ചികിത്സയുടെ ചരിത്രം
ഗ്രീക്കുകാരുടെ
ആശുപത്രി
എസ്‌കുലാപ്പിയസ് ദേവന്റെ ക്ഷേത്രങ്ങളാണ് പൗരാണിക ഗ്രീസിലെ ആശുപത്രികള്‍.
എസ്‌ക്ലേപ്പിയ എന്നറിയപ്പെട്ടിരുന്ന ഇത്തരം ക്ഷേത്രങ്ങളില്‍ ചികിത്സയല്ലാതെ മതപരമായ മറ്റ് ആരാധനാ കര്‍മങ്ങളൊന്നും നടന്നിരുന്നില്ല. ആദ്യ കാലത്തെ മെഡിക്കല്‍ കോളജും എസ്‌ക്ലേപ്പിയകളായിരുന്നു.
എസ്‌കുലാപ്പിയസ് ദേവന് രോഗം ചികിത്സിച്ച് മാറ്റാന്‍ അത്ഭുതകരമായ കഴിവുണ്ടെന്ന് ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. എസ്‌കുലാപ്പിയസ് ദേവന്‍ കൊണ്ടു നടന്നിരുന്ന വടിയുടെ അറ്റത്തായി രണ്ടു പാമ്പുകള്‍ ചുറ്റിപ്പിടിച്ച ചിത്രം കൊത്തിവച്ചിരുന്നു.
ശരീരഘടന പഠിക്കാന്‍
കൊലപാതകം!
തൂക്കിലേറ്റപ്പെടുന്ന കുറ്റവാളികളുടെ ശരീരം മാത്രമായിരുന്നു ഒരു കാലത്ത് വൈദ്യ ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കീറി മുറിക്കാന്‍ ലഭിച്ചിരുന്നത്. ശരീര ഘടന പഠിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ മൃതദേഹം ആവശ്യത്തിന് ലഭ്യമല്ലാതെയായി. ഇതോടെ കല്ലറകളില്‍നിന്നു മൃതശരീരം മോഷ്ടിക്കുന്ന കള്ളന്മാരും ആളെക്കൊന്ന് മെഡിക്കല്‍ കോളജില്‍ വില്‍ക്കുന്ന കൊലയാളികളും രംഗത്തുവന്നു. അജ്ഞാത മൃതദേഹങ്ങള്‍ വൈദ്യശാസ്ത്ര പഠനത്തിന് ഉപയോഗിക്കാമെന്നു നിയമം വന്നതോടെ ഈ സ്ഥിതിക്കു മാറ്റംവന്നു.
രോഗാണുക്കളും സെമ്മല്‍വീല്‍സും
ആദ്യ കാലത്ത് ആശുപത്രിയിലെത്തിയിരുന്നവരില്‍ പലര്‍ക്കും മാരകമായ മറ്റൊരു രോഗം ആശുപത്രിയില്‍നിന്നു പകര്‍ന്ന് കിട്ടുകയും അതുവഴി രോഗി മരണപ്പെടുകയും ചെയ്തിരുന്നു. സൂക്ഷ്മാണുക്കളെക്കുറിച്ച് വൈദ്യ ശാസ്ത്രത്തിന് അറിവില്ലാതിരുന്ന കാലത്താണ് ഈ സംഭവമുണ്ടായിരുന്നത്. രോഗിയെ ചികിത്സിക്കുന്ന ഡോക്ടറും ചികിത്സാ ഉപകരണങ്ങളുമൊക്കെ ഇങ്ങനെ രോഗാണുവാഹകരായി മാറി. 1846 ല്‍ വിയന്നയിലെ ജനറല്‍ ആശുപത്രിയിലെത്തിയ സെമ്മര്‍ വീല്‍സ് എന്ന ഹംഗറിക്കാരനായ ഡോക്ടര്‍ ഈ രോഗാണുബാധയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. വൈകാതെ ഇദ്ദേഹം സൂക്ഷ്മാണുക്കളെ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. വിചിത്രമെന്ന് പറയട്ടെ സൂക്ഷ്മാണുക്കളെക്കുറിച്ച് ലോകത്തെയറിയിച്ച സെമ്മര്‍ വീല്‍സ് മരിച്ചതും അണുബാധയേറ്റാണ്.
ഹോമിയോപ്പതി
ജര്‍മന്‍ ഭിഷഗ്വരന്‍ സാമുവല്‍ ഹനിമാനാണ് ഹോമിയോപ്പതി ചികിത്സാസമ്പ്രദായം രൂപപ്പെടുത്തിയത്. ജര്‍മനി, ഇന്ത്യ, ബ്രിട്ടണ്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളിലാണ് ഹോമിയോപ്പതി പ്രചാരത്തിലുള്ളത്. ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ഔദ്യോഗിക ചികിത്സാ രീതിയാണിത്. വിവിധ സസ്യജൈവവസ്തുക്കളും മൂലകങ്ങളും പരമാവധി നേര്‍പ്പിച്ചാണ് ഹോമിയോപ്പതിയില്‍ ഔഷധങ്ങള്‍ നിര്‍മിക്കുന്നത്. ഈ നേര്‍പ്പിക്കല്‍ രീതിക്ക് വിവിധ തരത്തിലുള്ള വിമര്‍ശനങ്ങളുണ്ട്. നേര്‍പ്പിക്കും തോറും വീര്യം കൂടുമെന്ന സിദ്ധാന്തം ആധുനിക ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കെതിരാണെന്നതാണ് അതിലൊന്ന്. സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്ന സിദ്ധാന്തവും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുണ്ട്. രോഗത്തിനല്ല രോഗിയെയാണ് ഹോമിയോപ്പതിയില്‍ ചികിത്സിക്കുന്നത്.
ഡോക്ടറും ഡോക്ടറേറ്റും
ഒരു കാലത്ത് രോഗം ചികിത്സിക്കുന്നവരെ അപ്പോത്തിക്കിരി എന്നു വിളിച്ചിരുന്നു. മരുന്നുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയുമായിരുന്നു അപ്പോത്തിക്കിരികളുടെ ആദ്യ കാലത്തെ ജോലി.
മരുന്നുകള്‍ നിര്‍മിച്ചവര്‍ രോഗം ചികിത്സിക്കാനും തുടങ്ങിയതോടെ രോഗം ചികിത്സിക്കുന്ന എല്ലാവരേയും അപ്പോത്തിക്കിരികള്‍ എന്നു വിളിച്ചുതുടങ്ങി. സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടം എന്നര്‍ഥം വരുന്ന അപ്പോത്തിക്കെ എന്ന വാക്കില്‍നിന്നാണ് അപ്പോത്തിക്കിരിയുടെ വരവ്. പഠിപ്പിക്കുക എന്നര്‍ഥം വരുന്ന ഡോസിയോ, ഡോക്ടസ് എന്നീ വാക്കുകളില്‍ നിന്നാണ് ഡോക്ടര്‍ എന്ന പദത്തിന്റെ ഉല്‍പ്പത്തി.
വിവിധ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നയാളാണ് ഒരു കാലത്ത് ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്നത്. വൈദ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ഡോക്ടര്‍മാര്‍ ചികിത്സ നടത്താനും തുടങ്ങിയതോടെ രോഗം ചികിത്സിക്കുന്നവരെല്ലാം ഡോക്ടര്‍മാരായി.
വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തി വിജയിക്കുന്നവര്‍ക്ക് യൂനിവേഴ്‌സിറ്റികള്‍ നല്‍കുന്ന പദവിയാണ് പിഎച്ച്.ഡി (ഡോക്ടര്‍ ഓഫ് ഫിലോസഫി).ഏതെങ്കിലും മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് യൂനിവേഴ്‌സിറ്റികള്‍ നേരിട്ട് ഡോക്ടറേറ്റ് ബഹുമതി നല്‍കുന്ന പതിവുമുണ്ട്.
ഹിപ്പോക്രാറ്റിസ്
ഗ്രീസില്‍ ക്ഷേത്രങ്ങളിലായിരുന്നു ചികിത്സ നടത്തിയിരുന്നതെന്ന് പറഞ്ഞല്ലോ.ഈ രീതിയില്‍നിന്ന് ഒരു മാറ്റം ആഗ്രഹിച്ച് അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഹിപ്പോക്രാറ്റിസ്. ഏഥന്‍സില്‍ പോയി വൈദ്യശാസ്ത്രം പഠിച്ച ഹിപ്പോക്രാറ്റിസ് ഗ്രീസിലുടനീളം സഞ്ചരിച്ച് ചികിത്സ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."