കേരള പുനര്‍നിര്‍മാണത്തിന് വേണ്ടത് 25,050 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ലോകബാങ്ക്, എ.ഡി.ബി സംഘം പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്നാണ് സംഘത്തിന്റെ പ്രാഥമികവിലയിരുത്തല്‍. ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസിനാണ് സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
ദേശീയ സംസ്ഥാന പാതകളുടെ പുനഃസ്ഥാപനത്തിന് 8550 കോടി രൂപയും ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 5216 കോടി രൂപയും ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് 3801 കോടി രൂപയും വീടുകളുടെ പുനഃസ്ഥാപനത്തിന് 2534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 2093 കോടി രൂപയും വേണ്ടിവരും.
ജലവിഭവം, പൊതുകെട്ടിടങ്ങള്‍, ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം എന്നിവ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇതുകൂടി ഉള്‍പ്പെടുത്തി ഒക്‌ടോബര്‍ ഒന്നിന് അന്തിമറിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനത്തെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിന്റെയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ലോകബാങ്ക്, എ.ഡി.ബി ഉദ്യോഗസ്ഥരായ 28 പേരാണ് കഴിഞ്ഞ 10 മുതല്‍ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. മൂന്നു സംഘങ്ങളായി 10 ജില്ലകളിലെ 99 വില്ലേജുകളിലായിരുന്നു പരിശോധന.
റോഡ്, കെട്ടിടങ്ങള്‍, കൃഷി, ഉപജീവനമാര്‍ഗങ്ങള്‍, വിനോദസഞ്ചാരം ഉള്‍പ്പെടെ പ്രധാന മേഖലകളിലെ നഷ്ടങ്ങള്‍ക്കായിരുന്നു സംഘം ഊന്നല്‍ നല്‍കിയത്.
ലോകബാങ്കും എ.ഡി.ബിയും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള വായ്പ നിശ്ചയിക്കുന്നത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."