വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കും
കാസര്‍കോട്: റേഷന്‍സാധനങ്ങള്‍ അര്‍ഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും അര്‍ഹരായ കൂടുതല്‍പേരെ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും പദ്ധതിയൊരുങ്ങുന്നു.
നിലവില്‍ അര്‍ഹരായ പതിനായിരക്കണക്കിന് കാര്‍ഡുടമകള്‍ മുന്‍ഗണനാപ്പട്ടികക്ക് പുറത്താണെന്ന പരാതിയെ തുടര്‍ന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനുപുറമെയാണ് റേഷന്‍വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കിയിരിക്കുന്നത്. തൂക്കത്തിലെ വെട്ടിപ്പ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് വിജിലന്‍സ് കമ്മിറ്റികള്‍ക്ക് രൂപംനല്‍കാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യവകുപ്പ്. സംസ്ഥാന, ജില്ല, താലൂക്ക്, റേഷന്‍കട തലങ്ങളിലാണ് ഈ കമ്മിറ്റികള്‍ രൂപീകരിക്കുക. ഇതിനുപുറമെ തൂക്കം ഉപഭോക്താവിന് നേരിട്ട് മനസിലാകുന്നവിധത്തില്‍ ഇ- പോസ് മെഷിന്‍ ത്രാസുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
പൊതുവിതരണം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാനുള്ള പൈലറ്റ് പദ്ധതികൂടി വ്യാപകമാക്കുന്നതോടെ റേഷന്‍വിതരണം കൂടുതല്‍ സുതാര്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, പോര്‍ട്ടബിള്‍ സംവിധാനം ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാല്‍, 16.3 ശതമാനം പേര്‍ മാത്രമാണ് ഈ സൗകര്യം നിലവില്‍ ഉപയോഗിക്കുന്നത്.കാര്‍ഡുണ്ടായിട്ടും റേഷന്‍വാങ്ങാത്ത നിരവധി പേരുണ്ട്. ഇവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ റേഷന്‍ ഉപേക്ഷിക്കാനുള്ള പദ്ധതിയായ ഗീവ് അപ് തുടങ്ങിയത് അര്‍ഹരായ കൂടുതല്‍പേര്‍ക്ക് റേഷന്‍ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.
എഴുപതിനായിരത്തോളം കുടുംബങ്ങള്‍ മൂന്നുമാസമായി റേഷന്‍ വാങ്ങുന്നില്ലെന്ന് നേരത്തേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അനര്‍ഹരെ ഒഴിവാക്കിയാല്‍ മാത്രമേ അര്‍ഹരായ കൂടുതല്‍ കാര്‍ഡുടമകളെ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് മുന്‍ഗണനാപ്പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനുള്ള തീവ്രശ്രമം നടക്കുന്നത്. ഇങ്ങനെ ഒഴിവാക്കപ്പെട്ട ശേഷം മൂന്നുലക്ഷത്തിലേറെ പേരെ മുന്‍ഗണനാപട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ മുന്‍ഗണനാകാര്‍ഡ് കൈപ്പറ്റിയിരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ പതിനായിരത്തോളംപേര്‍ കാര്‍ഡുകള്‍ മാറ്റിയിട്ടുണ്ട്. സംസ്ഥാനത്താകെ അനര്‍ഹമെന്ന് കണ്ടെത്തിയ മുന്‍ഗണനാകാര്‍ഡുകളുടെ എണ്ണം 32,1444 ആണ്. കാസര്‍കോട് ജില്ലയില്‍മാത്രം അനര്‍ഹമെന്ന് കണ്ടെത്തിയ മുന്‍ഗണനാകാര്‍ഡുകളുടെ എണ്ണം 14,989 ആണ്.
അപേക്ഷകര്‍ നല്‍കിയ വിവരങ്ങളില്‍ വേണ്ടത്ര പരിശോധനയില്ലാതെ അംഗീകരിച്ചതാണ് അനര്‍ഹര്‍ കൂടുതലായി മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇടയായതെന്ന് ആക്ഷേപമുണ്ട്. നിലവില്‍ അര്‍ഹരെ ഉള്‍പ്പെടുത്താന്‍ അപേക്ഷ പ്രത്യേകമായി ക്ഷണിച്ചിട്ടില്ലെങ്കിലും ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ച് പട്ടിക ഉണ്ടാക്കാന്‍ സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."