മത, സാമുദായിക വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: മത, സാമുദായിക വിഭാഗങ്ങളെ കൂടെനിര്‍ത്തി പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പാഠമുള്‍ക്കൊണ്ട് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം.മത, സാമുദായിക വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതാണു ചെങ്ങന്നൂരിലെ പരാജയത്തിനു കാരണം. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു ബാങ്ക് തിരിച്ചു പിടിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് ആവശ്യം. മറുചേരിയിലേക്കു മാറിയ ഇത്തരം വോട്ടുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമുണ്ടാകണം.
പൊതുതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലേതുപോലുള്ള സാഹചര്യമുണ്ടാകരുതെന്നും രാഹുല്‍ നിര്‍ദേശം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണു രാഹുല്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ വൈകാതെ ആവിഷ്‌കരിച്ചു നടപ്പാക്കാനും രാഹുല്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളിലൂന്നി പ്രചാരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ദേശീയ വിഷയങ്ങളും ഉന്നയിക്കണം. ബൂത്തുതലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. പുതിയ നേതൃനിരയെ താഴേത്തട്ടില്‍ കണ്ടെത്തേണ്ടതുണ്ടെന്നും രാഹുല്‍ നിര്‍ദേശിച്ചു. മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കുമുള്ള ചുമതലകള്‍ പിന്നീടു വിഭജിച്ചുനല്‍കാനും തീരുമാനമായി.
മുല്ലപ്പള്ളി രാമചന്ദ്രന് പുറമെ വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ എന്നിവരാണ് ഇന്നലെ രാഹുലിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
വര്‍ക്കിങ് പ്രസിഡന്റായ എം.ഐ ഷാനവാസ് പനി ബാധിച്ചതിനാല്‍ ഡല്‍ഹിയിലെത്തിയില്ല. അതേസമയം, മതേതര ജനാധിപത്യ മൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കാതെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നിര്‍ദേശമാണു രാഹുല്‍ നല്‍കിയതെന്നു ചര്‍ച്ചയ്ക്കുശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പരമ്പരാഗത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."