കുല്‍ഭൂഷണ്‍ ജാദവിന് മോചനം; കടമ്പകളേറെ
മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാകിസ്താന്‍ പട്ടാളക്കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം താല്‍ക്കാലിക ആഹ്ലാദം മാത്രമാണ്. അന്തിമവിധി വരുംവരെ ശിക്ഷ നടപ്പാക്കരുതെന്ന് രാജ്യാന്തര കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഓഗസ്റ്റുവരെ ശിക്ഷ നടപ്പാവുകയില്ലെന്നാണു പാകിസ്താനില്‍ നിന്നുണ്ടായ പ്രതികരണം. ഓഗസ്റ്റിനുശേഷം എന്തും സംഭവിക്കാമെന്നര്‍ഥം.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ രാജ്യാന്തരകോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നതിനാല്‍ വിധി അംഗീകരിക്കില്ലെന്നു പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള രാഷ്ട്രത്തിന്റെ തലത്തിലേയ്ക്ക് പാകിസ്താന്‍ ഉയരുമെന്ന് ഒരു ഉറപ്പുമില്ല. കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ തുലാസില്‍ തന്നെയാണ്. കുല്‍ഭൂഷനെ മോചിപ്പിച്ച് ഇന്ത്യക്ക് വിട്ടുകൊടുക്കണമെന്നു വിധിച്ചാലും അതു നടപ്പാക്കിയില്ലെങ്കില്‍ പാകിസ്താനെതിരേ നടപടിയെടുക്കാന്‍ രാജ്യാന്തര കോടതിക്കു കഴിഞ്ഞെന്നുവരില്ല.
ഇന്ത്യന്‍ നിലപാടിന്റെ വിജയമാണ് ഇപ്പോഴത്തെ സ്റ്റേ എന്നതില്‍ സംശയമില്ല. എങ്കിലും ജാദവിനെ പാകിസ്താന്റെ കൊലമരത്തില്‍നിന്ന് ഇറക്കിക്കൊണ്ടുവരികയെന്നത് ഇന്ത്യയ്ക്കു മുന്നില്‍ ഇപ്പോഴും വലിയ കടമ്പയാണ്. കുല്‍ഭൂഷണ്‍ ജാദവ് ചാരനാണെന്നു രാജ്യാന്തര കോടതിയില്‍ ഇതുവരെ തെളിവുനല്‍കാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. എന്നാല്‍, തുടര്‍വിചാരണയില്‍ കൂടുതല്‍ തെളിവ് ഹാജരാക്കുമെന്ന പാകിസ്താന്റെ വെല്ലുവിളിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരിടാന്‍ ഇന്ത്യക്കു കഴിയേണ്ടതുണ്ട്.
കുല്‍ഭൂഷണ്‍ ജാദവിന്റേതെന്ന് അവകാശപ്പെട്ടു പാകിസ്താന്‍ പുറത്തിറക്കിയ കുറ്റസമ്മത വിഡിയോ കാണാന്‍ രാജ്യാന്തര കോടതി വിസമ്മതിച്ചതില്‍നിന്ന് അതു കെട്ടിച്ചമച്ചതാണെന്നു വ്യക്തം. പാകിസ്താന്റെ ഇത്തരം കള്ളക്കളികളാണ് ഇനി വിചാരണവേളയില്‍ വെളിപ്പെടുത്തേണ്ടത്. ഇതുവരെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റിയ ഹരീഷ് സാല്‍വേയ്ക്ക് അതിനു കഴിയുമെന്നു പ്രതീക്ഷിക്കാം.
ജാദവിനെതിരേ തെളിവൊന്നുമില്ലെന്നായിരുന്നു 2016 ഡിസംബര്‍ 7 നു പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞിരുന്നത്. എന്നാല്‍ പാക് സൈനികനേതൃത്വത്തിന്റെ സമ്മര്‍ദം കാരണം അസീസ് പിന്നീടു മലക്കം മറിഞ്ഞു. ജാദവിനെ ഇന്ത്യയിലേയ്ക്കു തിരിച്ചയക്കുകയില്ലെന്നു പ്രഖ്യാപിച്ചു. ഇതില്‍നിന്നുതന്നെ മനസിലാക്കാം പാകിസ്താന്‍ സൈനികനേതൃത്വത്തിന്റെ ചതിപ്രയോഗമാണു ജാദവിനെതിരേ ചാരനാണെന്ന മുദ്ര കുത്തിയതെന്ന്. പാക് പട്ടാളത്തിന്റെ ഈ ചതിപ്രയോഗമാണു രാജ്യാന്തരകോടതിയില്‍ ഇന്ത്യക്കു വാദിച്ചു ജയിക്കാനായത്.
വിദേശപൗരന്മാരെ കൈകാര്യം ചെയ്യുമ്പോള്‍ രാജ്യാന്തരസാഹചര്യങ്ങള്‍ പരിഗണിക്കണമെന്ന അന്താരാഷ്ട്രനിയമം പാകിസ്താന്‍ പാലിക്കുന്നില്ലെന്നു രാജ്യാന്തരകോടതിയില്‍ ഇന്ത്യക്കു തെളിയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വധശിക്ഷയ്ക്കു താല്‍ക്കാലികമായി സ്റ്റേ രാജ്യാന്തര കോടതി അനുവദിച്ചത്. ജാദവിനെ വിട്ടയച്ച് ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തണമെന്ന് വാദിക്കുന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അടിച്ചിരുത്തുവാന്‍ പാക്‌സൈന്യം ഇനിയും അടവുകള്‍ എടുത്തേക്കാം. വിവിധ താല്‍പര്യങ്ങളുടെ സമുച്ചയമായ പാക്ഭരണകൂടത്തില്‍നിന്നു നീതി പ്രതീക്ഷിക്കാനാവില്ല.
വിയന്ന കണ്‍വന്‍ഷന്‍ ധാരണകള്‍ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്നതില്‍നിന്ന് അതാണു മനസിലാക്കേണ്ടത്. അന്തിമ വിധി പാകിസ്താന് എതിരേ വന്നാലും അവര്‍ റിവ്യൂ ഹരജി നല്‍കി കുല്‍ഭൂഷണു പിന്നെയും നീതി നിഷേധിച്ചേക്കാം. അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടു പോയേക്കുമോയെന്ന ഭയം മാത്രമാണ് ഇപ്പോള്‍ പാകിസ്താനെ അലട്ടുന്നത്. അതിനെ മറികടക്കാന്‍ ചൈനയുടെ സഹായമാണു സെക്യൂരിറ്റി കൗണ്‍സിലില്‍ അവര്‍ പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്രസമൂഹത്തെ ബോധ്യപ്പെടുത്തുംവിധമുള്ള ന്യായവാദങ്ങള്‍ അവതരിപ്പിക്കാന്‍ പാകിസ്താനു കഴിയില്ലെന്നതു മാത്രമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ. വിചാരണ രാജ്യാന്തരനിയമപ്രകാരം പൂര്‍ത്തിയാക്കുക എന്നതിനപ്പുറം പാകിസ്താന്റെ മേല്‍ ഇടപെടുവാന്‍ രാജ്യാന്തരകോടതിക്കു കഴിയില്ല. അവസാന വിധി വരുന്നതുവരെയും കുല്‍ഭൂഷണ്‍ ജാദവിനു ഒരാപത്തും ഉണ്ടാവില്ലെന്നു പ്രത്യാശിക്കാന്‍ മാത്രമേ നമുക്കു കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."