'തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രാജ്യവിരുദ്ധമാണോ?'
ന്യൂഡല്‍ഹി: കശ്മിരിലെ ഗുപ്കര്‍ സഖ്യം രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന അമിത്ഷായുടെ ആരോപണത്തിന് മറുപടി നല്‍കി പി.ഡി.പി നേതാവ് മെഹ്ബുബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രാജ്യവിരുദ്ധമാണെന്നാണോ അമിത്ഷാ പറയുന്നതെന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ കൂടിയായ നേതാക്കള്‍ ചോദിച്ചു.
370ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ഒറ്റ അജണ്ടയുടെ അടിസ്ഥാനത്തിലാണ് കശ്മീരില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഗുപ്കര്‍ സഖ്യത്തിനു രൂപം നല്‍കിയത്. അടുത്തു നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് ഗുപ്കര്‍ സഖ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഭീകരതയും പ്രശ്‌നങ്ങളും ഉള്ള കാലത്തേക്ക് കശ്മിരിനെ മടക്കിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഗുപ്കര്‍ ഗ്യാങ് ആഗ്രഹിക്കുന്നതെന്നായിരുന്നു ട്വിറ്റിലെ കുറിപ്പില്‍ അമിത് ഷാ ആരോപിച്ചത്. 370ാം വകുപ്പ് എടുത്തു കളഞ്ഞതോടെ ദലിതുകള്‍, സ്ത്രീകള്‍, ആദിവാസികള്‍ എന്നിവരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു. അവകാശങ്ങള്‍ വീണ്ടും എടുത്തു കളയുകയാണ് അവര്‍ക്ക് വേണ്ടതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പ് നേരിടുന്നതുവരെ ഇപ്പോള്‍ രാജ്യവിരുദ്ധമായിരിക്കുകയാണെന്നായിരുന്നു അമിത് ഷാക്ക് മെഹബൂബ മുഫ്തി ട്വിറ്ററില്‍ നല്‍കിയ മറുപടി.
ബി.ജെ.പിക്ക് ആരുമായും സഖ്യമുണ്ടാക്കാം. മറ്റുള്ളവര്‍ സഖ്യം ചേര്‍ന്നാല്‍ അത് തെറ്റാവും. ഗുപ്കര്‍ ഗ്യാങെന്ന് തങ്ങളെ വിളിക്കുന്നത് അമിത് ഷായുടെ തുക്ഡാ ഗ്യാങ് പരാമര്‍ശത്തിന്റെ ശീലത്തില്‍നിന്നാണെന്നും മെഹ്ബൂബ കുറ്റപ്പെടുത്തി. തങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് അമിത് ഷാ കരുതിയിരുന്നതെന്നും മത്സരിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തെ നിരാശനാക്കിയെന്ന് വ്യക്തമാണെന്നും ട്വിറ്ററില്‍ അമിത്ഷാക്ക് ഉമര്‍ അബ്ദുല്ലയും മറുപടി നല്‍കി. ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനാണ് തങ്ങളെ രാജ്യവിരുദ്ധരാക്കുന്നത്. ബി.ജെ.പിയെ എതിര്‍ക്കുന്നവരെല്ലാം അദ്ദേഹത്തിന് രാജ്യദ്രോഹികളും അഴിമതിക്കാരുമാണെന്നു ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."