സ്പുട്നിക് വി വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് പുടിന്
മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിന് സ്പുട്നിക് വി ഇന്ത്യയിലും ചൈനയിലും നിര്‍മിക്കുമെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഇന്നലെ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംബോധന ചെയ്യവെയാണ് പുടിന് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരായ വാക്സിനുകള്‍ വികസിപ്പിക്കുന്നതില്‍ ബ്രിക്സ് രാജ്യങ്ങള്‍ യോജിച്ച ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്പുട്നിക് വി വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിന് ബ്രസീലിലെയും ഇന്ത്യയിലെയും കമ്പനികളുമായി റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കരാറിലെത്തിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ വാക്സിന് നിര്‍മിക്കുന്നതിന് ഇന്ത്യ, ചൈന എന്നിവയിലെ മരുന്നു കമ്പനികളുമായി റഷ്യ കരാറിലെത്തിയിട്ടുമുണ്ട്. അവിടുത്തെ ആവശ്യത്തിനു വേണ്ടതിലുപരി മറ്റു രാജ്യങ്ങളിലേക്ക് ആവശ്യമായ വാക്സിനും ഇരു രാജ്യങ്ങളിലും നിര്‍മിക്കും- പുടിന് പറഞ്ഞു.
ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്നിക് വി 92 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങള്‍ക്കാവശ്യമായ വാക്സിനുകള്‍ വികസിപ്പിക്കുന്നതിന് ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് വേഗം കൂട്ടണമെന്നും പുടിന് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ എന്നിവരും ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."