ഹജ്ജ്: ചരിത്ര മുഹൂര്‍ത്തത്തിന് മിന ഒരുങ്ങുന്നു; ആദ്യമായി ബഹുനില തമ്പുകള്‍
മക്ക: വിശുദ്ധ ഹജ്ജിനുള്ള സമയം അടുക്കവേ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതി. ഹജ്ജിനെത്തുന്ന തീര്‍ഥാടകരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ മിനായെ സജ്ജമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിനായി ചരിത്രത്തിലാദ്യമായി മിനയില്‍ ബഹുനില തമ്പുകള്‍ ഈ വര്‍ഷം ഉപയോഗിക്കും. അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റാണ് മിനയിലെ സ്ഥലപരിമിതിക്ക് പരിഹാരം കാണുന്നതിനും തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി ഉയര്‍ത്തുന്നതിനും ബഹുനില തമ്പുകള്‍ നിര്‍മിക്കുന്നത്.
പുതിയതായി നിര്‍മിക്കുന്ന ബഹുനില തമ്പുകളുടെ താഴത്തെ തട്ടുകള്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളായും ഭക്ഷ്യവസ്തുക്കളും മറ്റും സൂക്ഷിക്കുന്നതിനുള്ള സ്ഥലങ്ങളായും പ്രയോജനപ്പെടുത്തും. മുകള്‍ നിലകളിലായിരിക്കും തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ആവശ്യാനുസരണം പൊളിച്ചുനീക്കുന്നതിനും ഫിറ്റ് ചെയ്യുന്നതിനും സാധിക്കും വിധമുള്ള ബഹുനില തമ്പുകളിലെ ഓരോ തമ്പിലും എട്ടു തീര്‍ഥാടകരെ വീതം അധികം പാര്‍പ്പിക്കുന്നതിന് സഹായകരമാകും. തീപ്പിടിക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ബഹുനില തമ്പുകള്‍ നിര്‍മിക്കുന്നത്.
മിനയ്ക്ക് അനുയോജ്യമായ വിധത്തില്‍ മക്ക വികസന അതോറിറ്റി അംഗീകരിച്ച രൂപകല്‍പനകള്‍ക്ക് അനുസൃതമായി അത്യാധുനിക രീതിയിലാണ് തമ്പുകളുടെ കവാടവും മുന്‍ഭാഗവും ഒരുക്കുക. അറബ് രാജ്യ മുത്വവ്വഫിന് കീഴിലെ തമ്പുകളിലെ മുഴുവന്‍ എയര്‍കണ്ടീഷനിങ് യൂനിറ്റുകളും ആധുനിക സംവിധാനത്തിലാക്കി മാറ്റിയിട്ടുണ്ട്.
ഓരോ തമ്പ് സമുച്ചയത്തിലും പത്തു മുതല്‍ പതിനഞ്ചു വരെ ടോയ്‌ലറ്റുകള്‍ പുതിയതായി നിര്‍മിച്ചിട്ടുണ്ടെന്നും അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ജിനീയര്‍ അബ്ബാസ് ഖത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."