സി.എ.ജി തന്നത് അന്തിമ റിപ്പോര്‍ട്ട്: സമ്മതിച്ച് ധനമന്ത്രി
സ്വന്തം ലേഖകന്‍
ആലപ്പുഴ: സി.എ.ജി തന്നത് നിയമസഭയില്‍ വയ്ക്കാനുള്ള അന്തിമ റിപ്പോര്‍ട്ടാണെന്നു സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സംബന്ധിച്ച് സി.എ.ജി കരടില്‍ പറയാത്തതും തന്ന രേഖകളില്‍ ഇല്ലാത്തതുമായ നാലു പേജ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇതു ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. സി.എ.ജിയുടേത് കരടു റിപ്പോര്‍ട്ടാണെന്നാണ് ഐസക് നേരത്തെ പറഞ്ഞത്.
2017- 2018 ലെ സി.എ.ജി റിപ്പോര്‍ട്ട് അയച്ചുതന്നപ്പോഴും കിഫ്ബി സംബന്ധിച്ചുള്ള നിഗമനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖാമൂലം അറിയിച്ചു. ആ പതിവ് അനുസരിച്ചാണ് ധനകാര്യവകുപ്പ് നാലുപേജ് മറുപടി തയാറാക്കുന്നതിനായി കിഫ്ബിയെ ഏല്‍പ്പിച്ചത്. ഈ നാലുപേജിലെ പ്രതിപാദനവും ഏതാനും മാസങ്ങള്‍ക്കു മുമ്പ് നല്‍കിയ രേഖകളില്‍ ഉണ്ടായിരുന്നതല്ല. ഇത് ഓഡിറ്റിംഗ് സംബന്ധിച്ച് പിന്തുര്‍ന്നുവരുന്ന കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. അതുകൊണ്ടാണ് ഇതുകരട് റിപ്പോര്‍ട്ടായിരിക്കണം എന്ന അനുമാനത്തില്‍ എത്തിയത്. സി.എ.ജിയുടേത് കരട് റിപ്പോര്‍ട്ടാണെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ കാര്യങ്ങള്‍ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
കരട് റിപ്പോര്‍ട്ട് കണ്ടെത്തി വായിച്ചപ്പോള്‍ അതില്‍ ഇല്ലാത്ത കാര്യങ്ങളാണ് നാലു പേജുകളിലായി അന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ത്തിരിക്കുന്നത്. കേരളത്തിനെതിരായി എത്ര വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ആലോചിക്കണം.
സി.എ.ജിയുടെ നിലപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ്. റിപ്പോര്‍ട്ടിന്മേല്‍ സി.എ.ജി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. വായ്പയേ പാടില്ലെന്ന് സമര്‍ഥിച്ച നാല് പേജ് റിപ്പോര്‍ട്ട് നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു.
കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളാണെന്ന സി.എ.ജിയുടെ വാദം ശരിയല്ല. കണ്ടിജെന്റ് ബാധ്യതകള്‍ മാത്രമാണ്. കിഫ്ബി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഒരു കോര്‍പറേറ്റ് ബോഡിയാണ്. അതിന് വായ്പയെടുക്കാന്‍ 293 അനുഛേദം പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ല. കോര്‍പറേറ്റ് ബോഡിക്ക് വായ്പയെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്. ഈ വ്യവസ്ഥകള്‍ പാലിച്ചാണ് കിഫ്ബി മസാല ബോണ്ടുകള്‍ ഇറക്കിയത്. അതുകൊണ്ട് ഭരണഘടനാപരമായി യാതൊരു തെറ്റുമില്ല. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പങ്കാളിയായ കമ്പനിയെ ടെണ്ടര്‍ വഴി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബിയുടെ ഓഡിറ്റിംഗിന് തെരഞ്ഞെടുത്തിട്ടുള്ളത്. കിഫ്ബിയുടെ തലപ്പത്ത് കെ.എം എബ്രഹാം തുടരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."