'ലൗ ജിഹാദ് ' കള്ളം പൊളിഞ്ഞു
മുംബൈ: രാജ്യത്ത് ലൗജിഹാദ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന ദേശിയ വനിതാ കമ്മിഷന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കമ്മിഷന്റെ തന്നെ മറുപടി. ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ലൗജിഹാദ് കണക്കുകള്‍ അറിയില്ലെന്ന് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചത്.
രാജ്യത്ത് ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നായിരുന്നു കഴിഞ്ഞമാസം 20ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ആരോപിച്ചത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു രേഖ ശര്‍മയുടെ വര്‍ഗീയ ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കമ്മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.
ഇതിന് പിന്നാലെ ലൗജിഹാദ് കേസുകളുടെ കണക്കുകള്‍ ആരാഞ്ഞ് അശോക യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അനികേത് ആഗയാണ് കമ്മിഷന് മുന്‍പാകെ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍, അധ്യക്ഷ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ പക്കല്‍ രേഖകള്‍ ഇല്ലെന്നായിരുന്നു കമ്മിഷന്റെ പ്രതികരണം. ലൗ ജിഹാദ് കേസുകളുടെ എണ്ണം സൂക്ഷിച്ചിട്ടില്ലെന്നും കമ്മിഷന്‍ പറഞ്ഞു.
രേഖ ശര്‍മയുടെ പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്ന വിവരാവകാശ മറുപടി പുറത്തുവന്നതോടെ അവര്‍ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച രേഖ ശര്‍മ രാജിവയ്ക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു. പക്ഷപാതരഹിതവും മതേതരവുമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അവരെ നീക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."