ഒപ്പീസ്
''നിന്റെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കേണമേ...
നൃപനാം മിശിഹാ കര്‍ത്താവേ,
അഴലും മരണവുമില്ലാതെ
ജീവന്‍ വിളയും രാജ്യത്തില്‍,
വാനവരോടെ ചിരകാലം
ആനന്ദത്തൊടു വാണിടുവാന്‍
ദാസനു വരമിന്നരുളേണം..''
ഒടുവിലെ യാത്രയ്ക്കായ് ഒരുങ്ങിക്കിടക്കുന്ന അമ്മച്ചിയുടെ മുഖത്തേക്കയാള്‍ സൂക്ഷിച്ചുനോക്കി.
''നീ വരുമെന്നെനിക്കറിയാമാരുന്നെടാ..''
ചുണ്ടിന്റെ കോണില്‍ ഒരു കുസൃതി മിന്നിയോ?
ആദ്യമായി കാണുമ്പോള്‍ അമ്മച്ചിയിരുന്നു ചുറുചുറുക്കോടെ സംസാരിച്ച ഉമ്മറപ്പടിയിലേക്കയാള്‍ പാളിനോക്കി.
''നീയേതാ കൊച്ചനേ, എങ്ങാണ്ടും ന്ന് വരുവാ?
നിന്റെ ബാഗിനാത്തുള്ളതൊന്നും അമ്മച്ചിക്ക് വേണ്ട. വേണേല്‍ കൊറച്ച് കപ്പേം മീങ്കറീം അങ്ങോട്ട് തരാം. മൊഖം കണ്ടാലറിയാലോ നല്ല വെശപ്പൊണ്ടെന്ന്.''
വയറും നിറച്ചു നന്ദിയും പ്രകടിപ്പിച്ചു മടങ്ങുമ്പോള്‍ അമ്മച്ചിയുടെ പുഞ്ചിരി മാഞ്ഞുവോയെന്നു തിരിഞ്ഞുനോക്കാന്‍ നിന്നില്ല.
''കല്ലറയിലുള്ളവര്‍ അവന്റെ ശബ്ദം കേള്‍ക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനും തിന്മ ചെയ്തവര്‍ വിധിയുടെ ഉയിര്‍പ്പിനുമായി പുറത്തുവരും.''
പോസ്റ്റ് ഓപറേഷന്‍ വാര്‍ഡിന്റെ തണുത്ത കട്ടിലില്‍ കിടന്ന് അയാളുടെ മകളപ്പോള്‍ പാതിമയക്കത്തില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.
''ഇച്ചിരി കപ്പേം മീങ്കറീം...''
അമ്മച്ചിയുടെ കല്ലറയില്‍ ഒരുപിടി പൂക്കള്‍ വാരിയിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്നു കേട്ട വാക്കുകള്‍ അയാളെ കൊളുത്തിവലിച്ചുകൊണ്ടിരുന്നു. മനസിലിരുന്ന് അമ്മച്ചിയപ്പോഴും മോണകാട്ടി ചിരിച്ചു.
മാല പൊട്ടിച്ചോടിയവന്റെ രേഖാചിത്രം വരയ്ക്കാന്‍ ഒരടയാളവും പറഞ്ഞുകൊടുക്കാതെ എല്ലാവരെയും കബളിപ്പിച്ചുപോയവളുടെ കള്ളച്ചിരി. മനസിനേറ്റ ആഘാതത്താല്‍ തളര്‍ന്നുവീണവളുടെ വേദനയൂറുന്ന ചിരി! അയാള്‍ക്കുമാത്രം ദര്‍ശിക്കാവുന്ന ഒരു പരിഭവത്തിന്റെ തിരി അതില്‍ മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു..
''ചോദിച്ചിരുന്നേല്‍... ഞാന്‍ തരുമാരുന്നല്ലോ മോനേ...'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."