.
നാലുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആദ്യം സാധാരണക്കാരെ ആക്രമിച്ച ശേഷം തോക്കുധാരികള്‍ വേദിയിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കുനേരെ തിരിയുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെ പേരും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് അംഗങ്ങളാണ്. പരേഡ് കാണാനെത്തിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ഏതാനും നാട്ടുകാരും കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇതു പിന്നീട് തെറ്റാണെന്നു വ്യക്തമായി.
അക്രമികള്‍ സൈനിക വേഷത്തിലായിരുന്നു ഉണ്ടായിരുന്നത്. നാലുപേരും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസും അഹ്‌വാസിലെ വിമത സംഘമായ അഹ്‌വാസ് നാഷനല്‍ റെസിസ്റ്റന്‍സും (എ.എന്‍.ആര്‍) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രംഗത്തെത്തിയിട്ടുണ്ട്.
ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. ഇസ്‌ലാമിക് റിപബ്ലിക്കിനുനേരെയുള്ള ഏതു ചെറിയ ഭീഷണിക്കും തിരിച്ചടി കടുത്തതായിരിക്കുമെന്നും ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നവരെ പിടികൂടുമെന്നും റൂഹാനി വ്യക്തമാക്കി. വിദേശ സഹായം ലഭിച്ച ഭീകരവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് ആരോപിച്ചു. ആക്രമണം നടത്തിയത് ഐ.എസ് ഭീകരര്‍ അല്ലെന്നും രണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പരിശീലിപ്പിക്കുകയും അമേരിക്കയുമായും ഇസ്‌റാഈലുമായും ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന വിഭാഗമാണു സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇറാന്‍ സൈനിക വക്താവ് വെളിപ്പെടുത്തി.
ഖുസിസ്താനിലെ അറബ് ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ മാതൃരൂപമാണ് അഹ്‌വാസ് നാഷനല്‍ റെസിസ്റ്റന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."