ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണം വരുന്നു; മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനവും മരണവും കൂടിയതോടെ രോഗ ബാധിത മേഖലകളിലെ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാനും വിവാഹങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരാനും തീരുമാനം. നവംബറില്‍ തുടങ്ങി ഫെബ്രുവരി അവസാനം വരെ നീളുന്ന ശൈത്യകാലത്താണ് ഡല്‍ഹിയില്‍ വിവാഹങ്ങള്‍ നടക്കുക.
ഈ സാഹചര്യത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളവരുടെ എണ്ണം 50 ആയി ചുരുക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 200 പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായ മാര്‍ക്കറ്റുകളാണ് അടച്ചിടുക. സര്‍ക്കാറിന്റെ തീരുമാനം അനുമതിക്കായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
കൊവിഡിന്റെ മൂന്നാം ഘട്ട വ്യാപനമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പോസിറ്റീവിറ്റി നിരക്ക് സെപ്റ്റംബറില്‍ ആറു ശതമാനമായിരുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി 11 ശതമാനത്തിന് മുകളിലാണ്. ചില ദിവസങ്ങളില്‍ 15 ശതമാനം കടക്കുന്നുണ്ട്. മൂന്നാം ഘട്ട വ്യാപനം രൂക്ഷമായതോടെ ഓരോ മണിക്കൂറിലും നാലു പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നത്. പ്രതിദിന കേസുകള്‍ 15,000കടക്കുമെന്ന് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."