ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: പ്രളയപുനരധിവാസത്തിനുള്ള അപേക്ഷകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മാധ്യമ വാര്‍ത്തകളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്ക് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പ്രളയവുമായി ബന്ധപ്പെട്ടു ലഭിച്ച എല്ലാ അപേക്ഷകളും നമ്പറിട്ടു സൂക്ഷിക്കണമെന്നും വിശദാംശങ്ങള്‍ അപേക്ഷകരെ അറിയിക്കണമെന്നും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ പേരില്‍ തപാല്‍ വഴി അയച്ച അയ്യായിരത്തിലധികം അപേക്ഷകള്‍ എറണാകുളം ജില്ലാ കലക്ടറേറ്റിലെ ശുചിമുറിക്കു സമീപം കണ്ടെത്തിയെന്നാണ് ആരോപണം.
പ്രളയപുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുനരധിവാസ അപേക്ഷയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ എവിടെ കിട്ടുമെന്ന് കോടതി ചോദിച്ചു. അപേക്ഷകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെന്ന വാര്‍ത്ത ഹരജിഭാഗം അഭിഭാഷകനാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എല്ലാദിവസവും വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ജില്ലാ കലക്ടറുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് വില്ലേജ് ഓഫിസില്‍ രേഖകള്‍ ലഭ്യമാക്കുമെന്നും അപേക്ഷകരുടെ പഞ്ചായത്തുമായി ബന്ധപ്പെട്ടു പരാതികള്‍ പരിശോധിച്ചു തീര്‍പ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പ്രചാരണം
അടിസ്ഥാനരഹിതം: കലക്ടര്‍
കൊച്ചി: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനുള്ള അപ്പീലുകള്‍ കലക്ടറേറ്റില്‍ തീരുമാനമെടുക്കാതെ കെട്ടിവച്ചിരിക്കുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ്. ഹൈക്കോടതി നിര്‍ദേശാനുസരണം ജനുവരി 31 വരെ കലക്ടറേറ്റില്‍ അപ്പീലുകള്‍ സ്വീകരിച്ചിരുന്നു. ഇവയില്‍ എന്‍ജിനീയര്‍മാരുടെ സാങ്കേതിക പരിശോധനയ്ക്ക് ശേഷം അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.
കലക്ടറേറ്റിലെ ശുചിമുറിക്ക് സമീപം അപേക്ഷകള്‍ ചാക്കില്‍ കെട്ടി തള്ളിയിരിക്കുന്നതെന്ന ആരോപണവും തെറ്റാണ്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനാണ് ക്രമപ്രകാരം അടുക്കി കെട്ടുകളാക്കി സൂക്ഷിച്ചത്. നിശ്ചിത സമയപരിധിക്കു ശേഷം ലഭിച്ച അപേക്ഷകള്‍ നഷ്ടപ്പെടുകയോ കേടുപാടു സംഭവിക്കുകയോ ചെയ്യാതെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇതിലെ അപേക്ഷകള്‍ അര്‍ഹതപ്രകാരം വേര്‍തിരിച്ചു വരികയാണെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."