മത്സ്യലഭ്യതയില്‍ നേരിയ വര്‍ധന; മത്തിയില്‍ വീണ്ടും ഇടിവ്
കൊച്ചി: രാജ്യത്തെ സമുദ്ര മത്സ്യ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൊത്തം 6.6 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍നിന്ന് ലഭിച്ച മീനുകളുടെ അളവില്‍ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ലെ സമുദ്ര മത്സ്യ ലഭ്യതയെ കുറിച്ച് കൊച്ചി ആസ്ഥാനമായി തയാറാക്കിയ വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ രാജ്യത്ത് മൊത്തമായും കേരളത്തില്‍ പ്രത്യേകിച്ചും മത്തിയുടെ ലഭ്യതയില്‍ വീണ്ടും കുറവ് കണ്ടെത്തി. റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് മത്തി കൂടാതെ അയലയുടെ ലഭ്യതയിലും കുറവുണ്ടായതായി ബോധ്യമായിട്ടുണ്ട്. 1998ന് ശേഷം കേരളത്തില്‍ മത്തി ഇത്രയും കുറയുന്നത് ആദ്യമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 32.8 ശതമാനം കുറഞ്ഞു. 45,958 ടണ്‍ മത്തിയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലഭിച്ചത്. 2015ല്‍ ഇത് 68,431 ആയിരുന്നു. 2012 ല്‍ 3.9 ലക്ഷം ടണ്‍ മത്തി കേരള തീരങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷം ഓരോ വര്‍ഷവും മത്തിയുടെ ലഭ്യത കുറഞ്ഞുവരികയാണ്.
കഴിഞ്ഞ വര്‍ഷം മാത്രം മത്തിയുടെ കുറവ് മൂലം 1,300 കോടി നഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. മാത്രമല്ല, 2015നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അയലയുടെ ലഭ്യതയില്‍ 33 ശതമാനം കുറവുണ്ടായതായി സി.എം.എഫ്.ആര്‍.ഐയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 47,253 ടണ്‍ അയലയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലഭിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ചത് തിരിയാന്‍ മത്സ്യമാണ്. ഇത് കൂടുതലും വളം, കാലിത്തീറ്റ എന്നി ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്. രണ്ടാം സ്ഥാനത്ത് അയലയാണ്. മത്തിയും അയലയും കഴിഞ്ഞാല്‍ സാധാരണയായി കൂടുതല്‍ കാണപ്പെടുന്ന കിളിമീനിന്റെ ലഭ്യതയിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്.
മത്സ്യ ലഭ്യതയില്‍ കേരളം ആദ്യമായാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2013മുതല്‍ കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഗുജറാത്ത് തന്നെയാണ് തുടര്‍ച്ചയായി നാലാം വര്‍ഷവും ഒന്നാം സ്ഥാനത്തുള്ളത് (7.74 ലക്ഷം ടണ്‍). തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എന്നാല്‍, കേരളത്തിന്റെ മത്സ്യ ലഭ്യതയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 5.23 ലക്ഷം ടണ്‍ മത്സ്യമാണ് 2016ല്‍ കേരള തീരത്ത് നിന്ന്് ലഭിച്ചത്. 2015ല്‍ ഇത് 4.82 ലക്ഷം ടണ്‍ ആയിരുന്നു. ഇതര മത്തി വര്‍ഗങ്ങള്‍, തിരിയാന്‍, പെര്‍ച്ച് മത്സ്യങ്ങള്‍ എന്നിവയിലുണ്ടായ വര്‍ധനവാണ് കേരളത്തിന്റെ മൊത്ത മത്സ്യ ലഭ്യതയില്‍ ചെറിയ വര്‍ധനവിന് കാരണമായത്. സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍, ഡോ. ടി.വി സത്യാനന്ദന്‍, ഡോ. സുനില്‍ മുഹമ്മദ്, ഡോ. ജി. മഹേശ്വരുഡു, ഡോ. പ്രതിഭാ രോഹിത്, ഡോ. പി.യു സക്കറിയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."