ജയില്‍ ചാടിയ വനിതാ തടവുകാര്‍ സംസ്ഥാനം വിട്ടതായി നിഗമനം
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ചാടിയ രണ്ട് തടവുകാര്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടതായി പൊലിസ് നിഗമനം. വനിതകള്‍ ജയില്‍ ചാടിയതിനെ തുടര്‍ന്ന് ഇവര്‍ ചെല്ലാനിടയുള്ള സ്ഥലങ്ങളിലും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലും മറ്റും പൊലിസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ മോഷണക്കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍വീട്ടില്‍ ശില്പ എന്നിവരെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജയില്‍ ചാടാനുള്ള പദ്ധതി ഇവര്‍ നേരത്തേ ആസൂത്രണം ചെയ്തിരുന്നതായും ഇതിന് സഹ തടവുകാരില്‍ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്റെയും സഹായം കിട്ടിയിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ശില്പ സുഹൃത്തായ യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ജയില്‍ ചാടിയ വനിതകള്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടതായാണ് പൊലിസിന്റെ നിഗമനം. ഇതിന്റെ പശ്ചാത്തലത്തില്‍ ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ പൊലിസിനോട് പ്രതികളെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ഥിച്ചിട്ടുമുണ്ട്.
മരംകയറി മതില് ചാട്ടം
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലില്‍ രണ്ട് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായത് ജയില്‍ വളപ്പിലെ മുരിങ്ങ മരം. ഇവര്‍ ജയിലിന്റെ മുന്‍വശത്തു കൂടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ജയിലിന് മുന്നിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടുള്ള അന്വേഷണത്തില്‍ ഇവര്‍ ജയിലിന്റെ പിന്‍വശത്തുള്ള മരത്തിലൂടെ കയറി മതിലിനു മുകളിലെത്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാമാന്യത്തിലധികം ഉയരമുള്ള മതില് ചാടുന്നത് അത്ര എളുപ്പമല്ല. ജയിലിന് പിന്നിലെ മുരിങ്ങ മരത്തില്‍ കയറിയാണ് ഇവര്‍ മതില് ചാടിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ രക്ഷപ്പെട്ടുപോകുന്ന സി.സി.ടി.വി ദൃശ്യം മണക്കാട് നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിന് ശേഷമാണ് പൊലിസിന് ലഭിച്ചത്.
ഫോര്‍ട്ട് എ.സി പ്രതാപന് നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രക്ഷപ്പെട്ടവരുടെ വീടുകളിലടക്കം കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയും പരിശോധന നടത്തിയിരുന്നു. രക്ഷപ്പെടാന്‍ ഇവര്‍ക്ക് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഒരു തടവുകാരിയുടെ സഹായം ലഭിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഈ തടവുകാരി പുറത്തേക്ക് ഫോണ്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ഇവരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഇവരെ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.
തടവുകാരുടെ ജയില്‍ ചാട്ടത്തിന് ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. തടവുകാരുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് വകുപ്പ്തല അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."