HOME
DETAILS

ഇരുളില്‍ വിടരുന്ന വെളിച്ചം

  
backup
September 22 2018 | 23:09 PM

sunday-main-210

കോഴിക്കോട് കല്ലായ് കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ ലൈന്‍മാനായിരുന്നു നല്ലളം പറക്കോട്ട് അബ്ദുല്ല. ഒരു രാത്രി ജോലി കഴിഞ്ഞ് ഇടിയങ്ങരയിലെ തന്റെ വീട്ടിലെത്തി ഭാര്യക്കൊപ്പം അത്താഴം കഴിച്ചു വിശ്രമിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് അബ്ദുല്ലയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിധിപോലെ മരണം അദ്ദേഹത്തെ കൊണ്ടുപോയി.

അന്ന് അബ്ദുല്ലയുടെ ഭാര്യ മുതിരക്കാലയില്‍ സുബൈദക്ക് വയസ് 21. മൂത്ത മകള്‍ റസിയാബിക്ക് ഒന്നരവയസും. സുബൈദ അന്ന് ഗര്‍ഭിണിയുമായിരുന്നു. മാസങ്ങള്‍ക്കുശേഷം സുബൈദ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. മുസ്തഫ എന്നു പേരുമിട്ടു. പിന്നീട് ഇടിയങ്ങരയില്‍നിന്ന് സുബൈദയും മക്കളുമടങ്ങുന്ന കുടുംബം നല്ലളത്തെ സ്വന്തം വീട്ടിലേക്കു താമസം മാറി. അവിടെ സുബൈദയ്ക്കു കൂട്ടായി ഉമ്മ ഖദീജയുമുണ്ടായിരുന്നു.

 

കെ.എസ്.ഇ.ബിയില്‍ അറ്റന്‍ഡര്‍

ഭര്‍ത്താവിന്റെ മരണശേഷം ഓരോ ദിവസവും കഴിഞ്ഞുകൂടാന്‍ സുബൈദയും കുടുംബവും നന്നേ പ്രയാസപ്പെട്ടു. കുടുംബം പുലര്‍ത്താന്‍ സുബൈദ തന്നെ ജോലിക്കു പോകേണ്ട അവസ്ഥയായി. എന്തു ജോലിക്കു പോകുമെന്ന് ആലോചിച്ചു തലപുകച്ചിരിക്കുമ്പോഴാണ് ആശ്രിതനിയമനത്തില്‍ സുബൈദക്ക് കെ.എസ്.ഇ.ബിയില്‍ അറ്റന്‍ഡറായി ജോലി കിട്ടിയത്. അതു കുടുംബത്തിനു കൂടുതല്‍ ആശ്വാസമായി. മകള്‍ക്കു രണ്ടര വയസായപ്പോഴാണു ജോലി കിട്ടിയത്. മകന് ഒന്നര വയസും.
ജോലിക്കു പോയിത്തുടങ്ങിയതോടെ എന്നും രാവിലെ മക്കള്‍ക്കു കഴിക്കാനുള്ളത് ഒരുക്കിവച്ച് ഉമ്മയെയും ഏല്‍പിച്ച് സുബൈദ ഓഫിസിലേക്കു പോവും. തുടക്കത്തില്‍ ഓഫിസില്‍ അട്ടിയായി കിടന്ന ഫയലുകള്‍ കണ്ട് അമ്പരന്നു. ഓഫിസിലെ ചിട്ടവട്ടങ്ങളെല്ലാം തീര്‍ത്തും അപരിചിതമായിരുന്നു. പിന്നീട് എല്ലാം വഴിക്കുവന്നു. ഫയലുകളോട് ചങ്ങാത്തം കൂടി. ജീവനക്കാര്‍ സുഹൃത്തുക്കളും സഹായികളുമായി മാറി. എന്നാലും വീട്ടില്‍നിന്നു മനസു മാറിയില്ല. ഫയലുകള്‍ മറിച്ചുനോക്കുമ്പോഴും നിരത്തിവച്ച പേപ്പറുകളില്‍ സീല്‍ വയ്ക്കുമ്പോഴും ഉമ്മാക്കൊപ്പം വീട്ടിലുള്ള മക്കളെ കുറിച്ചോര്‍ക്കും. അപ്പോഴെല്ലാം അസ്വസ്ഥയാവും. മക്കളെ എത്രയും വേഗം സ്‌കൂളില്‍ ചേര്‍ക്കാനുള്ള പ്രായത്തിലെത്തിക്കണേയെന്നു ദൈവത്തോടു പ്രാര്‍ഥിക്കും. ഓരോ ദിനവും ഫയലുകള്‍ക്കിടയിലൂടെ ഇങ്ങനെ കടന്നുപോവും.

 

ഇരുട്ടടിയായി മക്കളുടെ നേത്രരോഗം

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ റസിയാബിയെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള പ്രായമായി. അന്ന് വൈകിട്ട് ഓഫിസില്‍നിന്നെത്തിയപ്പോള്‍ ഉമ്മ പറഞ്ഞു:''മോളേ, മക്കള്‍ക്ക് ദൂരള്ളതൊന്നും കാണാന്‍ പറ്റണില്ലല്ലോ...''
പരിശോധിച്ചപ്പോള്‍ കുട്ടികളുടെ കാഴ്ചയ്ക്ക് എന്തോ തകരാറുള്ളതായി തോന്നി. പിറ്റേന്ന് ഉമ്മയോടൊപ്പം മക്കളെയും കൂട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലെ നേത്രവിഭാഗത്തിലെത്തി. പരിശോധനകളെല്ലാം കഴിഞ്ഞു. കണ്ണിലുറ്റിക്കാന്‍ ഡോക്ടര്‍ കുറിച്ച മരുന്നും വാങ്ങി വീട്ടിലേക്കു മടങ്ങി. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും ഡോക്ടറെ കാണാനെത്തി. വീണ്ടും മരുന്ന് കുറിച്ചെടുത്തു മടങ്ങി. ഏകദേശം ഏഴു വര്‍ഷത്തോളം പതിവ് തുടര്‍ന്നു.
ആയിടെയാണ് ഓഫിസിലെ സഹപ്രവര്‍ത്തകന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയെ കുറിച്ചു പറഞ്ഞത്. കണ്ണിന്റെ പ്രശ്‌നത്തിനു പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയില്‍ മക്കളെയും കൂട്ടി ലീവെടുത്ത് അങ്കമാലിയിലേക്ക് ബസ് കയറി. രണ്ടു ദിവസം അവിടെ പരിശോധനകള്‍ നടത്തി. പക്ഷെ ആശുപത്രിയിലെ ഡോക്ടര്‍ ടോണി ഫെര്‍ണാണ്ടസ് അവസാനം വിധിയെഴുതി. രണ്ടു പേര്‍ക്കും കണ്ണിലെ ഞരമ്പുമായി ബന്ധപ്പെട്ട അപൂര്‍വരോഗമായതിനാല്‍ കാഴ്ച തിരിച്ചുകിട്ടില്ല. ഇതു പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആകാംക്ഷയോടെ ഡോക്ടറോട് ചോദിച്ചു, കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ കാഴ്ച തിരിച്ചുകിട്ടുമോയെന്ന്. പക്ഷെ അതും സാധ്യമല്ലായെന്ന് ഡോക്ടറുടെ മറുപടി.
ഡോക്ടര്‍ ടോണി ഫെര്‍ണാണ്ടസിന്റെ വിധിയെഴുത്തിനുമുന്നില്‍ ആദ്യമൊന്നു പകച്ചെങ്കിലും പിന്നോട്ടു പോയില്ല. കാഴ്ചയില്ലാത്ത രണ്ടു മക്കളെയും കൊളത്തറ അന്ധവിദ്യാലയത്തില്‍ ചേര്‍ത്തു. രാവിലെ ജോലിക്കു പോവുന്നതിനുമുന്‍പ് മക്കളെ കുളിപ്പിച്ച് യൂനിഫോമിടീച്ച് കൈയും പിടിച്ച് സ്‌കൂളില്‍ കൊണ്ടാക്കും. വൈകിട്ട് ഉമ്മ വരുന്നതുവരെ ഇരുവരും സ്‌കൂളില്‍ കാത്തിരിക്കും. ഓഫിസിലെ ജോലിത്തിരക്കു കഴിഞ്ഞു മക്കളെയും കൂട്ടി വീണ്ടും വീട്ടിലേക്ക്. അവധി ദിനങ്ങളൊഴികെ സുബൈദയുടെ ഒരു ദിനം ഇങ്ങനെയാണ്.

 

പരിഹാസങ്ങള്‍ക്കു മറുപടി

മക്കളെ സ്‌കൂളിലേക്കു കൊണ്ടുപോവുമ്പോഴും, അവര്‍ക്കു വായിച്ചുകേള്‍പ്പിക്കുമ്പോഴും അയല്‍ക്കാരും നാട്ടുകാരും ബന്ധുക്കളും ചോദിക്കും നിനക്കു വേറെ പണിയില്ലേയെന്ന്. ചിലര്‍ ചോദിക്കും കണ്ണു കാണാത്ത കുട്ടികളെ കഷ്ടപ്പെട്ടു പഠിപ്പിച്ചിട്ടെന്താണു കിട്ടാനെന്ന്. ഏതെങ്കിലും യതീംഖാനയില്‍ കൊണ്ടാക്കിയാല്‍ പോരേയെന്നു മറ്റുചിലര്‍. എന്നാല്‍, പരിഹാസങ്ങളും വിമര്‍ശനങ്ങളും ചെവിക്കൊള്ളാതെ കുട്ടികളെ സ്‌കൂളില്‍ പഠിപ്പിച്ചു. അവര്‍ പഠിക്കാന്‍ മിടുക്കരായിരുന്നു.
സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കൊക്കെ അവരെ പഠിപ്പിച്ചു തന്നെ ഉത്തരം പറയാന്‍ ഉറച്ചായിരുന്നു സുബൈദ. ഈ വാശി രക്തത്തിലലിഞ്ഞു. എല്‍.പിയും യു.പിയും കൊളത്തറ വികലാംഗ വിദ്യാലയത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. പിന്നെ പ്രീഡിഗ്രിയും ഡിഗ്രിയും ഫാറൂഖ് കോളജില്‍. എല്ലാ പരീക്ഷയിലും ഫസ്റ്റ് ക്ലാസോടെ ഇരുവരും പാസായി.

പഠനത്തിന്റെ ഓരോ ഘട്ടവും കഴിയുന്തോറും സുബൈദയ്ക്കു മക്കളില്‍ പ്രതീക്ഷയേറി വന്നു. ഇന്നല്ലെങ്കില്‍ നാളെ അവര്‍ സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവര്‍. അങ്ങനെ ഡിഗ്രിയില്‍ ഫസ്റ്റ് ക്ലാസോടെ പാസായ മകള്‍ റസിയാബിക്ക് 24-ാം വയസില്‍ കൊളത്തറ വികലാംഗ വിദ്യാലയത്തിലും, ഡിഗ്രി കഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം പി.എസ്.സിയിലൂടെ മകന്‍ മുസ്തഫയ്ക്ക് കോഴിക്കോട് മീഞ്ചന്ത ഗവ. ജി.വി.എച്ച്.എസ്.എസിലും അധ്യാപകരായി നിയമനം ലഭിച്ചു. ഇതോടെ സുബൈദയുടെ കാത്തിരിപ്പിനു വിരാമമായി. ചുറ്റുംനിന്നുള്ള പരിഹാസങ്ങളുടെയും ചോദ്യങ്ങളുടെയും കൂമ്പടഞ്ഞു, അതോടെ.

 

മുസ്തഫ മാഷും റസിയ ടീച്ചറും

മുന്നില്‍ നിരന്നിരിക്കുന്ന വിദ്യാര്‍ഥികളെ ഒരുനോക്കു കാണാന്‍ കഴിയില്ലെങ്കിലും അവരുടെ ഉള്ളിലെ ഇരുട്ടകറ്റി അറിവിന്റെ വെളിച്ചം വിതറുകയാണിപ്പോള്‍ മുസ്തഫ മാഷും സഹോദരി റസിയാബി ടീച്ചറും.
കൊളത്തറ സ്‌കൂളിലെ കുട്ടികള്‍ക്കെല്ലാം റസിയാബി പ്രിയപ്പെട്ട റസിയ ടീച്ചറാണ്. കണക്കിലെ കളികളും ശാസ്ത്രത്തിലെ പരീക്ഷണകഥകളും ഇംഗ്ലീഷും മലയാള സാഹിത്യവുമെല്ലാം റസിയ ടീച്ചര്‍ക്കു വഴങ്ങും. കാഴ്ചയില്ലാത്ത, സ്‌കൂളില്‍ പോയി പഠിക്കാന്‍ പ്രയാസപ്പെടുന്ന കുട്ടികളെ വീടുകളിലെത്തി പഠിപ്പിക്കാനും ടീച്ചര്‍ സമയം കണ്ടെത്തുന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ പ്രഭാഷകനുമായിരുന്ന അന്തരിച്ച നവാസ് നിസാര്‍ ഉള്‍പ്പെടെ റസിയയുടെ ആയിരത്തിലധികം ശിഷ്യന്മാര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തി.
1999ലാണ് വടകര സ്വദേശി ഖാദര്‍ റസിയാബിയുടെ ജീവിതത്തിലേക്കു കടന്നുവന്നത്. മുഹമ്മദ് ബാസിം, മുഹമ്മദ് അഷീഫ്, ആയിഷ ഫര്‍ഹ എന്നിങ്ങനെ മൂന്നു മക്കളും ഇപ്പോള്‍ ഈ ദമ്പതികള്‍ക്കുണ്ട്.

 

'ഇമ്മിണി നല്ലൊരാള്‍'

2012ല്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ മികച്ച വികലാംഗ അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയപ്പോള്‍ കോഴിക്കോട് മീഞ്ചന്ത ഗവ. എച്ച്.എസ്.എസിലെ മാഗസിനില്‍ മുസ്തഫ മാഷിനെ കുറിച്ച് സ്‌കൂളിലെ മുഹമ്മദ് അസ്‌ലം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. അതെ, ക്ലാസിലും ക്ലാസിനു പുറത്ത് പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ ശ്രദ്ധചെലുത്തുന്ന മുസ്തഫ കുട്ടികള്‍ക്കെന്നും പ്രിയപ്പെട്ട നല്ല മാഷായിരുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ സാമൂഹ്യ ശാസ്ത്രാധ്യാപകനായ മുസ്തഫ പഠിപ്പിച്ചുതുടങ്ങുമ്പോള്‍ കാഴ്ചയില്ലാത്ത അധ്യാപകന്റെ ക്ലാസ് മുറിയിലാണ് ഇരിക്കുന്നതെന്നു തോന്നാറില്ലെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. ലൂയിസ് ബ്രെയില്‍ വികസിപ്പിച്ച ബ്രെയില്‍ ലിപിയില്‍ തയാറാക്കിയ പ്രത്യേക പുസ്തകങ്ങളുടെയും ഗ്ലോബ്, ഭൂപടങ്ങള്‍, ടോകിങ് സോഫ്റ്റ്‌വെയര്‍, ലാപ്‌ടോപ് എന്നിവയുടെയും സഹായത്തോടെയാണ് മുസ്തഫ ക്ലാസെടുക്കുന്നത്. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ വേണ്ടി മാത്രമാണ് മുസ്തഫ പരസഹായം തേടാറുള്ളത്. സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ മുസ്തഫയുടെ മേല്‍നോട്ടത്തില്‍ ദിനേന നിരവധി പരിപാടികളാണു നടക്കുന്നത്.
''മാഷെ, ഞാന്‍ ഹോംവര്‍ക് ചെയ്തില്ല. ഇന്നലെ മഴ പെയ്തപ്പോ വീട് ചോര്‍ന്നു. പുസ്തകങ്ങളെല്ലാം നനഞ്ഞു. അതു പിന്നേം മാറ്റിയെഴുതണം. മാഷൊന്ന് എന്റെ വീട് തൊട്ടുകാണണം''-പത്താം ക്ലാസില്‍ പഠിക്കുന്ന അമൃത കൃഷ്ണ ഒരു ദിവസം ക്ലാസില്‍ ഇങ്ങനെ വന്നുപറഞ്ഞപ്പോള്‍ മുസ്തഫയുടെ മനസ് പിടഞ്ഞു. പിറ്റേന്ന് തന്നെ അമൃതയുടെ വീട്ടിലെത്തി. ഫ്‌ളക്‌സ് ഷീറ്റ് കൊണ്ടു മൂടിയ ചെറിയ വീട്. അന്നു മുതല്‍ അവള്‍ക്കൊരു വീട് നിര്‍മിക്കാനുള്ള ഓട്ടത്തിലാണ്. വീടിന്റെ പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. പിതാക്കന്മാര്‍ മരണപ്പെട്ടതും നിര്‍ധനരുമായ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച 'കനിവ് ' പദ്ധതിയില്‍ ഉള്‍പെടുത്തിയാണു വീടിന്റെ പ്രവൃത്തികള്‍ നടക്കുന്നത്. വര്‍ഷങ്ങളായി ഈ പദ്ധതിയുടെ കോഡിനേറ്ററാണ് മുസ്തഫ. സൗജന്യമായി പഠനോപകരണങ്ങള്‍ക്കും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ട ചെലവ് സുമനസുകളെ തേടിപ്പിടിച്ചു കണ്ടെത്തുകയാണു ചെയ്യുന്നത്. കുട്ടിയുടെയും മാതാവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ മാസംതോറും 1,500 രൂപയാണു പദ്ധതിവഴി എത്തിക്കുന്നത്.
ഇവ കൂടാതെ കുട്ടികളെ കൈത്തൊഴില്‍ പഠിപ്പിക്കുന്ന പദ്ധതിയും മുസ്തഫയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. ഓസോണ്‍ എന്ന ബ്രാന്‍ഡിലിറക്കുന്ന കുടയും എപ്ലസ് എന്ന പേരിലുള്ള ഫിനോയിലും ഇന്നു വിപണിയില്‍ കിട്ടുന്ന ഉല്‍പന്നങ്ങളാണ്. ബ്രെയില്‍ ലിറ്ററസി പ്രോഗ്രാം, ബ്രെയില്‍ ലിപിയിലുള്ള പഠനോപകരണ നിര്‍മാണം എന്നിവയ്ക്കും മുസ്തഫ നേതൃത്വം നല്‍കുന്നു. ഖുര്‍ആന്‍, ഖുര്‍ആന്റെ മലയാളം പരിഭാഷ, വൈക്കം മുഹമ്മദ് ബഷീറിന്റെ 'വിശപ്പ് ', 'ചെവിയോര്‍ക്കുക! അന്തിമകാഹളം!' എന്നീ കൃതികള്‍ എന്നിവ ബ്രെയില്‍ ലിപിയിലേക്കു മാറ്റിയിട്ടുണ്ട്. 'ആനവാരിയും പൊന്‍കുരിശും' എന്ന നോവല്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റുന്ന തിരക്കിലാണിപ്പോള്‍. അന്ധരെ പരസഹായം കൂടാതെ നടക്കാന്‍ സഹായിക്കുന്ന വൈറ്റ് കെയിന്‍ അസംബ്ലിങ് യൂനിറ്റ് വീട്ടില്‍ നടത്തുന്നുണ്ട്.
സഹോദരി റസിയാബിക്കൊപ്പം അന്ധരെ വീടുകളില്‍ ചെന്നു പഠിപ്പിക്കുന്ന പദ്ധതി, അന്ധര്‍ക്കുള്ള പരിശീലനം, ബോധവല്‍ക്കരണം, കാഴ്ചയില്ലാത്തവരുടെ വിവാഹം തുടങ്ങി ക്ലാസ്മുറികള്‍ക്കു പുറത്തേക്കു വ്യാപിച്ചതാണ് മുസ്തഫയുടെ ലോകം. കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി നല്ലളം തോട്ടുങ്കല്‍ മഹല്ലിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു. അസ്സബാഹ് സൊസൈറ്റി ഫോര്‍ ബ്ലൈന്‍ഡിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. മനോരമ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് (2014), ബാഫഖി തങ്ങള്‍ സേവാ പുരസ്‌കാരം (2014) എന്നിവ മുസ്തഫയെ തേടിയെത്തിയ നേട്ടങ്ങളാണ്. മുസ്തഫയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പെരുവണ്ണാമൂഴി സ്വദേശി സുഹറ ജീവിതത്തിലേക്കു കടന്നുവന്നത്. ഭാര്യയ്ക്കു പുറമെ മക്കളായ മുഹമ്മദ് അസ്‌ലം, മുഹമ്മദ് അദീബ്, മുഹമ്മദ് ആരിഫ് എന്നിവരും ഓരോ ചുവടുവയ്പ്പിലും കൂട്ടായുണ്ട്.


റസിയാബിയും മുസ്തഫയും അധ്യാപകരായതിന്റെ ഇരുപതാം വര്‍ഷം കൂടിയാണിത്. സുബൈദ ഇപ്പോള്‍ അനുഭവിക്കുന്ന അനുഭൂതി പറഞ്ഞയറിയിക്കാനാകാത്തതാണ്.
''ഞാനും മക്കളും ഇന്ന് ഒറ്റക്കല്ല. അന്ന് ചോദിച്ചവരെല്ലാം ഇന്ന് ഞങ്ങളെ അംഗീകരിച്ചു. അവര്‍ക്കു ജോലി ലഭിച്ചതോടെ എല്ലാവര്‍ക്കിടയിലും വലിയ സ്വീകാര്യത കിട്ടി. ഇപ്പോള്‍ ഞങ്ങളുടെ അഭിപ്രായത്തിനു സമൂഹം വിലകല്‍പിക്കുന്നുണ്ട്. ഞാന്‍ കെ.എസ്.ഇ.ബിയില്‍നിന്നു വിരമിച്ചിട്ട് പത്തുവര്‍ഷമായി. രണ്ടു നിലയുള്ള വീടും ഒരു ചെറിയ കാറും എന്റെ സ്വപ്നമായിരുന്നു. അതെല്ലാം ഇന്നു സഫലമായി. ബാധ്യതകളുടെ കെട്ടഴിഞ്ഞപ്പോള്‍ എല്ലാം തന്ന ദൈവത്തിനു നന്ദിയുമായി 2006ല്‍ ഹജ്ജിനും പോയി''
സുബൈദ പറഞ്ഞുനിര്‍ത്തി.
കാഴ്ചയില്ലാത്ത മക്കളെ എല്ലാ രക്ഷിതാക്കളും നന്നായി പഠിപ്പിക്കണം. അവര്‍ക്കിന്നു നല്ല സാധ്യതകളുണ്ട്. അവയെല്ലാം ഉപയോഗപ്പെടുത്തണം. അന്ധവിദ്യാര്‍ഥികളോട് സമൂഹത്തിന്റെ മനോഭാവം മാറണം. സമൂഹം അതു മാറ്റണം. ഇത്ര മാത്രമാണ് സുബൈദയ്ക്കിപ്പോള്‍ പറയാനുള്ളത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago