ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
സ്വന്തം ലേഖിക
കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
ജാമ്യാപേക്ഷയില്‍ ഇന്നലെ വിധിപറയാനിരിക്കെ അന്വേഷണസംഘത്തിനെതിരേ കടുത്ത ആരോപണങ്ങളുയര്‍ത്തി ശിവശങ്കര്‍ തിങ്കളാഴ്ച കോടതിയില്‍ പ്രതിവാദക്കുറിപ്പ് സമര്‍പ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘം ആവശ്യപ്പെട്ട രാഷ്ട്രീയക്കാരുടെ പേരു പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നായിരുന്നു മുഖ്യ ആരോപണം. ഇതുകൂടി പരിശോധിച്ച ശേഷമാണ് ജഡ്ജി ഡോ.കൗസര്‍ എടപ്പഗത്ത് ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിര്‍ത്തു. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാം. ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല എന്നിങ്ങനെയായിരുന്നു ഇ.ഡിയുടെ വാദം. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ശിവശങ്കറിന്റെ ആരോപണങ്ങള്‍ക്ക് ഇ.ഡി മറുപടി നല്‍കിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ജാമ്യാപേക്ഷയില്‍ വിധിയുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ഒരു ദിവസം നീണ്ടുനിന്ന വാദപ്രതിവാദത്തിനൊടുവിലാണ് ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ ഇന്നലത്തേക്ക് കോടതി മാറ്റിയത്.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ശിവശങ്കറെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ സുപ്രധാന ചുമതല വഹിച്ചിരുന്ന വ്യക്തിയായതിനാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇ.ഡി കോടതിമുമ്പാകെ വിശദീകരിച്ചു.
വ്യക്തിപരമായി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവൃത്തിക്ക് ശിവശങ്കര്‍ കൂട്ടുനിന്നത്. കൊലപാതകം നടക്കുന്നത് പെട്ടെന്നുണ്ടാകുന്ന പ്രകോപനംകൊണ്ടായിരിക്കാം. എന്നാല്‍ സ്വര്‍ണക്കടത്ത് അങ്ങേയറ്റം ആസൂത്രിതമായി നടത്തുന്ന പ്രവൃത്തിയാണ്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥന്‍ യാതൊരു കാരണവശാലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കിയാല്‍ അതു തെറ്റായ സന്ദേശം നല്‍കുമെന്നും ഇ.ഡി വാദിച്ചു. സ്വപ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നുപറയുന്നത് വിശ്വാസയോഗ്യമല്ലെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.
കള്ളപ്പണത്തെ പറ്റി അറിവുണ്ടായിരുന്നുവെന്നു വരുത്താന്‍ ലോക്കര്‍ സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളില്‍ ചിലത് ഇ.ഡി ഒഴിവാക്കിയെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ രണ്ടുപേരുടേയും വാദങ്ങള്‍ ഇപ്പോള്‍ പരിഗണനയ്‌ക്കെടുക്കുന്നില്ലെന്നു പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ 26വരെ ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."